ജീവകാരുണ്യത്തില്‍ പുതിയ മാതൃകയുമായി ചെമ്മരുതിയിലെ സാന്ത്വനപരിചരണ കൂട്ടായ്മ

Posted on: 17 Aug 2015മ്മരുതി: സഹജീവികളുടെ വേദനമാറ്റുന്നതിനൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ നന്മയുടെ പുതിയ സംസ്‌കാരം വളര്‍ത്തുകയാണ് ചെമ്മരുതിയിലെ സാന്ത്വനപരിചരണ കൂട്ടായ്മ. കിടപ്പുരോഗികളുടെ കണ്ണീരൊപ്പുകയും അവരുടെ കുടുംബത്തിന് താങ്ങാകുകയും ചെയ്യുകയാണ് ചെമ്മരുതി ഗ്രാമപ്പഞ്ചായത്തിലെ സാന്ത്വനപരിചരണ വളന്റിയര്‍മാര്‍. രോഗികളുടെ ശാരീരികാവസ്ഥക്കൊപ്പം സാമൂഹികവും സാമ്പത്തികവുമായ ആവശ്യങ്ങള്‍ക്ക് തുല്യപരിഗണന നല്‍കിയാണ് കൂട്ടായ്മയുടെ പ്രവര്‍ത്തനം. നാല് വര്‍ഷത്തിനിടെ നിരവധി പേരെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാന്‍ ഫലപ്രദമായ പ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞിട്ടുണ്ട്. കൂട്ടായ്മയുടെ നേതൃത്വത്തില്‍ 25 ലക്ഷം രൂപയാണ് അര്‍ഹിക്കുന്നവരുടെ കൈകളിലെത്തിച്ചത്.
കരള്‍ പകുത്ത് നല്‍കാന്‍ അമ്മയുണ്ടായിട്ടും കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ വിഷമിച്ച 25കാരനായ അരുണിന് കൂട്ടായ്മ 17ലക്ഷം രൂപയാണ് സമാഹരിച്ച് നല്‍കിയത്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി അരുണ്‍ ആരോഗ്യവാനായി ജീവിതത്തിലേക്ക് മടങ്ങിവന്നു. കാന്‍സര്‍ ബാധിതയായ സുനിതയ്ക്ക് 2 ലക്ഷം സമാഹരിച്ച് നല്‍കി. നാട്ടുകാര്‍ ഒരുദിവസത്തെ മീന്‍കറി ഉപേക്ഷിച്ച് മാത്രം ശേഖരിച്ചത് 68,000 രൂപയാണ്. സ്വകാര്യബസ്സിന്റെ ഒരു ദിവസത്തെ കളക്ഷന്‍ സ്വരൂപിച്ചതുള്‍പ്പെടെ സുനിതയ്ക്ക് സഹായമെത്തിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുന്നു. ഇങ്ങനെ ചെറുതും വലുതുമായ തുകകള്‍ നിരാലംബര്‍ക്ക് എത്തിച്ച് ഒരു ജീവകാരുണ്യ സംസ്‌കാരം ജനങ്ങള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കാന്‍ കൂട്ടായ്മയ്ക്ക് കഴിഞ്ഞു.സര്‍ക്കാറിന്റെ വിവിധ ക്ഷേമപെന്‍ഷനുകള്‍ ചെന്ന് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് വാങ്ങിനല്‍കാനും സാന്ത്വനപരിചരണ വളന്റിയര്‍മാരുടെ സഹായമെത്തും.
ചെമ്മരുതി പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ പാലിയേറ്റീവ് നഴ്‌സിന് പുറമേ പരിശീലനം ലഭിച്ച 50ഓളം വളന്റിയര്‍മാര്‍ പ്രവര്‍ത്തിക്കുന്നു. സഹായം ആവശ്യമായവരെ കണ്ടെത്തി വേണ്ട ചികിത്സനല്‍കാന്‍ ഇവര്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തുന്നു. നാട്ടുകാരുടെ മികച്ച പിന്തുണയും ഉണ്ട്. കൂലിപ്പണിക്കാര്‍, ഡ്രൈവര്‍മാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ കൂട്ടായ്മയിലാണ് സഹായം എത്തിക്കുന്നത്. വര്‍ഷത്തിലൊരിക്കല്‍ പാലിയേറ്റീവ് സംഗമം സംഘടിപ്പിച്ചും സഹായം നല്‍കുന്നുണ്ട്. സാന്ത്വനപരിചരണ യൂണിറ്റുകള്‍ വീട്ടിലെത്തി ചികിത്സനടത്തി മടങ്ങുമ്പോള്‍ രോഗിയെയും കുടുംബത്തെയും ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ആത്മാര്‍ഥ ശ്രമമാണ് ചെമ്മരുതിയില്‍ കാണുന്നത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച സാന്ത്വനപരിചരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ചെമ്മരുതി പി.എച്ച്.സി.ക്കാണ് ലഭിച്ചത്.

More Citizen News - Thiruvananthapuram