ലൈറ്റ് മെട്രോ അനന്തമായി നീണ്ടേക്കും

Posted on: 18 Aug 2015കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ടിലും സര്‍ക്കാരിന്റെ താല്‍പര്യമില്ലായ്മ


തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പിന്നെയും പിന്നാക്കം പോകുന്നതായി സൂചന. കേന്ദ്രസര്‍ക്കാരിനയച്ച വിശദപഠന റിപ്പോര്‍ട്ടിലും ലൈറ്റ് മെട്രോ പദ്ധതിയില്‍ സര്‍ക്കാരിന്റെ താല്‍പര്യമില്ലായ്മ വെളിവാകുന്നു. കഴിഞ്ഞ 12ന് കേന്ദ്ര നഗരകാര്യമന്ത്രാലയത്തിന് ലൈറ്റ് മെട്രോ പദ്ധതിയുടെ വിശദപഠന റിപ്പോര്‍ട്ട് അയച്ചു. പദ്ധതിയുടെ അനിവാര്യത, എന്തുകൊണ്ട് മെട്രോ തിരഞ്ഞെടുത്തു, തുടങ്ങി വിശദമായ കത്തുസഹിതമാണ് സാധാരണയായി വിശദപഠന റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുക. എന്നാല്‍ കേരളം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പദ്ധതിയുടെ അനിവാര്യത ബോധ്യപ്പെടുത്തിയിട്ടില്ലെന്നാണ് സൂചന.

തുടക്കം മുതല്‍ തന്നെ ഉദ്യോഗസ്ഥതലത്തില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. കെ.എം.സി.എല്‍. ആണ് വിശദപഠന റിപ്പോര്‍ട്ട് നഗരകാര്യമന്ത്രാലയത്തിന് നല്‍കിയിരിക്കുന്നത്. പഠന റിപ്പോര്‍ട്ടിനൊപ്പം നല്‍കിയിരിക്കുന്ന കത്തില്‍ കേന്ദ്ര- സംസ്ഥാന വിഹിതത്തെക്കുറിച്ചും പദ്ധതിയെക്കുറിച്ചും പറയുന്നുണ്ട്. എന്നാല്‍ ധനസമാഹരണമാര്‍ഗം എങ്ങനെയെന്നോ എന്തുകൊണ്ട് മെട്രോ പദ്ധതികള്‍ തിരഞ്ഞെടുത്തുവെന്നോ വിശദീകരിച്ചിട്ടില്ല. പദ്ധതിയുടെ അനിവാര്യതയെക്കുറിച്ച് ബോധ്യപ്പെടുത്തിയിട്ടുമില്ല.

കൊച്ചി മെട്രോ റെയില്‍ പദ്ധതിയാണ് സംസ്ഥാനം ഇതിന് മുമ്പ് ഇത്തരത്തില്‍ വിശദപഠനറിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ കേന്ദ്രനഗരകാര്യമന്ത്രാലയത്തിന് മുന്നിലെത്തിച്ച ആ പഠനറിപ്പോര്‍ട്ടില്‍ പദ്ധതിയുടെ അനിവാര്യതയെക്കുറിച്ച് ബോധ്യപ്പെടുത്തിയിരുന്നു. വായ്പയെക്കുറിച്ചും വിശദീകരണം നല്‍കിയിരുന്നു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ പദ്ധതിയിന്മേല്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കാന്‍ വൈകുകയോ, തള്ളിക്കളയുകയോ ചെയ്യാനാണ് സാധ്യത. ഡി.എം.ആര്‍.സി. യാണ് തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും ലൈറ്റ് മെട്രോ പദ്ധതിയുടെ വിശദപഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ പഠനറിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് മുന്നിലേക്ക് നല്‍കുമ്പോഴും ആര്‍ക്കാകും കണ്‍സള്‍ട്ടന്‍സി, നിര്‍മാണക്കരാര്‍ നല്‍കുകയെന്ന കാര്യത്തില്‍ തീരുമാനം വ്യക്തമാക്കിയിട്ടില്ല.

ലൈറ്റ് മെട്രോ പദ്ധതി സ്വകാര്യമേഖലയില്‍ നടപ്പാക്കണമെന്നാണ് ധനവകുപ്പും ചീഫ് സെക്രട്ടറിയുമുള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. ആഗോള ടെന്‍ഡര്‍ വിളിച്ച് സ്വകാര്യമേഖലയെ ഏല്‍പിക്കുന്നത് നടപടിക്രമങ്ങളുടെ സുതാര്യത നിലനിര്‍ത്തുമെന്നാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍ പദ്ധതി പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്നാണ് രാജ്യത്ത് വിവിധയിടങ്ങളില്‍ മെട്രോ പദ്ധതികള്‍ പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്ന ഡി.എം.ആര്‍.സി. ആവശ്യപ്പെടുന്നത്. പി.പി.പി. മാതൃക അവലംബിച്ച് പരാജയപ്പെട്ട് മുംബൈ, ഹൈദരാബാദ് മെട്രോ പദ്ധതികള്‍ ഒടുവില്‍ ആശ്രയിച്ചതും ഡി.എം.ആര്‍.സി.യെ തന്നെയാണ്. സ്വകാര്യപങ്കാളിത്തം വന്നാല്‍ ടിക്കറ്റ് നിരക്കുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പൊതുജനത്തിന് സ്വീകാര്യമല്ലാത്ത നടപടികളാകും ഉണ്ടാകുകയെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

'ജൈക്ക' വായ്പയോടെ ഡി.എം.ആര്‍.സി. പദ്ധതി നടപ്പാക്കണമെന്നാണ് കഴിഞ്ഞ മെയ് 18ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചത്. എന്നാലതിന് വിരുദ്ധമായാണ് ഇപ്പോഴത്തെ നീക്കം.

More Citizen News - Thiruvananthapuram