സര്‍ക്കാരില്‍ നിന്നുള്ള സേവനങ്ങള്‍ വേഗത്തിലാവണം-മുഖ്യമന്ത്രി

Posted on: 18 Aug 2015തിരുവനന്തപുരം: സര്‍ക്കാരില്‍നിന്ന് പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ വേഗത്തിലാകാനുള്ള സംവിധാനങ്ങള്‍ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. റവന്യൂ രജിസ്‌ട്രേഷന്‍ സംയോജിത ഓണ്‍ലൈന്‍ പോക്കുവരവ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ വേഗത്തിലാക്കുന്നതിന് വകുപ്പുകള്‍ തമ്മില്‍ ഏകോപനമുണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.സബ് ഡിവിഷനുള്ള ഭൂമി പോക്കുവരവ് ചെയ്യുന്നതിന് കാലതാമസമുണ്ടായിരുന്നു. ഓണ്‍ലൈന്‍ പോക്കുവരവ് പൂര്‍ണമായി യാഥാര്‍ത്ഥ്യമാകുന്നതോടെ കാര്യങ്ങള്‍ എളുപ്പത്തിലാകും. ആദ്യഘട്ടത്തില്‍ നടപ്പാക്കിയത് റവന്യൂ വിഭാഗവും രജിസ്‌ട്രേഷന്‍ വിഭാഗവും ഐ.ടി. വിഭാഗവും പരിശോധിച്ച് പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിഹരിച്ച് ഓണ്‍ലൈന്‍ പോക്കുവരവ് ഫലപ്രദമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. റവന്യൂമന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷനായി. മന്ത്രി അനൂപ് ജേക്കബ്, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വാസ് മേത്ത, നികുതിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡബ്ല്യു.ആര്‍. റെഡ്ഡി, ഐ.ടി. വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എം.സി. മോഹന്‍ദാസ്, ഐ.ടി. മിഷന്‍ ഡയറക്ടര്‍ മുഹമ്മദ് സഫിറുള്ള, ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയിലെ 12 വില്ലേജുകളിലാണ് ഓണ്‍ലൈന്‍ പോക്കുവരവ് നടപ്പാക്കുന്നത്. ഓണ്‍ലൈന്‍ വഴി പൂര്‍ത്തിയാക്കിയ ആദ്യ പോക്കുവരവ് സര്‍ട്ടിഫിക്കറ്റ് കുടപ്പനക്കുന്ന് സ്വദേശി വിജയന് മുഖ്യമന്ത്രി കൈമാറി.

More Citizen News - Thiruvananthapuram