അടിസ്ഥാന സൗകര്യം പോലുമില്ലാതെ നിലയ്ക്കാമുക്ക് ചന്ത

Posted on: 18 Aug 2015വക്കം: വക്കം ഗ്രാമപ്പഞ്ചായത്തിന് കീഴില്‍വരുന്ന നിലയ്ക്കാമുക്കിലെ പൊതുചന്തയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ സാധ്യമാക്കാത്തതിനാല്‍ കച്ചവടക്കാരും സാധനങ്ങള്‍ വാങ്ങാനെത്തുന്നവരും ഒരുപോലെ ബുദ്ധിമുട്ടനുഭവിക്കുന്നു. കടയ്ക്കാവൂരിനും മണനാക്കിനുമിടയിലുള്ള പ്രധാനപ്പെട്ട കച്ചവടകേന്ദ്രമാണ് നിലയ്ക്കാമുക്കിലെ പൊതുചന്ത. തീരദേശത്തോട് അടുത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ കടല്‍, കായല്‍ മത്സ്യങ്ങള്‍ ഏറ്റവുമധികം വില്പനയ്‌ക്കെത്തുന്ന ചന്തയാണ് നിലയ്ക്കാമുക്കിലേത്. കടയ്ക്കാവൂര്‍, വക്കം ഗ്രാമപ്പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായതിനാല്‍ ഇരുപഞ്ചായത്തുകളിലേയും ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ ഈ ചന്തയെ ആശ്രയിക്കുന്നു. ചന്തയില്‍ കച്ചവടം ഉപജീവനമാക്കിയിരിക്കുന്ന നാല്പതോളം കച്ചവടക്കാരുടെ സ്ഥിതി അതിദയനീയമാണ്. പ്ലാസ്റ്റിക് ടര്‍പ്പോളിന്‍ ഷീറ്റ് കൊണ്ട് മറച്ച താത്കാലിക സ്റ്റാളുകളിലാണ് വര്‍ഷങ്ങളായി ഇവര്‍ കച്ചവടം നടത്തുന്നത്. എതുനിമിഷവും കടപുഴകി വീണേയ്ക്കാവുന്ന കൂറ്റന്‍ ആല്‍മരത്തിന് ചുവട്ടിലാണ് ഭൂരിഭാഗം കടകളും പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ മഴക്കാലത്ത് മരക്കൊമ്പ് വീണ് സാധനം വാങ്ങാനെത്തിയ ആള്‍ക്കും കച്ചവടക്കാരനും പരിക്കേറ്റിരുന്നു. കടകള്‍ക്കും കേടുപാടുകള്‍ പറ്റിയിരുന്നു. ചന്തയിലെത്തുന്നവര്‍ക്കും കച്ചവടക്കാര്‍ക്കും പ്രാഥമികകൃത്യം നിര്‍വഹിക്കാനുള്ള സൗകര്യം പോലും ഇവിടെയില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് പണികഴിപ്പിച്ച ടോയ്‌ലെറ്റ് നിലം പൊത്താവുന്ന സ്ഥിതിയിലാണ്. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെത്തുടര്‍ന്ന് മറ്റൊരു ടോയ്‌ലെറ്റ് പണിയാന്‍ തുടങ്ങിയെങ്കിലും നിര്‍മാണപ്പിഴവിനെ തുടര്‍ന്ന് ഇടിഞ്ഞുവീണു.

മാലിന്യ സംസ്‌കരണം ഫലപ്രദമല്ലാത്തതാണ് നിലയ്ക്കാമുക്ക് ചന്തയിലെ പ്രധാന പ്രശ്‌നം. മാംസാവശിഷ്ടങ്ങളും മത്സ്യത്തിന്റെ അവശിഷ്ടവും പച്ചക്കറി അവശിഷ്ടവും സംസ്‌കരിക്കാനൊ പുറംതള്ളാനൊ സംവിധാനമില്ല. മാസങ്ങള്‍ക്കുമുമ്പ് പഞ്ചായത്ത് ഇവിടത്തെ മാലിന്യസംസ്‌കരണം ലക്ഷ്യമിട്ട് പദ്ധതി ആരംഭിച്ചെങ്കിലും ഫലമുണ്ടായില്ല. മഴവെള്ളവും ചന്തയ്ക്കുള്ളിലെ മാലിന്യവുമായി ചേര്‍ന്ന് ദുര്‍ഗന്ധം വമിക്കുകയാണ്. ചന്തയിലെ മുഴുവന്‍ മാലിന്യവും ചന്തയുടെ ഒരുമൂലയ്ക്കാണ് നിക്ഷേപിക്കുന്നത്. സമീപത്ത് പ്രവര്‍ത്തിക്കുന്ന നിലയ്ക്കാമുക്ക് സ്‌കൂളിന്റെ പാചകപ്പുരയ്ക്കടുത്താണ് ഈ മാലിന്യക്കൂമ്പാരം. നിരവധി തവണ സ്‌കൂള്‍ അധികൃതരും രക്ഷാകര്‍ത്താക്കളും പരാതി പറഞ്ഞിട്ടും നടപടിയില്ല. മാലിന്യം കെട്ടിക്കിടക്കുന്നതുകാരണം പകര്‍ച്ചവ്യാധി ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.
ചന്തയ്ക്കുള്ളില്‍ അടിസ്ഥാനസൗകര്യം നടത്തി മാലിന്യം യഥാവിധി സംസ്‌കരിച്ച് നിലയ്ക്കാമുക്ക് ചന്തയെ വികസിപ്പിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം ചന്തയുടെ വികസനം ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കച്ചവടക്കാരും പറയുന്നു.

More Citizen News - Thiruvananthapuram