മോഷണപരമ്പര: പോലീസ് നിഷ്‌ക്രിയത്വം അവസാനിപ്പിക്കണം -സി.പി.ഐ.

Posted on: 18 Aug 2015തിരുവനന്തപുരം: ജില്ലയില്‍ വ്യാപകമായി മോഷണപരമ്പരകള്‍ അരങ്ങേറുമ്പോഴും പോലീസ് തുടരുന്ന നിഷ്‌ക്രിയത്വം പ്രതിഷേധാര്‍ഹമാണെന്ന് സി.പി.ഐ. ജില്ലാ സെക്രട്ടറി അഡ്വ. ജി.ആര്‍.അനില്‍ പറഞ്ഞു. നഗരത്തിലും ഗ്രാമപ്രദേശങ്ങളിലുമെല്ലാം മോഷണപരമ്പരകളാണ് കുറച്ചുദിവസങ്ങളായി അരങ്ങേറുന്നത്.നേമം ശാന്തിവിളയില്‍ 10 വീടുകളില്‍ ഒരുമിച്ച് മോഷണശ്രമം നടന്നു. അതിനുമുമ്പ് വീട്ടമ്മയെയും കുടുംബത്തെയും കെട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഭവവും നഗരത്തിലുണ്ടായി. ഈ സംഭവങ്ങളിലൊന്നും പ്രതികളെ പിടിക്കാന്‍ പോലീസിനായിട്ടില്ല. ഫലപ്രദമായ അന്വേഷണവും ഇത്തരം കേസുകളില്‍ നടക്കുന്നില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഓണക്കാലമായതോടെ പുറത്തുനിന്നുള്ള മോഷണസംഘങ്ങള്‍ സംസ്ഥാനത്ത് എത്തിയിട്ടുണ്ടെന്ന് സംശയമുയര്‍ന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് ഫലപ്രദമായ അന്വേഷണം നടത്താന്‍ പോലീസ് കാര്യമായ ഒരു സംവിധാനവും ഒരുക്കുന്നില്ല. രാത്രികാലത്ത് പോലീസ് നടത്തിവന്നിരുന്ന പട്രോളിങ് ഫലപ്രദമാകുന്നില്ലായെന്ന ആക്ഷേപവും ജനങ്ങള്‍ ഉന്നയിക്കുന്നു. പോലീസ് സംവിധാനം കാര്യക്ഷമമാക്കി ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കണമെന്ന് ജി.ആര്‍.അനില്‍ ആവശ്യപ്പെട്ടു.

More Citizen News - Thiruvananthapuram