ഇ- ബീറ്റ് അഴിമതി: കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തിന് സാധ്യത

Posted on: 18 Aug 2015തിരുവനന്തപുരം: പോലീസ് സേനയെ നവീകരിക്കുന്നതിന് ഇലക്ട്രോണിക് ബീറ്റ് ഉപകരണങ്ങള്‍ വാങ്ങാന്‍ കരാര്‍ നല്‍കിയ 1.87 കോടിരൂപ പാഴായ സംഭവത്തെക്കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കാന്‍ സാധ്യത. ഇ- ബീറ്റ് ഇടപാടില്‍ സംസ്ഥാനത്തിന് പലിശയടക്കം മൂന്നുകോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കേന്ദ്ര ഗവണ്‍മെന്റ് പോലീസ് ആധുനീകരണത്തിന് അനുവദിച്ച പണമാണ് പാഴായിപ്പോയത്. ഈ സാഹചര്യത്തിലാണ് ഇ-ബീറ്റ് ഇടപാടിനെക്കുറിച്ച് കേന്ദ്രം അന്വേഷിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ ദേശീയ ഗെയിംസ് നടത്തിപ്പ് സംബന്ധിച്ച് ആരോപണമുണ്ടായപ്പോള്‍ ചൈന്നെയില്‍നിന്ന് സി.ബി.ഐ. സംഘം കേരളത്തിലെത്തി അന്വേഷണം നടത്തിയിരുന്നു. ഗെയിംസ് കേന്ദ്രഫണ്ട് ഉപയോഗിച്ച് നടത്തിയതിനാലായിരുന്നു അന്നത്തെ അന്വേഷണം. സമാന സാഹചര്യമാണ് ഇ- ബീറ്റ് ഇടപാടിലും നിലനില്‍ക്കുന്നതെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ ഇലക്ട്രോണിക് ബീറ്റ് (ഇ-ബീറ്റ്) സമ്പ്രദായം സ്ഥാപിക്കുന്നതിനാണ് ഉപകരണങ്ങള്‍ വാങ്ങാന്‍ കരാറുണ്ടാക്കിയത്. 650 റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ റീഡറുകളും 7450 റീഡര്‍ കാര്‍ഡുകളും വാങ്ങുന്നതിന്‌ െബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന വൈഫിനിറ്റി ടെക്‌നോളജി സിസ്റ്റംസ് എന്ന സ്ഥാപനവുമായിട്ടായിരുന്നു കരാര്‍. 2012 ഡിസംബറിലായിരുന്നു കരാറുറപ്പിച്ചത്. കരാര്‍ പ്രകാരമുള്ള മുഴുവന്‍ തുകയും ( 1,87,81,607 രൂപ) 2013 മാര്‍ച്ചില്‍ കൈമാറുകയും ചെയ്തു. ഈ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പോലീസുകാര്‍ക്ക് കമ്പനി പരിശീലനം നല്‍കണമെന്നും കരാറില്‍ വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ ഈ വ്യവസ്ഥകളൊക്കെ ലംഘിക്കപ്പെട്ടതായി ആദ്യ അന്വേഷണത്തില്‍ത്തന്നെ കണ്ടെത്തിയിരുന്നു. രാത്രികാലങ്ങളില്‍ ബീറ്റ് പുസ്തകം സൂക്ഷിച്ചിട്ടുള്ള ഇടങ്ങളിലും ചുമതല നല്‍കിയിട്ടുള്ള ഇടങ്ങളിലും പുസ്തകം ഒഴിവാക്കി ഇലക്ട്രോണിക് ബീറ്റ് സമ്പ്രദായം ഏര്‍പ്പെടുത്താനുള്ള പദ്ധതിയാണ് അഴിമതിയില്‍ മുങ്ങിയത്. സംഭവത്തെക്കുറിച്ച് ആദ്യം അന്വേഷിച്ച സംഘം ഇടപാടില്‍ അപാകം കണ്ടെത്തിയിരുന്നു. ഉപകരണങ്ങള്‍ മുഴുവന്‍ കൈമാറുംമുമ്പ് കമ്പനിക്ക് പണം മുഴുവന്‍ നല്‍കിയതില്‍ അസ്വാഭാവികത ഉള്ളതായി അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. തുടര്‍ന്ന് പോലീസ് മേധാവി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. എസ്.പി. അക്ബറിനാണ് ഇപ്പോള്‍ അന്വേഷണച്ചുമതല. ഉന്നതര്‍ ഉള്‍പ്പെട്ട സംഭവമായതിനാല്‍ അന്വേഷണം ഇഴയുന്നതായി ആരോപണമുയര്‍ന്നിരുന്നു. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. എസ്. അനന്തകൃഷ്ണന്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം വേഗം പൂര്‍ത്തിയാക്കാന്‍ ആഭ്യന്തരമന്ത്രി നിര്‍ദ്ദേശം നല്‍കിയതായി സൂചനയുണ്ട്. സംഭവത്തില്‍ കുറ്റക്കാര്‍ എന്നു തെളിയുന്നവര്‍ എത്ര ഉന്നതരായാലും അവര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നാണ് മന്ത്രിയുടെ നിലപാട്.

More Citizen News - Thiruvananthapuram