നൂറാം വയസ്സിലും കര്‍മനിരതനായി ഇളയത്

Posted on: 18 Aug 2015മംഗലപുരം: തന്റെ നൂറാം വയസ്സിലും കര്‍മനിരതനായി കാര്‍ഷിക വൃത്തിയില്‍ തുടരുന്ന ഇളയതിന് മംഗലപുരം ഗ്രാമവാസികളുടെ ആദരം. മംഗലപുരം ഗ്രാമപ്പഞ്ചായത്തില്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കര്‍ഷക ദിനാചരണത്തിലാണ് പഞ്ചായത്തിലെ ഏറ്റവും പ്രായം കൂടിയ കര്‍ഷക തൊഴിലാളിയായ ചെമ്പകമംഗലം ആലപ്പുറംകുന്ന് ചരുവിള വീട്ടില്‍ ഇളയതിനെ ആദരിച്ചത്.
ഇളയത് ശതാബ്ദി നിറവിലും കാര്‍ഷിക വൃത്തിയില്‍ സക്രിയമാണ്. പിന്‍ഗാമികളായ നാല് തലമുറ അദ്ദേഹത്തോടൊപ്പം കര്‍ഷകവൃത്തി സ്വീകരിച്ചിരിക്കുന്നു. അച്ഛനും അപ്പൂപ്പനും പ്രദേശത്തെ മികച്ച കര്‍ഷകരായിരുന്നു. കേള്‍വിക്കുറവില്ലാതെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇളയതിനെ ബാധിച്ചിട്ടില്ല. താന്‍ അദ്ധ്വാനിച്ച് വിളയിച്ച ഓണക്കാല കൃഷിസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന തിരക്കിലാണ് ഇളയത്. ആരോഗ്യമുള്ളിടത്തോളം കൃഷിപ്പണിയില്‍ മുഴുകുമെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തമായി കൃഷി ഭൂമി ഇല്ലാത്ത ഇളയത് ജൈവരീതിയില്‍ കൃഷി ചെയ്യുന്നതിന് സഹായിയായി നാട്ടില്‍ സജീവമാണ്. കര്‍ഷക ദിനാചരണം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്.കവിത ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം സതീശന്‍ നായര്‍, േബ്ലാക്ക് പഞ്ചായത്തംഗങ്ങളായ കെ.എസ്.അജിത് കുമാര്‍, എ.നൗഷാദ് ഉള്‍പ്പെടെ പഞ്ചായത്ത് അംഗങ്ങളും, കൃഷി ഓഫീസര്‍ സുകുമാരന്‍ നായര്‍, അസി.അഗ്രികള്‍ച്ചര്‍ ഓഫീസര്‍ ടി. രമാമണി, കൃഷി അസിസ്റ്റന്റ്മാരായ സമീന, ഇന്ദുലേഖ എന്നിവരും സംസാരിച്ചു.

More Citizen News - Thiruvananthapuram