അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള പാല്‍ ഇന്നുമുതല്‍ ചെക്ക് പോസ്റ്റുകളില്‍ പരിശോധിക്കും

Posted on: 18 Aug 2015തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്ന പാല്‍ ചൊവ്വാഴ്ച മുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ കടത്തിവിടൂ. ഭക്ഷ്യ സുരക്ഷാവിഭാഗം ചെക്ക് പോസ്റ്റുകളില്‍ സ്ഥാപിച്ചിരിക്കുന്ന താത്കാലിക ലാബുകളിലെ പരിശോധനകള്‍ക്ക് ശേഷമാകും പാല്‍ കേരളത്തിലേക്ക് കടത്തിവിടണമോ വേണ്ടയോ എന്ന് തീരുമാനിക്കുക.
ഓണക്കാലത്ത് മായം ചേര്‍ന്നതും ഗുണനിലവാരം കുറഞ്ഞതുമായ പാല്‍ കേരള വിപണിയില്‍ എത്താതിരിക്കാനാണ് ഭക്ഷ്യസുരക്ഷാ വിഭാഗം താത്കാലിക ലാബുകള്‍ സ്ഥാപിച്ച് പരിശോധനകള്‍ നടത്തുന്നത്. പാലും പാല്‍ ഉത്പന്നങ്ങള്‍ക്കുമൊപ്പം വെളിച്ചെണ്ണയും പരിശോധനകള്‍ക്ക് ശേഷം മാത്രം കടത്തിവിട്ടാല്‍ മതിയെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ മാസം 28വരെയാകും താത്കാലിക ലാബുകള്‍ പ്രവര്‍ത്തിക്കുക.
കേരളത്തിലേക്ക് പാലും പാല്‍ ഉത്പന്നങ്ങളുമായി എത്തുന്ന വാഹനങ്ങളില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ച് ചെക്ക്‌പോസ്റ്റുകളിലെ താത്കാലിക ലാബുകളില്‍ പരിശോധിക്കും. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന പാലും പാലുത്പന്നങ്ങള്‍ക്കും മാത്രമേ പ്രവേശനാനുമതി നല്‍കൂ. പാലില്‍ കൊഴുപ്പ് കൂട്ടുന്നതിനും പെട്ടെന്ന് കേടാവാതിരിക്കാനും രാസവസ്തുക്കള്‍ ചേര്‍ക്കുന്നുവെന്ന കണ്ടെത്തലുകളെ തുടര്‍ന്നാണ് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടികള്‍ എടുത്തിട്ടുള്ളത്. ചെക്ക് പോസ്റ്റുകളില്‍ സ്ഥാപിച്ചിരിക്കുന്ന താത്കാലിക ലാബുകളില്‍ രണ്ട് ടെക്‌നീഷ്യന്‍മാരെയും ഓരോ ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരെയുമാണ് നിയോഗിച്ചിട്ടുള്ളത്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണം അപര്യാപ്തമാണെങ്കില്‍ ക്ഷീരവികസന വകുപ്പില്‍ നിന്നുള്ള ജീവനക്കാരുടെ സഹായവും തേടും. കഴിഞ്ഞ ഓണക്കാലത്ത് നടത്തിയ പരിശോധനയില്‍ കേരളത്തിലേക്ക് വന്ന പാലില്‍ ഫോര്‍മാലിന്‍ ഉള്‍പ്പെടെയുള്ളവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഓണക്കാലത്ത് സംസ്ഥാനത്ത് പാലിന്റെയും പാല്‍ ഉത്പന്നങ്ങളുടെയും ഉപയോഗം വന്‍തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഗുണമേന്മയില്ലാത്ത പാല്‍ വന്‍തോതില്‍ എത്തുന്നുവെന്ന പരാതികള്‍ നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഇതു തടയുന്നതിനായാണ് താത്കാലിക ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ചത്.
പാലും പാലുത്പന്നങ്ങള്‍ക്കുമൊപ്പം ഓണക്കാലത്ത് കേരളത്തിലേക്ക് കൂടുതലായി എത്തുന്ന ഭക്ഷ്യവസ്തുക്കളുടെ പരിശോധന നടത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചെക്ക് പോസ്റ്റുകളില്‍ എത്തുന്ന വെളിച്ചെണ്ണയും പരിശോധനകള്‍ക്ക് ശേഷം മാത്രമേ സംസ്ഥാനത്തേക്ക് കടത്തിവിടൂ. മിനറല്‍ ഓയില്‍ ഉള്‍പ്പെടെയുള്ളവ വെളിച്ചെണ്ണയില്‍ കലര്‍ത്തുന്നുവെന്ന പരാതികളെ തുടര്‍ന്നാണ് പരിശോധനകള്‍ ശക്തമാക്കുന്നത്.

More Citizen News - Thiruvananthapuram