പാറശ്ശാല എസ്.ഐ.യുടെ മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ക്ക് കഠിനതടവ്‌

Posted on: 17 Aug 2015പാറശ്ശാല: പാറശ്ശാല എസ്.ഐ. ആയിരുന്ന തുളസീധരന്റെ മകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കുറ്റത്തിന് മൂന്നുപേരെ കോടതി കഠിനതടവിന് ശിക്ഷിച്ചു.
പാറശ്ശാല മുര്യങ്കര പനയംവിള മരുതലയ്ക്കല്‍ വീട്ടില്‍ ബിനു, മുര്യങ്കര മണികണ്ഠവിലാസം വീട്ടില്‍ മണികണ്ഠന്‍ എന്നു വിളിക്കുന്ന സെല്‍വരാജ്, മുര്യങ്കര കുഞ്ചുവിളാകം വീട്ടില്‍ സനല്‍ എന്നിവരെയാണ് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
2001 ഡിസംബര്‍ 23ന് തുളസീധരന്റെ വീട്ടില്‍ കയറി 11 വയസ്സുള്ള മകന്‍ ഗോവിന്ദിനെ തലയില്‍ വെട്ടിയെന്നാണ് കേസ്. വെട്ടേറ്റ് ഗോവിന്ദിന്റെ ഇടത് ചെവി മുറിഞ്ഞു. മര്‍ദനമേറ്റ് ഇടതുകൈ ഒടിഞ്ഞു. തുളസീധരന്റെ ഭാര്യ സുനിതയുടെ മാല പൊട്ടിക്കുകയും ഗൃഹോപകരണങ്ങള്‍ നശിപ്പിച്ചുവെന്നും കുറ്റപത്രത്തിലുണ്ട്.
ഡിവൈ.എസ്.പി. ജെ. വില്‍ഫ്രഡ് അന്വേഷിച്ച കേസില്‍ പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.ടി.ജയരാജ്‌സിങ്, അഡ്വ. ജാഷര്‍ ഡാനിയല്‍ എന്നിവര്‍ ഹാജരായി.

More Citizen News - Thiruvananthapuram