കേരളം ജൈവ സംസ്‌കൃതിയിലേക്ക്; തലസ്ഥാനം ആദ്യജില്ല

Posted on: 18 Aug 2015


ടി. രാമാനന്ദകുമാര്‍തിരുവനന്തപുരം: നെല്ലുമുതല്‍ കറിവേപ്പില വരെ ജൈവകൃഷിയിലൂടെ ഉത്പാദിപ്പിക്കാന്‍ കൃഷിവകുപ്പ് ഒരുക്കം തുടങ്ങി. തനത് ജൈവസംസ്‌കൃതി തിരികെ കൊണ്ടുവന്ന് കേരളത്തെ ജൈവ സംസ്ഥാനമായി മാറ്റാനാണ് പദ്ധതി. ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്തെ ജൈവ ജില്ലയായി മാറ്റാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. നവംബര്‍ ഒന്നിന് ഇതിന്റെ പ്രഖ്യാപനമുണ്ടാകും.
എല്ലാ ജില്ലകളിലും ഘട്ടംഘട്ടമായി പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ജൈവ വിഭവകേന്ദ്രങ്ങള്‍, സ്‌കൂളുകളില്‍ ജൈവ പാഠശാല, ജൈവ കര്‍ഷക കൂട്ടായ്മ, സായാഹ്ന കാര്‍ഷിക ക്ലിനിക്ക് എന്നിവ ഇതിന്റെ ഭാഗമായി നടപ്പാക്കും.
ആദ്യഘട്ടത്തില്‍ തലസ്ഥാന ജില്ലയിലെ എല്ലാ കൃഷിഭവനുകളും കേന്ദ്രീകരിച്ച് ജൈവ വിഭവ കേന്ദ്രങ്ങള്‍ തുറക്കുകയാണ്. ജൈവ ഉത്പാദനോപാധികള്‍ കര്‍ഷകര്‍ക്ക് കിട്ടുന്നില്ലെന്ന പരാതിയുണ്ട്. ഇതു പരിഹരിക്കാനാണ് ജൈവ വിഭവ കേന്ദ്രങ്ങള്‍ തുറക്കുന്നത്. 10 ഇനം കീടനാശിനികള്‍, വളം, വിത്തുപാക്കറ്റ് എന്നിവ ഇവിടെ ലഭിക്കും. കുടപ്പനക്കുന്ന് കൃഷിഭവന്റെ പരിധിയില്‍ കേന്ദ്രത്തിന്റെ ജില്ലാതല ഉദ്ഘാടനം നടന്നു. നെടുമങ്ങാട് ബ്ലോക്കിലെ എട്ട് പഞ്ചായത്തുകളില്‍ ഈ മാസം കേന്ദ്രങ്ങള്‍ ആരംഭിക്കും.
വിദ്യാലയങ്ങളില്‍ ജൈവ കൃഷി പോഷിപ്പിക്കാനായി ജൈവ പാഠശാലകള്‍ സ്ഥാപിക്കും. 20 രൂപ വിലയുള്ള പച്ചക്കറി വിത്തുപായ്ക്കറ്റുകള്‍ ജില്ലയിലെ 1,272 സ്‌കൂളുകളില്‍ സൗജന്യമായി വിതരണം ചെയ്തു കഴിഞ്ഞു. കുട്ടികള്‍ക്ക് വീടുകളിലും സ്‌കൂള്‍ വളപ്പിലും പച്ചക്കറി കൃഷി ചെയ്യനാണിത്. തിരഞ്ഞെടുക്കപ്പെട്ട 400 ഓളം സ്‌കൂളുകളില്‍ പോഷകത്തോട്ടം നിര്‍മിക്കും. ഈ സ്‌കൂളുകള്‍ക്ക് 5,000 രൂപയുടെ ആനുകൂല്യവും നല്‍കും.
ബ്ലോക്ക് തലത്തില്‍ മനസ്സ് എന്ന പേരില്‍ ജൈവ കര്‍ഷക കൂട്ടായ്മ സംഘടിപ്പിക്കുന്നുണ്ട്. പ്രാദേശികതലത്തില്‍ ജൈവ കൃഷിയുടെ വ്യാപന സാധ്യത അറിയാനും കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് തുടര്‍പ്രവര്‍ത്തനം നടത്താനും വേണ്ടിയാണിത് ചെയ്യുന്നത്. കര്‍ഷകര്‍ക്കൊപ്പം ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കൂട്ടായ്മയിലുണ്ടാകും. ജില്ലയില്‍ കാട്ടാക്കട, നെടുമങ്ങാട്, വാമനപുരം, അതിയന്നൂര്‍ എന്നിവിടങ്ങളില്‍ മനസ്സിന്റെ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു.
കര്‍ഷകരുടെ സംശയനിവാരണത്തിനും നിര്‍ദേശങ്ങള്‍ക്കും ജില്ലാതലത്തില്‍ സായാഹ്ന കാര്‍ഷിക ക്ലിനിക്ക് ആരംഭിക്കും. കര്‍ഷകര്‍ക്ക് ജില്ലാ കൃഷി ഓഫീസുമായി ടെലിഫോണിലൂടെയും ബന്ധപ്പെടാം.
ഗ്രോ ബാഗുകളില്‍ നെല്‍ കൃഷി വിജയകരമായി നടത്താമെന്ന് തെളിഞ്ഞതായി ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഡോ. എന്‍.ജി.ബാലചന്ദ്രനാഥ് അറിയിച്ചു.
വിഷലിപ്തമല്ലാത്ത പച്ചക്കറിയുടെ ഉപയോഗമെന്ന ആശയം പൊതുസമൂഹം ഏറ്റെടുത്തുകഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. ഐ.എം.എ.യുടെ നേതൃത്വത്തില്‍ വെണ്‍പാലവട്ടം ഡോക്ടേഴ്‌സ് വില്ലേജില്‍ 50 സെന്റ് സ്ഥലത്ത് ജൈവ പച്ചക്കറി കൃഷി ചെയ്തിരുന്നു. വിജയകരമായ വിളവെടുപ്പാണ് ഇവിടെയുണ്ടായത്.

More Citizen News - Thiruvananthapuram