കിളിമാനൂര്‍ വില്ലേജ് ഓഫീസ് അപകടാവസ്ഥയില്‍

Posted on: 18 Aug 2015കിളിമാനൂര്‍: ചുറ്റും വളര്‍ന്നുനില്‍ക്കുന്ന വലിയ മരങ്ങളുടെ വേരുകള്‍ പടര്‍ന്ന് കിളിമാനൂര്‍ വില്ലേജ് ഓഫീസ് അപകടാവസ്ഥയില്‍. ഓഫീസ് കെട്ടിടത്തിന് ചുറ്റും പത്തോളം വലിയ മരങ്ങളുണ്ട്. ഇവയില്‍ ചിലത് പാഴ്മരങ്ങളുമാണ്. ഇവയുടെ വേരുകള്‍ കയറി കെട്ടിടത്തിന്റെ ഭിത്തികള്‍ക്ക് പൊട്ടലുകളുണ്ട്. ഓഫീസിനോട് ചേര്‍ന്ന ശൗചാലയത്തില്‍ വേരുകള്‍ കയറി പൊട്ടിപ്പൊളിഞ്ഞ് ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. പഴകിയ കെട്ടിടത്തിന്റെ മുകള്‍ഭാഗത്തെ സിമന്റ് പാളികള്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്ന നാട്ടുകാരുടെ പുറത്തേക്ക് അടര്‍ന്നുവീഴുന്ന സംഭവവുമുണ്ടായിട്ടുണ്ട്.
മരങ്ങള്‍ മുറിക്കണമെന്ന് റവന്യൂ അധികൃതര്‍ ആവശ്യപ്പെട്ടിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടായിട്ടില്ല. നിരന്തരമായ ആവശ്യങ്ങളെ തുടര്‍ന്ന് മരങ്ങള്‍ വില്‍ക്കാന്‍ വനംവകുപ്പ് ടെന്‍ഡര്‍ വിളിച്ചു. എന്നാല്‍ മരങ്ങള്‍ക്ക് വനംവകുപ്പ് നിശ്ചയിച്ച അടിസ്ഥാനവില അധികമാണെന്ന് പറഞ്ഞ് കരാറുകാരൊന്നും ടെന്‍ഡര്‍ നല്‍കിയില്ല. അധികവും പാഴ്മരങ്ങളായതിനാല്‍ തുക കുറച്ച് പുതിയ ടെന്‍ഡര്‍ വിളിക്കണമെന്നാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്, അല്ലാത്തപക്ഷം തകര്‍ച്ചയിലായ കെട്ടിടത്തിലിരുന്ന് ജോലി നോക്കുന്നത് ജീവന് തന്നെ ആപത്താണെന്നാണ് വില്ലേജ് അധികൃതര്‍ പറയുന്നത്.

More Citizen News - Thiruvananthapuram