നിരവധി കേസുകളിലെ പ്രതികളായ സഹോദരങ്ങള്‍ അറസ്റ്റില്‍

Posted on: 17 Aug 2015കിളിമാനൂര്‍: കവര്‍ച്ചയും കൊലപാതകശ്രമവുമടക്കം നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളായ സഹോദരങ്ങളെ പോലീസ് അറസ്റ്റുചെയ്തു.
പഴയകുന്നുമ്മേല്‍ പഞ്ചായത്തിലെ അടയമണ്‍ ആറ്റൂര്‍ പച്ചയില്‍ വീട്ടില്‍ അഞ്ഞൂറാന്‍ എന്ന രാകേഷ്‌കുമാര്‍ (29), സഹോദരങ്ങളായ കോടന്‍ എന്ന രാജേഷ്‌കുമാര്‍, മഹേഷ്‌കുമാര്‍ (28) എന്നിവരെയാണ് കിളിമാനൂര്‍ സി.ഐ. എസ്.ഷാജിയുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.
അടയമണ്‍ ആറ്റൂര്‍ മഹാവിഷ്ണുക്ഷേത്രത്തിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന് ഓഫീസിലെ മേശയില്‍ സൂക്ഷിച്ചിരുന്ന 5200 രൂപയും വിളക്കുകളും കവര്‍ന്ന കേസിലാണ് അറസ്റ്റുചെയ്തത്. ക്ഷേത്രഭരണസമിതി പ്രസിഡന്റ് ചന്ദ്രന്‍പിള്ളയുടെ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. അടയമണ്ണിന് സമീപം ആറ്റൂരിലുള്ള ഒരു വീട്ടില്‍ ഒളിച്ച് താമസിക്കുകയായിരുന്ന ഇവരെ വിടുവളഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവര്‍ ഇവിടെ താമസിക്കുന്നതായി നാട്ടുകാരാണ് വിവരം നല്‍കിയത്.
തിരുവനന്തപുരം മെഡിക്കല്‍കോളേജ് ടാക്‌സി സ്റ്റാന്‍ഡില്‍നിന്ന് ഓട്ടം വിളിച്ചുകൊണ്ടുപോയി ഡ്രൈവറെ മര്‍ദിച്ച് പണം കവര്‍ന്ന കേസ്, അടയമണ്‍ സ്വദേശി നസീമിനെ ആക്രമിച്ച കേസ്, അടയമണ്‍ കൃഷ്ണന്‍കുട്ടിയുടെ വീട്ടില്‍നിന്ന് റബ്ബര്‍ഷീറ്റ് കവര്‍ച്ച, വയ്യാറ്റിന്‍കര സ്വദേശി രവീന്ദ്രനെ ആക്രമിച്ച കേസ്, പുളിമാത്ത് സ്വദേശിനി ഗിരിജകുമാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്, പാപ്പാല സ്വദേശി വേണുവിനെ ആക്രമിച്ച കേസ് എന്നിവയടക്കം നിരവധി ആക്രമണം, പിടിച്ചുപറി, മോഷണം എന്നിവയില്‍ മൂവരും പ്രതികളാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
എസ്.ഐ. സുഭാഷ്‌കുമാര്‍, ഗ്രേഡ് എസ്.ഐ.മാരയ ഗോവിന്ദക്കുറുപ്പ്, ജലാലുദ്ദീന്‍, അജിത്, എ.എസ്.ഐ.മാരായ രമേഷ്‌കുമാര്‍, അജയന്‍, പോലീസുകാരായ താഹിര്‍, മുകേഷ്, വിനോദ്, സുനില്‍, ഷെജിം, അനൂപ്, ബിന്ദു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്.

More Citizen News - Thiruvananthapuram