മാലിന്യങ്ങള്‍ ജൈവവളമാക്കി വീട്ടുവളപ്പില്‍ രവീന്ദ്രന്റെ മാതൃകാകൃഷി

Posted on: 17 Aug 2015തിരുവനന്തപുരം: വീട്ടിലെ മാലിന്യങ്ങള്‍ സംസ്‌കരിച്ച് വീട്ടുവളപ്പിലും മട്ടുപ്പാവിലും കൃഷിനടത്തി മാതൃകയാവുകയാണ് കൊച്ചുള്ളൂര്‍ പനച്ചവിള രജിഭവനില്‍ രവീന്ദ്രന്‍. വീടുള്‍പ്പെടെ 10 സെന്റില്‍ കറിവേപ്പില മുതല്‍ നെല്ല് വരെ ഈ കര്‍ഷകന്‍ ഉല്പാദിപ്പിക്കുന്നു. മട്ടുപ്പാവിലെ നെല്‍കൃഷിക്ക് പുറമെ വീടിന് തണലേകി പാഷന്‍ ഫ്രൂട്ടുമുണ്ട്. കൂടാതെ വെണ്ട, കത്തിരി, പച്ചമുളക് തുടങ്ങിയ പച്ചക്കറികളും ചീരയും മഞ്ഞള്‍, ഇഞ്ചി തുടങ്ങിയ ഔഷധസസ്യങ്ങളും പഴവര്‍ഗങ്ങളും രവീന്ദ്രന്റെ വീടിനെ ഹരിതാഭമാക്കുന്നു. 'കുറഞ്ഞ ചെലവില്‍ വിഷവിമുക്ത സുരക്ഷിത മട്ടുപ്പാവ് ജൈവകൃഷി'- ഇതാണ് രവീന്ദ്രന്‍ എന്ന കര്‍ഷകന്‍ മുന്നോട്ടുെവക്കുന്ന ആശയം. നഗരത്തിലായാലും നാട്ടിന്‍പുറത്തായാലും ഓരോ കുടുംബത്തിനും ആവശ്യമായ പച്ചക്കറികള്‍ വീട്ടുവളപ്പില്‍ത്തന്നെ വിളയിച്ച് പല മാരക രോഗങ്ങളില്‍നിന്നും രക്ഷനേടാമെന്ന് ഇദ്ദേഹം ഉപദേശിക്കുന്നു. ഗ്രോ ബാഗിലും ചെടിച്ചട്ടിയിലുമാണ് കൃഷി. വീടിന്റെ ചുമരുവരുന്ന ഭാഗങ്ങളിലും ബീമുകളിലും ഹോളോബ്രിക്‌സ്‌ െവച്ച് അതില്‍ ജി.ഐ. പൈപ്പുകൊണ്ട് ബ്രാക്കറ്റ് ഉണ്ടാക്കി അതിന്റെ മുകളിലാണ് ചെടിച്ചട്ടിയില്‍ കൃഷി.
വീട്ടിലെ ഭക്ഷണാവശിഷ്ടങ്ങള്‍, കഞ്ഞിവെള്ളം, തുളസി, തുമ്പച്ചെടി തുടങ്ങിയ വിവിധ ചെടികളുടെ ഇലകള്‍ എന്നിവ ശര്‍ക്കര, ചാണകം, കുമ്മായം തുടങ്ങിയവ ഉപയോഗിച്ച് സംസ്‌കരിച്ചുണ്ടാക്കുന്ന ഹൃദയാമൃതം, മണ്ണിരയില്‍നിന്നുള്ള വെര്‍മി കമ്പോസ്റ്റ്, വെര്‍മി വാഷ്, മത്തി മീനും ശര്‍ക്കരയും ഉപയോഗിച്ച് തയ്യാറാക്കുന്ന ഫിഷ് അമിനോ, നാടന്‍ കോഴിമുട്ടയും ചെറുനാരങ്ങാനീര്, ശര്‍ക്കര എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന മുട്ട മിശ്രിതം, വെളുത്തുള്ളി, കാന്താരി മുളക്, ഗോമൂത്രം, കഞ്ഞിവെള്ളം ചേര്‍ത്ത് തയ്യാറാക്കുന്ന ജൈവകീടനാശിനി എന്നിവയാണ് രവീന്ദ്രന്‍ കൃഷിക്ക് ആവശ്യമായ ജൈവവളമായി ഉപയോഗിക്കുന്നത്. ഇതിന്റെ നിര്‍മ്മാണരീതി താല്പര്യമുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കും. കൂടാതെ ആവശ്യമുള്ള ജൈവവളങ്ങളും വില്‍ക്കും. സ്വയം പരീക്ഷിച്ച് തയ്യാറാക്കുന്ന ജൈവവളങ്ങള്‍ വിവിധ കാര്‍ഷിക ഗവേഷണകേന്ദ്രങ്ങളിലെ വിദഗ്ദ്ധരായവരെക്കൊണ്ട് പരിശോധിപ്പിച്ച് അവര്‍ക്ക് ബോധ്യമായേ ശേഷമേ പ്രയോഗിക്കൂ. 1998 മുതല്‍ എല്ലാ ഓണത്തിനും മട്ടുപ്പാവില്‍ കരനെല്ല് കൃഷിചെയ്ത് കിട്ടുന്ന അരി കൊണ്ടാണ് രവീന്ദ്രനും കുടുംബവും ഓണമുണ്ണുന്നത്. ഇത്തവണയും പതിവ് തെറ്റിക്കാതെ ഉമ ഇനത്തില്‍പ്പെട്ട നെല്ല് വിളവെടുപ്പിന് പാകമായി വരുന്നു.
കുട്ടിക്കാലം മുതല്‍ കൃഷിയോട് താല്പര്യമുണ്ടായിരുന്ന രവീന്ദ്രന്‍, കുേറക്കാലം വിദേശത്തായിരുന്നു. അപ്പോഴും അവിടെ ജോലിചെയ്തിരുന്ന കമ്പനിവളപ്പില്‍ കൃഷി ചെയ്തിരുന്നു. നാട്ടിലെത്തിയ ശേഷമാണ് അഗ്രി ഫ്രണ്ട്‌സ് കൃഷി സാംസ്‌കാരികവേദിയുടെ സഹകരണത്തോടെ വിഷവിമുക്തമായ പച്ചക്കറി ഉല്പാദനം ആരംഭിക്കുകയായിരുന്നു. അന്നുമുതല്‍ വീട്ടാവശ്യത്തിന് സ്വന്തമായി ഉല്പാദിപ്പിച്ച പച്ചക്കറികള്‍ മാത്രം ഉപയോഗിക്കും. ബാക്കി വരുന്നവ പുറത്ത് വില്‍ക്കും. ജൈവവളകൃഷി രവീന്ദ്രന് വരുമാനം മാത്രമല്ല. മറ്റുള്ളവര്‍കൂടി നല്ല പച്ചക്കറി സ്വയം ഉല്പാദിപ്പിച്ച് കഴിക്കുക, അതിന് അവര്‍ക്ക് ക്ലാസ് ഉള്‍പ്പെടെ എല്ലാ സഹായവും ഇദ്ദേഹം വാഗ്ദാനം ചെയ്യുന്നു. 2011ല്‍ 275 കിലോ കാച്ചില്‍ ഉല്പാദിപ്പിച്ച് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ സ്ഥാനം നേടിയിട്ടുണ്ട്. ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് രവീന്ദ്രന് നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. കൃഷിയെ സ്‌നേഹിച്ച് കൃഷിതന്നെ ജീവിതവ്രതമാക്കിയ രവീന്ദ്രന് ഭാര്യ സിന്ധുവും കുട്ടികളും എല്ലാ പിന്തുണയുമായി എപ്പോഴുമുണ്ട്.

More Citizen News - Thiruvananthapuram