ചിങ്ങമെത്തി; തോവാള സജീവമായി

Posted on: 19 Aug 2015നാഗര്‍കോവില്‍: തിരുവനന്തപുരം നഗരത്തിലെ വിദ്യാര്‍ഥികളും നാട്ടിന്‍പുറത്തെ കലാ-കായിക സംഘടനകളുടെ ഭാരവാഹികളും ചിങ്ങപ്പുലരിയില്‍ തോവളയിലായിരുന്നു. നാട്ടില്‍ അത്തപ്പൂക്കളം തയ്യാറാക്കാന്‍ പൂക്കള്‍ വാങ്ങാനാണ് ഇവര്‍ തോവാളയിലെത്തിയത്.
ചിങ്ങപ്പുരയില്‍ ഇവിടെ പൂവിനായെത്തിയവരില്‍ പകുതിയും മലയാളികളായിരുന്നു. ഓണവും അത്തപ്പൂക്കളവും മാത്രമല്ല ആഘോഷങ്ങള്‍ വര്‍ണ്ണാഭമാക്കാന്‍ മലയാളികള്‍ക്ക് തോവാളപ്പൂക്കള്‍ വേണം. അതുകൊണ്ടുതന്നെ മലയാളികളുടെ വരവിനനുസരിച്ച് പൂക്കളുടെ വിലയും മാറും. ചിങ്ങപ്പുലരിയില്‍ പൂവിന് ആവശ്യക്കാര്‍ അധികമായിരുന്നുവെങ്കിലും പൂക്കള്‍ക്ക് ക്ഷാമമുണ്ടായില്ല.
പതിവായി എത്താറുള്ള മലയാളികള്‍ വ്യാപാരികളോട് വിലപേശിയാണ് പൂക്കള്‍ വാങ്ങുന്നത്. എന്നാല്‍ നിശ്ചിത വിലയ്ക്കാണ് വ്യാപാരികള്‍ കച്ചവടം നടത്തുന്നത്. വാടാമല്ലി കിലോയ്ക്ക് 60ഉം ജമന്തി 150ഉം കേന്തി(മഞ്ഞ ജമന്തി) 40ഉം അരളി 60ഉം റോസ് 120ഉം തെറ്റി 120ഉം ആണ് തിങ്കളാഴ്ച ഇവിടെ വില. താമരയ്ക്ക് രണ്ട് രൂപയായിരുന്നു വില. ഞായറാഴ്ച ആടി പൂരം ആയതിനാല്‍ വില അല്പം കൂടുതലായിരുന്നു. പിച്ചിയും മുല്ലയും എത്തുമ്പോള്‍ 9 മണി കഴിയും. പൂക്കള്‍ വാങ്ങാന്‍ എത്തിയവര്‍ അതിന് മുമ്പുതന്നെ പൂക്കള്‍ വാങ്ങി തിരികെപ്പോകും.
പൂച്ചന്ത തീരുമാനിക്കുന്നത് വ്യാപാരികളാണ്. തോവാളയില്‍ വ്യാപാരിസംഘടനയുണ്ട്. ഓരോ ദിവസത്തെ ആവശ്യക്കാരുടെ കണക്കനുസരിച്ച് ഇവര്‍ വില നിശ്ചയിക്കും. പൂവിന്റെ വരവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലനുസരിച്ചും വില നിശ്ചയിക്കും. ബാംഗ്ലൂര്‍, ഒസൂര്‍, നിലക്കോട്ട ഭാഗങ്ങളില്‍നിന്ന് നേരിട്ട് കേരളത്തിലേക്ക് പൂക്കള്‍ എത്തിക്കുന്നുണ്ടെങ്കിലും തോവാളയില്‍ ലഭിക്കുന്ന വിലയ്ക്ക് തിരുവനന്തപുരത്ത് ലഭിക്കില്ല. ഇതുകൊണ്ടുതന്നെ തോവാളയില്‍ ആവശ്യക്കാര്‍ക്ക് കുറവുണ്ടാകുന്നില്ല. പിച്ചി, മുല്ല തുടങ്ങിയ പൂക്കള്‍, തോവാള, ആരല്‍വായ്‌മൊഴി, ഊരല്‍വായ്‌മൊഴി ഭാഗങ്ങളില്‍നിന്ന് കര്‍ഷകര്‍ മാര്‍ക്കറ്റില്‍ നേരിട്ടെത്തിക്കുമെങ്കിലും വില തീരുമാനിക്കുന്നത് വ്യാപാരികള്‍തന്നെയാണ്.
തോവാള മാര്‍ക്കിറ്റിലെ വ്യാപാരികള്‍ ചിങ്ങമാസത്തെ പ്രതീക്ഷയോടെയാണ് കാണുന്നത്. തോവാളയില്‍ 40ഓളം വ്യാപാരികളുണ്ട്. ചിങ്ങമാസത്തില്‍ പൂവിന് വില ഉയരും. കല്യാണസീസനും ഓണവും വിനായകചതുര്‍ഥി പോലുള്ള വിശേഷങ്ങളും ഒന്നിച്ചുവരുന്നതിനാല്‍ ആവശ്യക്കാര്‍ കൂടും. ആദ്യംതന്നെ അത്തമെത്തുന്നത് ഇവര്‍ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു.

More Citizen News - Thiruvananthapuram