കാഴ്ചയുടെ പൂരമൊരുക്കി വര്‍ക്കലയില്‍ അത്യാധുനിക അക്വേറിയം വരുന്നു

Posted on: 19 Aug 2015വര്‍ക്കല: മത്സ്യലോകത്തിന്റെ പുത്തന്‍കാഴ്ചകളുടെ പൂരമൊരുക്കാന്‍ വര്‍ക്കലയില്‍ അത്യാധുനിക അക്വേറിയം വരുന്നു. നാല് നിലകളില്‍ ഒരുങ്ങുന്ന വമ്പന്‍ അക്വേറിയം സപ്തംബറില്‍ കാണികള്‍ക്കായി തുറന്നുകൊടുക്കും. തിരുവമ്പാടി ബീച്ചിന് സമീപം ചെമ്മീന്‍ ഹാച്ചറി വളപ്പിലാണ് സ്‌പൈറല്‍ രൂപത്തില്‍ അക്വേറിയം ഉയരുന്നത്.
കടലിലും ശുദ്ധജലത്തിലും വസിക്കുന്ന സ്വദേശിയും വിദേശിയുമായ അപൂര്‍വ മത്സ്യങ്ങളുടെയും ജീവികളുടെയും കാഴ്ചകള്‍ ഇനി വര്‍ക്കലയിലെത്തി ആസ്വദിക്കാനാകും.
അക്വേറിയത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തുള്ള സെന്‍ട്രല്‍ പൂള്‍ നവ്യാനുഭവമാകും. നല്ല വിസ്തൃതിയിലുള്ള പൂളില്‍ വലിയ മത്സ്യങ്ങളെയാണ് കാണാനാകുക. നാല് നിലകളിലായി എട്ടടി നീളവും ആറടി വീതിയുമുള്ള 70 ഓളം ഗ്ലാസ്ടാങ്കുകള്‍ ഉണ്ടാകും. ഓരോ നിലയും ചുറ്റിക്കയറുമ്പോള്‍ നിരനിരയായുള്ള ടാങ്കുകള്‍ മത്സ്യക്കാഴ്ചകളൊരുക്കും. രണ്ടാം നിലയില്‍ സിലിന്‍ഡ്രിക്കല്‍ അക്വേറിയവും പ്ലാസ്മ അക്വേറിയവുമാണ്. മൂന്നാംനിലയിലാണ് കുട്ടികളെ ഏറ്റവും ആകര്‍ഷിക്കുന്ന രീതിയിലുള്ള ടച്ച് പൂള്‍. കുട്ടികള്‍ക്ക് മത്സ്യങ്ങളെ കൈകൊണ്ട് തൊട്ടറിയാവുന്ന വിധമാണ് പൂള്‍ ക്രമീകരിച്ചിട്ടുള്ളത്. നാലാം നിലയില്‍ ഹാങ്ങിങ് അക്വേറിയങ്ങളാണ് സജ്ജീകരിക്കുന്നത്. രണ്ടാം ഘട്ടമായി മുകളിലെ നിലയില്‍ റസ്റ്റാറന്റും ആരംഭിക്കും. അനുബന്ധ കെട്ടിടത്തില്‍ അലങ്കാരമത്സ്യങ്ങളെക്കുറിച്ച് അറിവുനല്‍കുന്ന ത്രീഡി തിേയറ്ററും വിജ്ഞാനകേന്ദ്രവുമുണ്ടാകും.
ഡാംസെല്‍സ്, ബട്ടര്‍ഫ്‌ളൈ, സര്‍ജന്റ്, റാബിറ്റ്, പഫര്‍, അനിമോണ്‍, ഏയ്ഞ്ചല്‍സ്, ലോഫ്റ്റര്‍, ഈല്‍, അരോന, അരോപാമ തുടങ്ങിയ മത്സ്യങ്ങളെല്ലാം എത്തുന്നുണ്ട്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള ആമ, തവള, കൊഞ്ച്, തിരച്ചി എന്നിവയും പുതിയ കാഴ്ചകളാകും. അലങ്കാരമത്സ്യങ്ങളുടെ വലിയ ശേഖരം ഇവിടെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള ഏജന്‍സി ഫോര്‍ ഡവലപ്‌മെന്റ് അക്വാകള്‍ച്ചര്‍ കേരളയുടെ(അഡാക്) നേതൃത്വത്തിലാണ് അക്വേറിയം നിര്‍മ്മിക്കുന്നത്. കോസ്റ്റ്‌ഫോര്‍ഡിനാണ് കെട്ടിട നിര്‍മ്മാണച്ചുമതല. മൂന്നരക്കോടിയാണ് നിര്‍മ്മാണച്ചെലവ്. പ്രകൃതിക്ക് യോജിച്ച സാമഗ്രികളുപയോഗിച്ചാണ് നിര്‍മ്മാണം നടത്തിയിട്ടുള്ളത്. തീരഭംഗിയും ഇതിനുള്ളില്‍ നിന്ന് ആസ്വദിക്കാനാകും. കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയായതായും ടാങ്ക് സ്ഥാപിക്കുന്ന ജോലിയാണ് അവശേഷിക്കുന്നതെന്നും ചെമ്മീന്‍ ഹാച്ചറി മാനേജര്‍ ഇ.മുജീബ് പറഞ്ഞു. ഒന്നര വര്‍ഷം മുമ്പാണ് നിര്‍മ്മാണം ആരംഭിച്ചത്. അക്വേറിയം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ വര്‍ക്കലയുടെ ടൂറിസത്തിനും മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


08


വര്‍ക്കല തിരുവമ്പാടി ബീച്ചിന് സമീപം പണി പൂര്‍ത്തിയായ അക്വേറിയം കെട്ടിടം

More Citizen News - Thiruvananthapuram