ദേശീയ പുരസ്‌കാര നിറവില്‍ ജില്ലാ ഇംഗ്ലീഷ് പഠനകേന്ദ്രം

Posted on: 18 Aug 2015ഇവിടെ വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍

നെയ്യാറ്റിന്‍കര:
മൂന്ന് ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരെ പരിശീലിപ്പിക്കുന്ന നെയ്യാറ്റിന്‍കരയിലെ ജില്ലാ ഇംഗ്ലീഷ് പഠനകേന്ദ്രത്തിന് ദേശീയ പുരസ്‌കാരത്തിന്റെ തിളക്കം. ഇവിടെ വിദ്യാര്‍ത്ഥികളായി എത്തുന്നത് ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ പഠിപ്പിക്കുന്ന അധ്യാപകരാണ്.
പതിനഞ്ച് വര്‍ഷം മുന്‍പ് നെയ്യാറ്റിന്‍കര ബോയ്‌സ് സ്‌കൂള്‍ പരിസരത്ത് ആരംഭിച്ച ജില്ലാ ഇംഗ്ലീഷ് പഠനകേന്ദ്രത്തിനാണ് എന്‍.സി.ഇ.ആര്‍.ടി.യുടെ മികച്ച അധ്യാപക പരിശീലനം നടത്തിയതിനുള്ള പുരസ്‌കാരം ലഭിച്ചത്.
2000 ജനവരി ഒന്നിനാണ് നെയ്യാറ്റിന്‍കരയില്‍ കേന്ദ്രം ആരംഭിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് സര്‍വകലാശാലയുടെയും ആഭിമുഖ്യത്തിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരത്തിന് പുറമേ ആലപ്പുഴ, കോട്ടയം ജില്ലകളിലെയും അധ്യാപകര്‍ക്കാണ് ഇവിടെ പരിശീലനം നല്‍കുന്നത്.
പൊതുവിദ്യാലയങ്ങളില്‍ ഇംഗ്ലീഷ് ഭാഷാ പഠന നിലവാരം ഉയര്‍ത്തുന്നതിനായി അധ്യാപകരെ സജ്ജരാക്കുന്നതിനാണ് പരിശീലനം. കോഴ്‌സ് പൂര്‍ത്തിയാക്കുന്ന അധ്യാപകര്‍ക്ക് ഹൈദരാബാദ് സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റും നല്‍കും.
ഹൈസ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഭാഷാപരമായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ഇംഗ്ലീഷ് ഒളിമ്പ്യാര്‍ഡ് എന്ന പരിപാടിയും നടപ്പിലാക്കുന്നതായി ചീഫ് ട്യൂട്ടര്‍ ഡോ. ബി. ശ്രീജിത്ത് പറഞ്ഞു.
ജില്ലയിലെ തിരഞ്ഞെടുത്ത സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഇംഗ്ലീഷ് അനായാസേന സംസാരിക്കുന്നതിനായുള്ള പരിശീലന പരിപാടിയും നടപ്പിലാക്കുന്നുണ്ട്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഇംഗ്ലീഷ് ക്ലബ്ബുകളും രൂപവത്കരിച്ചിട്ടുണ്ട്.


01


നെയ്യാറ്റിന്‍കര ജില്ലാ ഇംഗ്ലീഷ് പഠനകേന്ദ്രം അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി നല്‍കിയ പരിശീലന പരിപാടി

More Citizen News - Thiruvananthapuram