അന്ന് വാന്റോസ് ജങ്ഷന്‍, ഇന്ന് റോറിച്ച് റോഡ്‌

Posted on: 17 Aug 2015എത്രവേഗമാണ് അനന്തപുരിയിലെ സ്ഥലനാമങ്ങള്‍ മാറിമറിയുന്നത്. ഡച്ച് വംശജനായ(?) വാന്റോസിന്റെ പേരിലുണ്ടായിരുന്ന ആ സ്ഥലം ഇന്ന് അറിയപ്പെടുന്നത് റഷ്യയിലെ അനശ്വര കലാകാരനായ റോറിച്ചിന്റെ പേരിലാണ്.
തിരുവിതാംകൂറിലെ എക്‌സൈസ് കമ്മീഷണറായിരുന്നു വാന്റോസ്. വ്യാജമദ്യവും വ്യാജവാറ്റും കൃത്യമായി തടഞ്ഞ് ആ രംഗം സംശുദ്ധമാക്കിയ സമര്‍ഥനായ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. വാന്റോസും കുടുംബവും വളരെക്കാലം താമസിച്ചത് ഇവിടത്തെ കുന്നിന്‍ മുകളിലുള്ള മനോഹരമായ കെട്ടിടത്തിലായിരുന്നു. എന്നാല്‍ ഈ കെട്ടിടത്തിന് മറ്റൊരു ചരിത്ര പ്രാധാന്യം ഉണ്ട്. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ഓഫീസ് ഇവിടെയായിരുന്നു. ദിവാന്‍ സര്‍. സി.പി.രാമസ്വാമി അയ്യര്‍ക്കും രാജകീയ ഭരണകൂടത്തിനും ഈ മന്ദിരം വളരെക്കാലം തലവേദനയായിരുന്നു. ഉത്തരവാദ ഭരണത്തിനുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് വേദിയായ ഈ മന്ദിരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്റ്റേറ്റ് കോണ്‍ഗ്രസ് ഓഫീസ് പലപ്രാവശ്യവും അടച്ചു പൂട്ടലിനും പോലീസ് കൈയേറ്റങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാവ് ടി.എം.വര്‍ഗീസ് ആണ് വാന്റോസ് ബംഗ്ലൂവ് വാടകയ്ക്ക് എടുത്തത്. അതാണ് സ്റ്റേറ്റ് കോണ്‍ഗ്രസ് ഓഫീസായി മാറിയതെന്ന് പറയുന്നു. സ്റ്റേറ്റ് കോണ്‍ഗ്രസിനെ നിരോധിച്ചപ്പോഴെല്ലാം ഓഫീസ് മറ്റ് സ്ഥലങ്ങളിലേയ്ക്ക് മാറ്റിയിട്ടുണ്ടെന്ന് സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാവും നഗരത്തിന്റെ കാരണവരുമായ നൂറ്റിരണ്ടുകാരനായ അഡ്വക്കേറ്റ് കെ.അയ്യപ്പന്‍പിള്ള പറഞ്ഞു.
സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ഈറ്റില്ലമായിരുന്ന വാര്‍റോസ് ബംഗ്ലൂവ് ഇന്നില്ല. അവിടെയാണ് മുമ്പ് സോവിയറ്റ് സാംസ്‌കാരിക കേന്ദ്രത്തിന്റെ പുതിയ മന്ദിരം ഉയര്‍ന്നത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ അതിന്റെ പേര് റഷ്യന്‍ സാംസ്‌കാരിക കേന്ദ്രമായി മാറി. പിന്നീട് എസ്.റോറിച്ച് റോഡ് നിലവില്‍വന്നു. ഇനി ഇവിടം അറിയാന്‍ പോകുന്നത് റോറിച്ച് ജങ്ഷനെന്നായിരിക്കും. ഇന്ത്യയെ സ്‌നേഹിച്ച് ഇവിടെ അന്ത്യവിശ്രമംകൊള്ളുന്ന മഹാന്മാരായ രണ്ടു കലാകാരന്മാരായിരുന്നു വിശ്വപ്രസിദ്ധരായ നിക്കോളസ് റോറിച്ചും (1874-1947) മകന്‍ സ്വെറ്റൊസ്ലൂവ് റോറിച്ചും (1904-1993). ഈ അച്ഛന്റെയും മകന്റെയും പത്തൊന്‍പതോളം ചിത്രങ്ങള്‍ തിരുവനന്തപുരം ആര്‍ട്ട് ഗാലറിയിലുണ്ട്. തിരുവനന്തപുരത്ത് മാത്രമല്ല ലോകത്തെമ്പാടുമുള്ള മ്യൂസിയങ്ങളില്‍ നിക്കോളസിന്റെ ചിത്രങ്ങള്‍ അമൂല്യനിധിപോലെ ഇന്നും സൂക്ഷിക്കുന്നു. ചിത്രങ്ങള്‍ മാത്രമല്ല, നിക്കോളസിന് അമേരിക്ക ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ അക്കാദമികളും സ്ഥാപനങ്ങളും ഉണ്ട്. ചിത്രകാരനും എഴുത്തുകാരനും കലാപണ്ഡിതനും പുരാവസ്തു ഗവേഷകനും തത്വചിന്തകനുമായ നിക്കോളസ് റോറിച്ച് മാക്‌സിം ഗോര്‍ക്കി ഉള്‍പ്പെടെ എത്രയോ പ്രതിഭാശാലികളുമായി ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. റഷ്യന്‍ വിപ്ലൂവത്തിനു ശേഷം മിത വാദികളുമായി ഒന്നിച്ചു പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ ജീവിതം കലാരംഗത്തെ സംരക്ഷണത്തിനുവേണ്ടിയും ചിത്രങ്ങള്‍ക്ക് വേണ്ടിയുമാണ് ഉഴിഞ്ഞുെവച്ചത്.
സ്വാമി വിവേകാനന്ദന്‍, ശ്രീരാമകൃഷ്ണ പരമഹംസന്‍, രവീന്ദ്രനാഥ ടാഗോര്‍ എന്നിവരുടെ ജീവിതം ആകര്‍ഷിച്ച നിക്കോളസ് ഇന്ത്യയിലെ പ്രകൃതി സൗന്ദര്യത്തേയും തത്വചിന്തകളേയും അഗാധമായി സ്‌നേഹിച്ചിരുന്നു. ഹിമാലയം അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വിഷയം ആയിരുന്നു. ഒന്‍പത് പേര്‍ അടങ്ങിയ സംഘത്തോടൊപ്പം ഹിമാലയം സന്ദര്‍ശിച്ച നിക്കോളസ് അവിടെ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിച്ചു.
മകന്‍ സ്വെറ്റൊസ്ലൂവ് റോറിച്ച് ഇന്ത്യയില്‍തന്നെ ജീവിച്ച് മരിച്ച കലാകാരനാണ്. 1904-ല്‍ ജനിച്ച അദ്ദേഹത്തിന് അച്ഛന്റെ കലാവാസനകള്‍ എല്ലാം ലഭിച്ചു. ഇംഗ്ലൂണ്ടില്‍ പുരാവസ്തു പഠനത്തിന് പോയ മകന്‍ വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യയിലെത്തി.
ഇവിടം അദ്ദേഹം സ്വന്തം നാടായി കരുതി ജീവിച്ചു. പ്രശസ്ത സിനിമാനടി ദേവികാറാണിയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. ജവഹര്‍ലാല്‍ നെഹ്‌റുവുമായി ഉറ്റചങ്ങാത്തം പുലര്‍ത്തിയ അദ്ദേഹത്തിന് പദ്മഭൂഷണ്‍ ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. മൂന്നുമാസക്കാലം അദ്ദേഹം തിരുവനന്തപുരത്ത് ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത്. ഈ കാലത്താണ് ശ്രിചിത്തിരതിരുനാള്‍ മഹാരാജാവിന്റെ മനോഹരമായ ചിത്രം വരച്ചത്. 1993-ല്‍ ബാംഗ്ലൂരില്‍െവച്ചായിരുന്നു അന്ത്യം.
ഇനി വാന്റോസ് ബംഗ്ലൂവ് സ്ഥിതിചെയ്തിരുന്ന സ്ഥലം എങ്ങനെ സോവിയറ്റ് യൂണിയന്റെയും പിന്നീട് റഷ്യയുടെയും കൈവശമായി എന്നും ഇതിന്റെ പേരില്‍ ഉടമസ്ഥതര്‍ക്കം കാരണം നാല്പതിനായിരത്തോളം രൂപ ഇന്നും ബാങ്കില്‍ കിടക്കുന്നതിന്റെ കഥകൂടി നോക്കാം.
വാന്റോസിന്റെ ബന്ധുക്കളില്‍നിന്നും ബംഗ്ലൂവും വസ്തുവും മുന്‍ ആറ്റിങ്ങല്‍ ഗോപാലപിള്ളയുടെ ഭാര്യ വീട്ടുകാര്‍ വാങ്ങി. അവരില്‍ നിന്നാണ് സോവിയറ്റ് സാംസ്‌കാരിക കേന്ദ്രം വിലയ്ക്ക് വാങ്ങിയത്. 3,85,000 രൂപയായിരുന്നു അതിന്റെ വില. എന്നാല്‍ കെട്ടിടം അപ്പോള്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ കൈവശമായിരുന്നു. അവര്‍ അത് ഒഴിയാന്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. ഒടുവില്‍ 40,000 രൂപ നല്‍കാന്‍ ഇസ്‌ക്കസ് നേതാവ് ശര്‍മ്മാജി സമ്മതിക്കുകയും അത് ബാങ്കില്‍ നിക്ഷേപിക്കുകയും ചെയ്തു. അപ്പോഴാണ് കോണ്‍ഗ്രസ് അഖിലേന്ത്യാ തലത്തില്‍ രണ്ടായി പിളര്‍ന്നത്. ഇതുകാരണം ആ തുക ഇന്നും അവകാശികളില്ലാതെ ബാങ്കില്‍ കിടക്കുന്നുവെന്ന് അഡ്വക്കേറ്റ് അയ്യപ്പന്‍പിള്ള പറഞ്ഞു.

More Citizen News - Thiruvananthapuram