ചിറയിന്‍കീഴില്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പിനായി യാത്രക്കാരുടെ സംഘടന സുപ്രിംകോടതിയിലേക്ക്‌

Posted on: 18 Aug 2015ചിറയിന്‍കീഴ്: റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ചിറയിന്‍കീഴില്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. അടിസ്ഥാനസൗകര്യ വികസനത്തില്‍ ചിറയിന്‍കീഴിനെ അവഗണിക്കുന്നുവെന്ന പരാതികള്‍ക്കിടെ സ്റ്റോപ്പിന്റെ കാര്യത്തിലും യാതൊരു പരിഗണനയും കിട്ടുന്നില്ലെന്ന് ആക്ഷേപമുണ്ട്.
പരശുറാം, ശബരി എന്നീ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയില്‍ പോകുന്നതെന്ന് ചിറയിന്‍കീഴ് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ അഡ്വ.ഗോപിനാഥന്‍, അനില്‍, മദനകുമാര്‍ എന്നിവര്‍ പറഞ്ഞു.
നേരത്തെ സ്റ്റോപ്പ് ആവശ്യപ്പെട്ട് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി ഇക്കാര്യം പരിഗണിക്കണമെന്ന് റെയില്‍വേയോട് നിര്‍ദ്ദേശിച്ചു. എന്നാല്‍, ചിറയിന്‍കീഴില്‍ സ്റ്റോപ്പ് അനുവദിക്കാന്‍ വേണ്ടത്ര വരുമാനമില്ലെന്നുപറഞ്ഞ് സ്റ്റോപ്പ് ഒഴിവാക്കിയതായി മറുപടി നല്‍കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയില്‍ പോകുന്നതെന്ന് ഭാരവാഹികള്‍ പറയുന്നു.
ചിറയിന്‍കീഴിനേക്കാള്‍ വരുമാനവും യാത്രക്കാരുടെ എണ്ണവും കുറഞ്ഞ സ്റ്റേഷനുകളില്‍ പുതിയ സ്റ്റോപ്പുകള്‍ അനുവദിക്കുമ്പോഴാണ് ചറയിന്‍കീഴിനോടുള്ള ഈ വിവേചനമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പ്ലാറ്റ്‌ഫോമുകളുടെ മേല്‍ക്കൂരകള്‍ ചോര്‍ന്നൊലിക്കുകയാണ്. പാര്‍ക്കിങ് ഫീസ് പിരിക്കുന്നുണ്ട് എങ്കിലും വാഹനങ്ങള്‍ക്ക് യാതൊരു സുരക്ഷിതത്വവുമില്ല. സ്റ്റേഷനിലെത്തുന്ന യാത്രക്കാര്‍ക്ക് വെള്ളവും വെളിച്ചവുമില്ല. വര്‍ക്കല കഴിഞ്ഞാല്‍ ജില്ലയിലെ തിരക്കേറിയ സ്റ്റേഷനാണിത്. എന്നാല്‍, അതിനനുസരിച്ചുള്ള സൗകര്യങ്ങളില്ല.

More Citizen News - Thiruvananthapuram