കാട്ടാക്കട-തിരുവനന്തപുരം റോഡ് വഴിയുള്ള യാത്ര ജനങ്ങളുടെ നടുവൊടിക്കുന്നു.

Posted on: 17 Aug 2015കാട്ടാക്കട : നെയ്യാര്‍ ഡാം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളെ നഗരവുമായി ബന്ധിപ്പിക്കുന്ന കാട്ടാക്കട-തിരുവനന്തപുരം റോഡ് തകര്‍ന്നിട്ട് അറ്റകുറ്റപ്പണി നടക്കുന്നില്ല. ഈ റോഡു വഴിയുള്ള യാത്ര ജനങ്ങളുടെ നടുവൊടിക്കുന്നു.
കാട്ടാക്കട, ചപ്പാത്ത്, കിള്ളി, പൊട്ടന്‍കാവ്, മലയിന്‍കീഴ്, ഇരട്ടക്കലുങ്ക്, കരിപ്പൂര്, തച്ചോട്ടുകാവ്, പേയാട്, തുടങ്ങിയ സ്ഥലങ്ങളില്‍ റോഡ് തകര്‍ന്ന് കുണ്ടും കുഴിയുമായിട്ട് മാസങ്ങളായി. പലപ്പോഴായി ലക്ഷങ്ങള്‍ ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തിയ റോഡ് രണ്ടു മഴ കഴിഞ്ഞതോടെ പഴയതിലും മോശമായി. അശാസ്ത്രീയ നിര്‍മാണം ആണ് അറ്റകുറ്റപ്പണി ചെയ്തിട്ടും റോഡ് വീണ്ടും തകരാന്‍ കാരണമായത് എന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. കൂടാതെ വെള്ളക്കെട്ട് രൂപപ്പെടുന്ന സ്ഥലങ്ങളില്‍ പരിഹാരമായി റോഡ് ഉയര്‍ത്തി പണിയുകയും ഇരു വശങ്ങളിലുമായി ഓട നിര്‍മിക്കണം എന്ന ആവശ്യവും നടക്കുന്നില്ല. നെയ്യാര്‍ ഡാം വിനോദസഞ്ചാരകേന്ദ്രം, വെള്ളറട, കോട്ടൂര്‍ അഗസ്ത്യ വനം, കാപ്പുകാട് ആന പുനരധിവാസ കേന്ദ്രം എന്നിവിടങ്ങളിലേക്കുള്ള പ്രധാന റോഡാണ് തകര്‍ന്നു കിടക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് എട്ടിരുത്തി ചപ്പാത്ത് നാട്ടുകാരുടെ പ്രതിഷേധത്തിനെ തുടര്‍ന്ന് കുഴികള്‍ നികത്തി ടാര്‍ ചെയ്തു താത്കാലികമായി ഗതാഗതയോഗ്യമാക്കിയിരുന്നു. പൊട്ടന്‍കാവ് ക്ഷേത്രത്തിനു സമീപത്തും ഇത്തരത്തില്‍ പണി നടത്തിയിരുന്നു. എന്നാല്‍ റോഡിനിരുവശത്തും ഓട പണിത് വെള്ളം ഒഴുക്കിവിടാനുള്ള സംവിധാനം ചെയ്യാത്തതാണ് മഴ തുടങ്ങിയപ്പോള്‍ വീണ്ടും റോഡ് തകര്‍ച്ചയ്ക്ക് കാരണമായത്. മലയിന്‍കീഴ് ഇരട്ടക്കലുങ്ക് ഭാഗത്ത് റോഡില്‍ എല്ലാ കാലത്തും കുഴിയാണ്. ഇവിടെ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവുമാണ്.
തച്ചോട്ടുകാവ് ജങ്ഷനില്‍ അടുത്തിടെ റബ്ബര്‍ ചേര്‍ത്ത് ടാര്‍ ഉപയോഗിച്ച് അറ്റകുറ്റപ്പണി ചെയ്തു എന്നാണു പൊതു മരാമത്ത് വകുപ്പ് പറഞ്ഞത്. എന്നാല്‍ ശക്തമായ മഴയില്‍ റോഡ് ഒലിച്ചുപോയി വന്‍ കുഴികള്‍ രൂപപ്പെട്ട സ്ഥിതിയിലാണ്. കൂടാതെ പേയാട് പള്ളിമുക്കില്‍ കോര്‍പ്പറേഷന്‍ പണിത റോഡും കുണ്ടുംകുഴിയുമായ സ്ഥിതിയില്‍ ആണ്. പള്ളിമുക്ക് മുതല്‍ പൂജപ്പുരവരെയുള്ള ഈ റോഡിലും പലേടത്തും വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട് . നിരവധി വാഹനങ്ങളാണ് ദിനവും ഇവിടത്തെ അപകടക്കുഴികളില്‍പ്പെടുന്നത്. സ്‌കൂളിലേക്കും ഓഫീസിലേക്കും കാല്‍നടയായി ബസ് സ്റ്റോപ്പുകളില്‍ എത്തുന്നവരുടെ പുറത്തു ചെളിവെള്ളം തെറിക്കുന്നതും പതിവാണ് . മഴയില്ലാത്തപ്പോള്‍ ഇളകി കിടക്കുന്ന മെറ്റലുകളില്‍ വാഹനങ്ങളുടെ ചക്രംപതിച്ച് മെറ്റലുകള്‍ തെറിച്ച് യാത്രക്കാരുടെ മേല്‍ പതിച്ചും അപകടങ്ങള്‍ സംഭവിക്കുന്നുണ്ട്. അടിയന്തരമായി വെള്ളക്കെട്ടിന് ശാശ്വതപരിഹാരമായി ഈ സ്ഥലങ്ങളില്‍ റോഡ് ഉയര്‍ത്തുകയും വശങ്ങളില്‍ ഓട നിര്‍മിച്ച് ഗതാഗത യോഗ്യമാക്കാന്‍ നടപടി സ്വീകരിക്കണം എന്നും ശാശ്വത പരിഹാരമായി ഇത്തരം വെള്ളക്കെട്ട് രൂപപ്പെടുന്ന സ്ഥലങ്ങളില്‍ ഇന്റര്‍ ലോക്ക് സംവിധാനം ഉപയോഗിക്കണം എന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു .റോഡ് നവീകരിച്ച് ടാര്‍ ചെയ്യാന്‍ആദ്യം 18.5 കോടി രൂപ അനുവദിച്ചതായി പ്രഖ്യാപനം വന്നിട്ട് മാസങ്ങളായി. എന്നാല്‍ പണി നടന്നില്ല .

More Citizen News - Thiruvananthapuram