കര്‍ഷകരെ ആദരിച്ച് സീഡ് വിദ്യാലയങ്ങള്‍

Posted on: 18 Aug 2015തിരുവനന്തപുരം: മണ്ണില്‍ പൊന്നുവിളയിക്കുന്നവര്‍ക്ക് കര്‍ഷകദിനത്തില്‍ സീഡ് വിദ്യാര്‍ഥികളുടെ സ്‌നേഹവും ആദരവും. സ്‌കൂളുകളില്‍ സംഘടിപ്പിക്കപ്പെട്ട കര്‍ഷക ദിനാചരണത്തില്‍ കര്‍ഷകരെ പൊന്നാടയണിയിച്ച് ആദരിച്ചു.
കര്‍ഷകനായ സുരേന്ദ്രന്‍ നായരെ മണക്കാട് വി.എച്ച്.എസ്.എസ്. സീഡ് യൂണിറ്റംഗങ്ങള്‍ ആദരിച്ചു. ശ്രീവരാഹം വാര്‍ഡ് കൗണ്‍സിലര്‍ വിജയകുമാര്‍ സുരേന്ദ്രന്‍ നായരെ പൊന്നാടയണിയിച്ചു. ജൈവകൃഷി രീതികളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. പാപ്പനംകോട് ഗവ.ഹൈസ്‌കൂളില്‍ നടന്ന കര്‍ഷകദിനാചരണത്തില്‍ കര്‍ഷകനായ ബാബുവിനെ ആദരിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പി.വി.പദ്മജ പൊന്നാട അണിയിച്ചു.
പെരിങ്ങമ്മല ഇക്ബാല്‍ എച്ച്.എസ്.എസ്സില്‍ കര്‍ഷക ദിനാചരണത്തോടൊപ്പം സീഡ് ക്ലബ്ബിന്റെ പ്രവര്‍ത്തനോദ്ഘാടനവും നടന്നു. സീഡ് പോലീസംഗങ്ങള്‍ക്ക് യൂണിഫോം വിതരണം ചെയ്തു. കര്‍ഷകരായ സൈനുദീനെയും ഹക്കീമിനെയും പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്റ് പി.വത്സല പൊന്നാടയണിയിച്ചു.
ഒറ്റൂര്‍ പഞ്ചായത്ത് മികച്ച കര്‍ഷകനായി തിരഞ്ഞെടുത്ത ബാലലോചനനെ ഞെക്കാട് വി.എച്ച്.എസ്.എസ്സില്‍ ആദരിച്ചു. വാര്‍ഡ് മെമ്പര്‍ മിനിമോള്‍ ബാലലോചനനെ പൊന്നാടയണിയിച്ചു. തുടര്‍ന്ന് ഞെക്കാട് സ്‌കൂള്‍ സീഡ് ക്ലബ് അംഗങ്ങള്‍ തയ്യാറാക്കിയ പച്ചക്കറിത്തോട്ടത്തില്‍ അദ്ദേഹം പച്ചക്കറിതൈ നട്ടു.

More Citizen News - Thiruvananthapuram