കാട്ടാക്കടയില്‍ അന്താരാഷ്ട്ര മാര്‍ക്കറ്റ് പദ്ധതി വഴിയിലായി

Posted on: 18 Aug 2015ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടങ്ങളുമായി കാട്ടാക്കട ചന്ത

കാട്ടാക്കട:
കാട്ടാക്കട അന്താരാഷ്ട്ര മാര്‍ക്കറ്റ് എന്ന വന്‍ പദ്ധതി അട്ടിമറിക്കപ്പെട്ട സ്ഥിതിയില്‍. പൂവച്ചല്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കാട്ടാക്കട ചന്ത ആധുനികവത്കരിക്കാനുള്ള ജി. കാര്‍ത്തികേയന്റെ സ്വപ്‌ന പദ്ധതിയാണ് നടപ്പാകാതെ പോകുന്നത്. സര്‍ക്കാര്‍ താല്‍പര്യം കാണിച്ചിട്ടും പഞ്ചായത്തിന്റെ അനാസ്ഥ കാരണമാണ് പദ്ധതി ഇഴയുന്നതെന്നാണ് ആരോപണം.
33 കോടി രൂപ പ്രാഥമിക ചെലവില്‍ ചന്തയുടെ 1.65 ഏക്കര്‍ സ്ഥലം ഉപയോഗപ്പെടുത്തിയാണ് അന്താരാഷ്ട്ര മാര്‍ക്കറ്റ് സ്ഥാപിക്കാന്‍ തീരുമാനം ആയത്. പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഏജന്‍സിയായ ഇന്‍കെലിനെ ചുമതലപ്പെടുത്തി. ചെലവുകള്‍ക്കായി 15 ലക്ഷം രൂപ പഞ്ചായത്ത് ഫണ്ടില്‍ വകയിരുത്തുകയുംചെയ്തു.
വാണിജ്യസമുച്ചയം, കോണ്‍ഫറന്‍സ് ഹാള്‍, മത്സ്യ- കാര്‍ഷിക ഉത്പന്ന വില്‍പ്പന സ്റ്റാളുകള്‍, 200 ലേറെ വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് ഏരിയ എന്നിവയാണ് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഉണ്ടാവുക. പിന്നീട് പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനം ഉണ്ടാവുകയും കാബിനറ്റ് യോഗത്തില്‍ വയ്ക്കാന്‍ നടപടി എടുക്കുകയും ചെയ്തു. ഇതിനിടെയാണ് അതേദിവസം ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റി യോഗം പദ്ധതി വേണ്ടെന്നുവച്ചത്. ഇന്‍കെലിനു വകയിരുത്തിയ തുക വകമാറ്റുകയും ചെയ്തതായി
വാര്‍ഡ് പ്രതിനിധി ഷാജി ദാസ് പറഞ്ഞു. അജണ്ട തീരുമാനിക്കാതെയാണ് പഞ്ചായത്ത്
കമ്മിറ്റി തീരുമാനം എടുത്തതെന്നും അദ്ദേഹം ആരോപിക്കുന്നു. എന്നാല്‍ സ്വകാര്യ പങ്കാളിത്തം വേണ്ട എന്ന ഭൂരിപക്ഷം പ്രതിനിധികളുടെയും ആവശ്യമാണ് ഇത്തരത്തില്‍ തീരുമാനം ഉണ്ടാവാന്‍ കാരണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുനി സോമന്‍ പറഞ്ഞു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാര്‍ത്ഥ്യം ആകുന്നതോടെ വന്‍വാണിജ്യ സാധ്യതയുള്ള മാര്‍ക്കറ്റായി കാട്ടാക്കട മാറും എന്നും വിലയിരുത്തപ്പെട്ടിരുന്നു. ഇപ്പോള്‍ ചന്ത ദയനീയസ്ഥിതിയിലാണ്. ഉപയോഗയോഗ്യമായ ഒരു കെട്ടിടം പോലും ഇവിടെയില്ല. വൃത്തിഹീനമാണ് പരിസരം, ഒരു ഹൈ മാസ്റ്റ് വിളക്കൊഴിച്ചാല്‍ മറ്റൊന്നും ചന്തയില്‍ ഇല്ല. ജില്ലയിലെ ഏറ്റവും വലുതും വരുമാനവും ഉള്ള ചന്തയാണ് കാട്ടാക്കട.


04


കാട്ടാക്കട ചന്തയിലെ തകര്‍ന്ന െകട്ടിടങ്ങള്‍

More Citizen News - Thiruvananthapuram