അനുഭവങ്ങളുടെ കരുത്തില്‍ ഓസ്േട്രലിയയില്‍ സേവനപ്രവര്‍ത്തനങ്ങളുമായി ജാക്‌സണ്‍

Posted on: 18 Aug 2015


വിവേക് ആര്‍. ചന്ദ്രന്‍തിരുവനന്തപുരം: അനുഭവങ്ങളുടെ കരുത്തും കഷ്ടപ്പാടുമാണ് ജാക്‌സണ്‍ ഫെര്‍ണാണ്ടസ് എന്ന യുവാവിനെ സേവനമേഖലയില്‍ എത്തിച്ചത്. മത്സ്യത്തൊഴിലാളി ഗ്രാമമായ പള്ളിത്തുറയില്‍നിന്ന് ഓസ്േട്രലിയയില്‍ എത്തിയ ജാക്‌സണ്‍ എന്ന 29 കാരന് ജസ്റ്റീസ് ഓഫ് ദി പീസ് അടക്കമുള്ള പദവികള്‍ ഓസ്േട്രലിയന്‍ സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു. ഓസ്േട്രലിയയില്‍ ജയിലില്‍ കിടക്കുന്നവര്‍ക്ക് നിയമപരമായ സഹായം നല്‍കുന്നത് മുതല്‍ കുട്ടികള്‍ക്ക് പ്രചോദനം നല്‍കുന്ന ക്ലാസുകളടക്കം വിവിധ മേഖലകളില്‍ ജാക്‌സണിന്റെ പ്രവര്‍ത്തനങ്ങളുണ്ട്.
ഇന്ത്യയില്‍ നോട്ടറി പോലെ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തല്‍ അടക്കം നിരവധി അധികാരങ്ങള്‍ ഉള്ള സന്നദ്ധ പദവിയാണ് ജസ്റ്റീസ് ഓഫ് പീസ് എന്നത്. വ്യക്തികളെ സാക്ഷ്യപ്പെടുത്താനും അവകാശങ്ങള്‍ നിഷേധിക്കുന്നവര്‍ക്കായി നിയമപരമായി ഇടപെടല്‍ നടത്താനും ഇവര്‍ക്ക് കഴിയും. നിയമലംഘനങ്ങള്‍ക്കെതിരെ ഇവര്‍ നല്‍കുന്ന പരാതികള്‍ക്കെതിരെ അന്വേഷണവും നടപടിയും ഉണ്ടാകും. ഈ പദവി ലഭിച്ചിട്ടുള്ള അപൂര്‍വം മലയാളികളെ ഉള്ളൂ. ഓസ്േട്രലിയയില്‍ കോമണ്‍വെല്‍ത്ത് ഗവണ്‍മെന്റിന്റെ സിവില്‍ മാര്യേജ് സെലിബ്രന്റ് ആയി പ്രവര്‍ത്തിക്കാനും ജോണ്‍സണ് അംഗീകാരം ലഭിച്ചു. വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തുനല്‍കാനുള്ള അധികാരമാണ് ഈ പദവിക്കുള്ളത്. ഈ പദവിയിലേക്ക് സത്യപ്രതിജ്ഞ ഉടന്‍ നടക്കും.
ഏഴുവര്‍ഷം മുമ്പാണ് ജാക്‌സണ്‍ ഓസ്േട്രലിയയില്‍ എത്തുന്നത്. തുടര്‍ന്ന് അവിടത്തെ സ്റ്റേറ്റ് ഗവണ്‍മെന്റില്‍ ജീവനക്കാരനായി. എമിഗ്രേഷന്‍ വകുപ്പില്‍ മലയാളം പരിഭാഷകനായും പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റ് രാജ്യത്ത് നിന്നെത്തുവര്‍ക്ക് നിരവധി ജോലിസാധ്യതകള്‍ ഓസ്‌ട്രേലിയയില്‍ ഉണ്ടെന്നും ജാക്‌സണ്‍ ചൂണ്ടിക്കാണിക്കുന്നു. നിയമപരമല്ലാതെ രാജ്യത്ത് താമസിക്കുന്നതിന് പിടിയിലായ നിരവധി പേരെ തിരിച്ചെത്തിക്കുന്നതിനും നിയമപരമായ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനും ഈ യുവാവിന് കഴിഞ്ഞിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം, പഠനോപകരണങ്ങള്‍ എന്നിവ നല്‍കുക, ആശുപത്രികളില്‍ സൗജന്യ ഭക്ഷണ വിതരണം, പാവപ്പെട്ടവര്‍ക്ക് വീട് വച്ച് നല്‍കുക തുടങ്ങി, നിരവധി പ്രവര്‍ത്തനങ്ങള്‍ നാട്ടിലും ജാക്‌സണും സുഹൃത്തുക്കളും ചെയ്യുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി സഹായി എന്ന സംഘടനയും രൂപവത്കരിച്ചിട്ടുണ്ട്. പഠനകാലത്ത് കേരള കാത്തലിക്ക് സ്റ്റുഡന്റ്‌സ് ലീഗിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു.
കടവും കഷ്ടപ്പാടും കാരണം നിയമപഠനം പോലും നിര്‍ത്തി ജോലിക്കിറങ്ങിയ പഴയൊരു കാലത്തുനിന്നാണ് മറ്റൊരു രാജ്യത്തെ ബഹുമാന്യ പദവികള്‍ നേടുന്നതിലേക്ക് ജാക്‌സണ്‍ വളര്‍ന്നത്. മത്സ്യത്തൊഴിലാളികളായ ഫിലിപ്പിന്റെയും കാതറിന്റെയും മൂത്ത മകനാണ്. ഇംഗ്ലണ്ടിലെ നാഷണല്‍ ലോ സ്‌കൂളില്‍ നിയമപഠനത്തിന് പ്രവേശനം നല്‍കാമെന്ന വാഗ്ദാനവുമായെത്തിയ തട്ടിപ്പുകാര്‍ക്ക് സഹകരണസംഘത്തില്‍ നിന്ന് ലോണെടുത്താണ് അഞ്ച് ലക്ഷം രൂപ നല്‍കിയത്. പണം നഷ്ടപ്പെട്ടതിനൊപ്പം വീടുകൂടി ജപ്തിയായതോടെ പഠനം പാതിയിലുപേക്ഷിച്ച് നിത്യവൃത്തിക്കായി ചെറിയ ജോലികള്‍ക്കിറങ്ങി. ഇതിനിടയിലാണ് ഓസ്േട്രലിയയില്‍ എത്തുന്നത്. പഠനം വീണ്ടും തുടര്‍ന്നു. ഇപ്പോള്‍ കൗണ്‍സലിങ്ങില്‍ മാസ്റ്റര്‍ ബിരുദത്തിനുള്ള പഠനത്തിലാണ്.

More Citizen News - Thiruvananthapuram