മലരിന് കൂട്ടായി ഡല്‍ഹിയില്‍നിന്ന് ആണ്‍ വെള്ളക്കടുവ വരുന്നു

Posted on: 17 Aug 2015തിരുവനന്തപുരം: മൃഗശാലയില്‍ വീണ്ടും വെള്ളക്കടുവയെ കൊണ്ടുവരുന്നു. ഡല്‍ഹിയിലെ നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്കില്‍നിന്നാണ് ഒരു ആണ്‍കടുവയെ എത്തിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ ഇവിടെനിന്ന് മലര്‍ എന്ന പെണ്‍കടുവയെ തിരുവനന്തപുരം മൃഗശാലയ്ക്ക് നല്‍കിയിരുന്നു. ഇതിന് കൂട്ടായിട്ടാണ് ആണ്‍കടുവയെ കൊണ്ടുവരിക. കേന്ദ്ര മൃഗശാല അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരം മൃഗശാലകള്‍ തമ്മിലുള്ള കൈമാറ്റവ്യവസ്ഥയുടെ ഭാഗമായാണിത്.
മൃഗശാലാവകുപ്പിന്റെ നിയന്ത്രണത്തിലുള്ള തൃശ്ശൂര്‍ മൃഗശാലയില്‍നിന്ന് മൂന്ന് ജോടി കൂമന്‍, രണ്ട് ജോടി നാടന്‍ കുരങ്ങുകള്‍, തിരുവനന്തപുരം മൃഗശാലയില്‍നിന്ന് ഒരു ജോടി കണ്ണാടി മുതലകള്‍, ഒരു ജോടി റിയാപക്ഷികള്‍ എന്നിവയെ സുവോളജിക്കല്‍ പാര്‍ക്കിന് നല്‍കിയാണ് വെള്ളക്കടുവയെ എത്തിക്കുക. കടുവയെ കൊണ്ടുവരാനായി മൃഗശാലാ സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള ജീവനക്കാര്‍ രണ്ടുദിവസം മുമ്പ് ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. 24ന് വെള്ളക്കടുവയെ എത്തിക്കുമെന്ന് ഡയറക്ടര്‍ കെ.ഗംഗാധരന്‍ പറഞ്ഞു. തുറന്ന കൂട്ടില്‍ ഇവയെ പ്രദര്‍ശിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.

More Citizen News - Thiruvananthapuram