മലയോരമേഖലയില്‍ വീണ്ടും പേപ്പട്ടി ശല്യം

Posted on: 17 Aug 2015വെള്ളറട: ഒരിടവേളയ്ക്ക്‌ശേഷം മലയോരമേഖലയില്‍ പേപ്പട്ടി ശല്യം രൂക്ഷമാകുന്നു. കുടപ്പനമൂട്ടിലും കണ്ണന്നൂരിലുമായി വെള്ളിയാഴ്ച മൂന്നുപേര്‍ക്ക് പട്ടിയുടെ കടിയേറ്റു. കൂടാതെ നിരവധി വളര്‍ത്തുമൃഗങ്ങളും ആക്രമണത്തിന് ഇരയായി. ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതികള്‍ നല്‍കിയിട്ടും പരിഹാരനടപടികള്‍ വൈകുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു.
കുടപ്പനമൂട് നൂള്ളിയോട് സ്വദേശി വിലാസിനി (52), കാസാറോഡ് സ്വദേശി സുള്‍ഫി (22), കണ്ണന്നൂര്‍ സ്വദേശി മണിയന്‍ (60) എന്നിവര്‍ക്കാണ് കടിയേറ്റത്. ഒരാളെ റോഡിലും മറ്റുള്ളവരെ വീടിന് സമീപത്ത്‌ െവച്ചുമാണ് പട്ടി കടിച്ചത്. ഓടിക്കൂടിയ നാട്ടുകാര്‍ രണ്ടിടത്ത് നായയെ അടിച്ചുകൊന്നു. കടിയേറ്റ മൂവരും ആശുപത്രിയില്‍ ചികിത്സതേടി. രണ്ടുമാസം മുമ്പാണ് മണ്ണാംകോണം ആലുംകുഴി സ്വദേശി ശശിധരന്‍ (60) പേപ്പട്ടിയുടെ കടിയേറ്റ് മരിച്ചത്. പനച്ചമൂട് ചന്തയില്‍ എത്തിയ മൂന്ന് കുലക്കച്ചവടക്കാര്‍ക്കും വെള്ളറടയില്‍ ബസ് കാത്തുനിന്ന അഞ്ച് യാത്രക്കാര്‍ക്കും പട്ടിയുടെ കടിയേറ്റിരുന്നു. വെള്ളറട, അമ്പൂരി, കുന്നത്തുകാല്‍, ആര്യങ്കോട് എന്നീ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളായ ആനപ്പാറ, കോവില്ലുര്‍, മുള്ളിലവുവിള, ആലിക്കോട്, കുടയാല്‍, കുടപ്പനമൂട്, മണ്ണാംകോണം, കരിക്കറത്തല, ചെറിയകൊല്ല, തുടങ്ങിയ പ്രദേശങ്ങളിലാണ് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായത്
രാത്രി ബൈക്കില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഇവ ഭീഷണിയാകുന്നുണ്ട്. ചന്തകളില്‍ പ്രവര്‍ത്തിക്കുന്ന കശാപ്പ് കേന്ദ്രങ്ങളിലെയും മീന്‍, കോഴിക്കടകളിലെയും അവശിഷ്ടങ്ങള്‍ അവിടെതന്നെ നിക്ഷേപിക്കുന്നതും പാതയോരത്ത് വലിച്ചെറിയുന്നതുമാണ് തെരുവ്പട്ടികളുടെ എണ്ണം പെരുകാന്‍ കാരണമാകുന്നത്. മാംസാവശിഷ്ടങ്ങള്‍ കഴിക്കാനായി പരിസരപ്രദേശങ്ങളിലെ തെരുവ്‌നായ്ക്കള്‍ കൂട്ടമായി ഈ പ്രദേശങ്ങളില്‍ പതിവായി എത്തുന്നുണ്ട്. നായ്ക്കള്‍ തമ്മിലുള്ള കടിപിടി പലപ്പോഴും കാല്‍നടക്കാര്‍ക്കും ഭീഷണിയാകുന്നുണ്ട്.
ആനപ്പാറയില്‍ ഒഴിഞ്ഞ് കിടക്കുന്ന സര്‍ക്കാര്‍ വക കെട്ടിടങ്ങളുടെ പരിസരത്ത് താവളമാക്കിയിട്ടുള്ള തെരുവ് നായ്ക്കള്‍ സമീപത്തെ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ എത്തുന്ന രോഗികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ശല്യമാകുന്നുണ്ട്. മുമ്പ് പേപ്പട്ടിശല്യം രൂക്ഷമായപ്പോള്‍ പഞ്ചായത്ത് അധികൃതര്‍ ഇവയെ പിടികൂടാന്‍ നടപടികള്‍ എടുത്തിരുന്നു. എന്നാല്‍ ചില മൃഗസ്‌നേഹികള്‍ ഇതിനെതിരെ രംഗത്ത് വന്നതോടെ ആ ശ്രമവും ഉപേക്ഷിച്ചു. മലയോരനിവാസികളെ ഒന്നടങ്കം ഭീതിയിലാക്കുന്ന തെരുവ്പട്ടികളുടെ ശല്യത്തിന് പരിഹാരം കാണാന്‍ ഉടനടി നടപടികള്‍ ഉണ്ടാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

More Citizen News - Thiruvananthapuram