മാറനല്ലൂരിലെ ജൈവകൃഷി പരിപാലനം തൊഴിലുറപ്പ് പദ്ധതിയില്‍

Posted on: 18 Aug 2015മാറനല്ലൂര്‍: കൃഷിയിടങ്ങള്‍ തയ്യാറാക്കുന്നതിന് മാത്രമായിരുന്ന തൊഴിലുറപ്പ് പദ്ധതിയുടെ ആനുകൂല്യം ഇനി കാര്‍ഷിക ഉത്പന്നങ്ങളുടെ വിള പരിപാലനത്തിനും പ്രയോജനപ്പെടുത്താനാകുമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. മാറനല്ലൂര്‍ പഞ്ചായത്തില്‍ നടപ്പാക്കിയ ജൈവപച്ചക്കറി കൃഷിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തലത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. തിങ്കളാഴ്ച കര്‍ഷകദിനാചരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത സ്​പീക്കര്‍ എന്‍.ശക്തന്‍ പ്രസംഗത്തില്‍ ഇക്കാര്യം വ്യക്തമാക്കി. പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയും കുടുംബശ്രീ സംവിധാനവും സംയോജിപ്പിച്ച് നടപ്പാക്കിയ ഓണക്കാലത്തേയ്ക്കാവശ്യമായ ജൈവപച്ചക്കറി കൃഷിയുടെ വിളവെടുപ്പും സ്​പീക്കര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എന്‍.ഭാസുരാംഗന്‍ അധ്യക്ഷത വഹിച്ചു. ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.മണികണ്ഠന്‍, വിവിധ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ അംഗങ്ങളായ മലയിന്‍കീഴ് വേണുഗോപാല്‍, ബിന്ദു ശ്രീകുമാര്‍, ശാന്താപ്രഭാകരന്‍, ബിനുതോമസ്, കൃഷി ഓഫീസര്‍ സിന്ധു എം.എസ്. എന്നിവര്‍ പങ്കെടുത്തു. ജൈവകൃഷിയ്ക്ക് നേതൃത്വം നല്‍കിയ കുടുംബശ്രീ യൂണിറ്റുകളെ ചടങ്ങില്‍ അനുമോദിച്ചു.

More Citizen News - Thiruvananthapuram