പോക്കുമൂസാപുരത്തെ പൂവാറാക്കിയ സമുദ്രക്കായ് വിസ്മൃതിയിലേക്ക്‌

Posted on: 18 Aug 2015പൂവാര്‍: പോക്കുമൂസാപുരത്തെ പൂവാറാക്കിയ കോവളമരം (സമുദ്രക്കായ്) ഓര്‍മ്മയിലേക്ക് മറയുന്നു. ഇതിന്റെ അവസാനകണ്ണി തലയെടുപ്പോടെ എ.വി.എം. കനാലിന്റെ തീരത്ത് നില്‍ക്കുന്നു. കടയ്ക്കല്‍ ഏതുസമയത്തും കത്തി വീഴാമെന്ന ഭീഷണിയിലാണ് ഇതിന്റെ നിലനില്പ്. തിരുവിതാംകൂര്‍ ചരിത്രത്തില്‍ ഇടം നേടിയ മരമാണ് വംശനാശ ഭീഷണിയിലായിട്ടുള്ളത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് നെയ്യാറിന്റെ ഇരുകരകളിലും അനന്ത വിക്ടോറിയ മാര്‍ത്താണ്ഡം (എ.വി.എം.) കനാലിന്റെ വശത്തും ഇടതൂര്‍ന്ന് വളര്‍ന്നിരുന്ന മരമാണിത്. മരത്തില്‍ നിന്ന് പൂക്കള്‍ നദിയില്‍ വീഴുമ്പോള്‍ പൂനിറഞ്ഞ് ജലം കാണാനാകാതെ ഒഴുകുമായിരുന്നു.
ചരിത്രം പറയുന്നത് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന മാര്‍ത്താണ്ഡവര്‍മ്മ ഒളിവില്‍ കളിഞ്ഞ കാലം. എട്ടുവീട്ടില്‍ പിള്ളമാരില്‍ നിന്ന് രക്ഷതേടി അദ്ദേഹം അറബിക്കടലിന്റെ തീരത്തെ പോക്കുമൂസാപുരത്തെത്തി. ഇന്നത്തെ പൂവാര്‍ അന്ന് പോക്കുമൂസാപുരമായിരുന്നു. ഇവിടെ കല്ലയ്ക്കല്‍ വീട്ടില്‍ അദ്ദേഹം അഭയംതേടി. ഇവിടത്തെ മാതാവ് കുമാരനെ തിരഞ്ഞെത്തിയ എട്ടുവീട്ടില്‍ പിള്ളമാരുടെ അനുചരന്‍മാരെ നയത്തില്‍ ദിശതെറ്റിച്ച് മാര്‍ത്താണ്ഡവര്‍മ്മയുടെ പ്രാണന്‍ രക്ഷിച്ചു.
ഇവിടെനിന്ന് നന്ദിപറഞ്ഞ് പോകുന്നതിനിടെ മാര്‍ത്താണ്ഡവര്‍മ്മ ആറിന്റെ തീരത്തെത്തി. ആറിലെ കാഴ്ച അദ്ദേഹത്തെ വിസ്മയിപ്പിച്ചു. കരയിലെ മരത്തില്‍ നിന്ന് വീണ പൂക്കള്‍ കൊണ്ട് നദിയാകെ മൂടിയിരുന്നു. ഇതുകണ്ട അദ്ദേഹം പറഞ്ഞു ഇത് പൂവാറാണല്ലോ. പൂവീണ് ഭംഗിയില്‍ ഒഴുകുന്ന ഈ നാടും പൂവാറെന്ന പേരില്‍ അറിയണമെന്നും അദ്ദേഹം പറഞ്ഞതായി കഥകളുണ്ട്. ഇതെത്തുടര്‍ന്നാണ് സ്ഥലത്തിന് പൂവാര്‍ എന്ന് പേര് വന്നതെന്ന് പഴമക്കാര്‍ പറയുന്നു.
ഇത്തരത്തില്‍ ചരിത്രത്തില്‍ ഇടംനേടിയ മരമാണ് പുതുതലമുറക്ക് അന്യമായിക്കൊണ്ടിരിക്കുന്നത്. അടുത്തകാലത്ത് ജൈവ വൈവിധ്യ വകുപ്പ് നടത്തിയ പഠനത്തില്‍ ആലപ്പുഴയിലും സമുദ്രക്കായ് കണ്ടെത്തി. പൂക്കള്‍ക്ക് ഭംഗിയുണ്ടെങ്കിലും ചിലയിടങ്ങളില്‍ മീന്‍ പിടിക്കാനുള്ള വിഷക്കായായി ഇത് ഉപയോഗിച്ചിരുന്നതായും പറയപ്പെടുന്നു.


95


കായ് നിറഞ്ഞ മരം

More Citizen News - Thiruvananthapuram