പൂവത്തൂര്‍ സ്‌കൂള്‍മുറ്റത്തെ പച്ചക്കറി വിസ്മയം ഇന്ന് വിളവെടുപ്പുത്സവം

Posted on: 17 Aug 2015



നെടുമങ്ങാട്: പൂവത്തൂര്‍ സ്‌കൂള്‍ മുറ്റത്തെത്തിയാല്‍ ഒരു പച്ചക്കറി തോട്ടത്തിലെത്തിയതായി തോന്നും. വിദ്യാര്‍ഥികളും നെടുമങ്ങാട് കൃഷിഭവനും പി.ടി.എ.യും അനുഭവ സമ്പത്തുള്ള കര്‍ഷകരും കൈകോര്‍ത്തപ്പോള്‍ സ്‌കൂള്‍ മുറ്റത്ത് വിളഞ്ഞത് പച്ചക്കറി വിസ്മയം. പാവയ്ക്കയും, പടവലങ്ങയും വളര്‍ന്ന് കിടക്കുന്നതിന്റെ സമൃദ്ധി ഓരോ വിദ്യാര്‍ഥിയിലും ആത്മാഭിമാനമാണ് നല്‍കുന്നത്. മലയാള മാസപിറവി ദിനമായ തിങ്കളാഴ്ച ആഘോഷമായി വിളവെടുപ്പ് നടത്താനാണ് പരിപാടി.
ഒരു കാലത്ത് സാമൂഹ്യവിരുദ്ധരുടെ വിഹാര കേന്ദ്രമായിരുന്ന സ്‌കൂള്‍ പിരസരം പച്ചക്കറി തോട്ടത്തിന് വഴിമാറിയത് നിരവധി വര്‍ഷങ്ങളുടെ ശ്രമഫലമായാണ്. കഴിഞ്ഞ വര്‍ഷം ജില്ലാതലത്തില്‍ പച്ചക്കറി കൃഷിയില്‍ മികച്ച സ്‌കൂളിനുള്ള രണ്ടാം സ്ഥാനം പൂവത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ലഭിച്ചു. 40 സെന്റ് സ്ഥലത്ത് വെള്ളായണി കാര്‍ഷിക കോളേജില്‍ നിന്ന് വാങ്ങിയ വിത്തുകളാണ് വിതച്ചത്. പച്ചക്കറി ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി ജൈവവളങ്ങളാണ് ഉപയോഗിച്ചത്. കീടനാശിനി പൂര്‍ണമായും ഒഴിവാക്കി കീടങ്ങളേയും പ്രാണികളെയും നശിപ്പിക്കാനായി ഫിറമോണ്‍കെണിയും, ശര്‍ക്കര കെണിയും ഉപയോഗിച്ചു. ഒഴിവ് ദിവസങ്ങളില്‍ പോലും വിദ്യാര്‍ഥികള്‍ കൃഷിഭൂമിയിലെത്തി പണികള്‍ ചെയ്തിരുന്നു. മാതൃകാ കര്‍ഷകനുള്ള അവാര്‍ഡ് നേടിയിട്ടുള്ള ഡി.ജസ്റ്റസിന്റെ ഉപദേശവും അനുഭവവും കുട്ടികള്‍ക്ക് മികച്ച പാഠമായിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശരത്ചന്ദ്രന്‍, പി.ടി.എ. പ്രസിഡന്റ് എസ്.എസ്.ബിജു എന്നിവര്‍ നല്‍കിയ പ്രോത്സാഹനവും പിന്‍തുണയും കുട്ടികള്‍ക്ക് കൃഷിയെ മികവുറ്റതാക്കി. വിളവെടുപ്പ് വന്‍ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് വിദ്യാര്‍ഥികളും പി.ടി.എ.യും നെടുമങ്ങാട് കൃഷിഭവനും. നെടുമങ്ങാട് കൃഷിഭവന്റെ കര്‍ഷക ദിനാചരണം സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്നതോടൊപ്പം വിളവെടുപ്പും നടത്തും.

More Citizen News - Thiruvananthapuram