നവപൂജിതം നാളെ ആരംഭിക്കും

Posted on: 18 Aug 2015തിരുവനന്തപുരം: കരുണാകര ഗുരുവിന്റെ ജന്മദിനാഘോഷമായ നവപൂജിതം ശാന്തിഗിരിയില്‍ ആഗസ്ത് 19 മുതല്‍ 21 വരെ നടക്കുമെന്ന് ശാന്തിഗിരി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ബുധനാഴ്ച കോട്ടക്കകം ലെവി ഹാളില്‍ ചേരുന്ന നവപൂജിതം സംഗമം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ.എം. മാണി, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി. മോഹനന്‍, എം.കെ. മുനീര്‍, പി.കെ. അബ്ദുറബ്ബ്, സി.എന്‍.ബാലകൃഷ്ണന്‍, പി.കെ. ജയലക്ഷ്മി, എ.പി. അനില്‍കുമാര്‍, വി.കെ. ഇബ്രാഹിം കുഞ്ഞ്, വി.എസ്. ശിവകുമാര്‍, പി.ജെ. ജോസഫ്, എം.പി.മാര്‍, എം.എല്‍.എ.മാര്‍, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. 20 ന് രാവിലെ മുതല്‍ ശാന്തിഗിരി ആശ്രമത്തില്‍ ഗുരുപൂജ, പുഷ്പാഞ്ജലി, പ്രത്യേക പ്രാര്‍ത്ഥന എന്നിവയുണ്ടാകും. വൈകീട്ട് 8ന് സ്​പിരിച്വല്‍ സോണില്‍ സത്സംഗവും നടക്കും. നവപൂജിതം ദിനമായ 21ന് രാവിലെ 5 ന് ചടങ്ങുകള്‍ ആരംഭിക്കും. രാവിലെ 10ന് പാലോട് രവി എം.എല്‍.എ. യുടെ അധ്യക്ഷതയില്‍ നടക്കുന്ന നവപൂജിതം സമ്മേളനം മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും. മാര്‍ ക്ലൂമ്മീസ് കാതോലിക്കാബാവ മുഖ്യാതിഥിയാവും. എം.എല്‍.എ. മാരായ കോലിയക്കോട് കൃഷ്ണന്‍ നായര്‍, എം.എ. വാഹിദ്, ബി.സത്യന്‍, രാജു എബ്രഹാം തുടങ്ങിയവര്‍ സംബന്ധിക്കും. 12ന് ഗുരുപൂജ, ഗുരുദര്‍ശനം തുടങ്ങിയവ നടക്കും. സപ്തംബര്‍ 20 വരെ നീളുന്ന ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ വിവിധ അനാഥാലയങ്ങളില്‍ 'സ്‌നേഹത്തിന്റെ പാഥേയം' എന്ന പേരില്‍ അന്നദാനം നടത്തും. നവപൂജിതം ആഘോഷത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സത്സംഗങ്ങള്‍, സമ്മേളനങ്ങള്‍, സൗഹൃദക്കൂട്ടായ്മകള്‍ തുടങ്ങിയവ നടന്നുവരുന്നുണ്ട്. സപ്തംബര്‍ 20 ന് നടക്കുന്ന പൂര്‍ണ കുംഭമേളയോടെ നവപൂജിതം ആഘോഷങ്ങള്‍ സമാപിക്കും.
പത്രസമ്മേളനത്തില്‍ ഗുരുസവിധ് ജ്ഞാനതപസ്വി, സുരേഷ് തമ്പി, ആര്‍.കെ.വിജയകുമാര്‍, എസ്. സേതുനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram