വിഴിഞ്ഞം: മത്സ്യത്തൊഴിലാളികളുടെ ആശങ്ക ദുരീകരിക്കണം -ആക്ഷന്‍ കൗണ്‍സില്‍

Posted on: 17 Aug 2015തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ ആശങ്ക ദുരീകരിച്ചുമാത്രമേ വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി മുന്നോട്ടുപോകാവൂവെന്ന് തിരുവനന്തപുരം അതിരൂപതാ തുറമുഖ ആക്ഷന്‍ കൗണ്‍സില്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
തുറമുഖത്തിനായി 4 കിലോമീറ്റര്‍ (പുലിമുട്ട്) കല്ലിടുകളയും 180 ഏക്കര്‍ കടല്‍ നികത്തുകയും ചെയ്യുമ്പോള്‍ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികള്‍ക്ക് വീടുകള്‍ നഷ്ടപ്പെടും. കപ്പല്‍ച്ചാനല്‍ നിര്‍മിക്കുന്നതിനായി ഡ്രഡ്ജിങ് നടത്തുകയും കപ്പലിലെ മാലിന്യങ്ങളും ഇന്ധനവും കടലില്‍ ഒഴുക്കുന്നതിന്റെയും ഫലമായി മത്സ്യസമ്പത്തില്‍ ഗണ്യമായ ശോഷണം ഉണ്ടാവും. വിഴിഞ്ഞത്ത് നിലവിലുള്ള മത്സ്യബന്ധനതുറമുഖം പ്രവര്‍ത്തനരഹിതമാവുകയും ദൈനംദിനമുള്ള കപ്പല്‍ഗതാഗതത്തിന്റെ ഫലമായി കടലില്‍ അപകടങ്ങള്‍ വര്‍ധിക്കുകയും ചെയ്യുമെന്ന് യോഗം വിലിയിരുത്തി.
ഈ വിഷയങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് തിങ്കളാഴ്ച 3 മണിക്ക് പാളയം കത്തീഡ്രല്‍ ദേവാലയത്തോടനുബന്ധിച്ചുള്ള ഹാളില്‍ നടക്കുന്ന സംസ്ഥാന കണ്‍വെന്‍ഷന്‍ മാര്‍ സൂസപാക്യം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. കണ്‍വെന്‍ഷനില്‍ കെ.ആര്‍.എല്‍.സി.സി. വക്താവ് ഷാജി ജോര്‍ജ് അധ്യക്ഷനായിരിക്കും. ടിറ്റോ ഡിക്രൂസ് വിഷയം അവതരിപ്പിക്കും.
19ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ക്കുന്ന യോഗത്തില്‍ മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനുവേണ്ട നടപടി ഉണ്ടായില്ലെങ്കില്‍ തുടര്‍പരിപാടികളുമായി മുന്നോട്ടുപോകും.
ഞായറാഴ്ച വികാരി ജനറല്‍ മോണ്‍. യൂജിന്‍ എച്ച്.പെരേരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മോണ്‍ തോമസ് നെറ്റോ, മോണ്‍ ജെയിംസ് കുലാസ്, മോണ്‍ വില്‍ഫ്രഡ്, ഫാ. തിയോഡഷ്യസ് ഡിക്രൂസ്, ടി.പീറ്റര്‍, ബെര്‍ബി ഫെര്‍ണാണ്ടസ്, സേവ്യര്‍ ലോപ്പസ്, പീറ്റര്‍ സെബാസ്റ്റ്യന്‍, ജോണ്‍ ബോസ്‌കോ, അഡ്വ. അഡോള്‍ഫ് മൊറൈസ്, മൈക്കിള്‍, ബഞ്ചമിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram