സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Posted on: 17 Aug 2015തിരുവനന്തപുരം: വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ്‌കൂളുകളില്‍ പതാകയുയര്‍ത്തലും മധുര വിതരണവും റാലികളും നടന്നു.
വി.എസ്.എസ്.സി.യില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ ഡയറക്ടര്‍ കെ.ശിവന്‍ പതാകയുയര്‍ത്തി.
സ്‌പോര്‍ട്‌സ് അതോറിട്ടി ഓഫ് ഇന്ത്യ കാര്യവട്ടം എല്‍.എന്‍.സി.പി.ഇ.യില്‍ നടന്ന ആഘോഷം ഡോ. ജി.കിഷോര്‍ ഉദ്ഘാടനം ചെയ്തു. സൈക്കിള്‍ റാലിയും നടത്തി.
തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തില്‍ നടത്തിയ ആയുധങ്ങളുടെയും മറ്റ് സൈനിക സാമഗ്രികളുടെയും പ്രദര്‍ശനം സമാപിച്ചു. സമാപനച്ചടങ്ങില്‍ പാങ്ങോട് സ്റ്റേഷന്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ സമീര്‍ സലുങ്കെ, ഡെപ്യൂട്ടി കമാന്‍ഡര്‍ കേണല്‍ ഗിരീഷ്ബാബു, മദ്രാസ് റെജിമെന്റ് കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ ജാംവാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
രണ്ടുദിവസം നടന്ന ആയുധ-ഡോകുമെന്ററി പ്രദര്‍ശനം കാണാന്‍ വിവിധ സ്‌കൂളുകളില്‍നിന്നായി 3000 കുട്ടികളും നിരവധി പൊതുജനങ്ങളും എത്തി. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഭാരതീയ കരസേന കൈവരിച്ച നേട്ടങ്ങളും ത്യാഗങ്ങളും വിളിച്ചറിയിക്കുന്നതായിരുന്നു ഡോകുമെന്ററി പ്രദര്‍ശനം. റോക്കറ്റ് ലാഞ്ചര്‍, മീഡിയം മെഷീന്‍ഗണ്‍, റൈഫിള്‍, ഡമ്മി മൈന്‍ തുടങ്ങി വിവിധ ആയുധ ഉപകരണങ്ങളും വിവിധ സേനാ വാഹനങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു. രക്തദാന ക്യാമ്പും ഉണ്ടായിരുന്നു.
വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനിയുടെ ആഭിമുഖ്യത്തില്‍ മുല്ലൂരിലെ ചടങ്ങില്‍ മുല്ലൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ ഓമന ദേശീയ പതാകയുയര്‍ത്തി. തുറമുഖ കമ്പനി എന്‍ജിനിയര്‍ പ്രദീപ് എ.എസ്. സ്വാതന്ത്ര്യദിന പ്രതിജ്ഞചൊല്ലി.
കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാഭവനില്‍ വൈസ് പ്രസിഡന്റ് എന്‍.പീതാംബരക്കുറുപ്പ് പതാകയുയര്‍ത്തി.
തെന്നല ബാലകൃഷ്ണപിള്ള, കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ടി.ശരത്ചന്ദ്രപ്രസാദ്, മണ്‍വിള രാധാകൃഷ്ണന്‍, ഡി.സി.സി. പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള തുടങ്ങിയവര്‍ സംബന്ധിച്ചു.
കേരള സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. പി.കെ.രാധാകൃഷ്ണന്‍ ദേശീയപതാക ഉയര്‍ത്തി. പ്രൊ-വൈസ്ചാന്‍സലര്‍ ഡോ. എന്‍.വീരമണികണ്ഠന്‍ പങ്കെടുത്തു.
ജില്ലാക്കോടതിയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ ജില്ലാ ജഡ്ജി വി.ഷെര്‍സി പതാകയുയര്‍ത്തി.
ബാര്‍ അസോസിയേഷന്‍ അങ്കണത്തില്‍ പ്രസിഡന്റ് അഡ്വ. കെ.പി.ജയചന്ദ്രന്‍ പതാകയുയര്‍ത്തി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.
കെല്‍ട്രോണ്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ എം.ഡി. ഡി.പ്രസന്നകുമാര്‍ പതാകയുയര്‍ത്തി.
കേരളാപ്രദേശ് എക്സ്സര്‍വീസ്‌മെന്‍ കോണ്‍ഗ്രസ് സംസ്ഥാന ചെയര്‍മാന്‍ പി.കെ.ആര്‍.നായരുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പാളയത്തുള്ള യുദ്ധസ്മാരകത്തില്‍ പുഷ്പചക്ര സമര്‍പ്പണം, പുഷ്പാര്‍ച്ചന, സമൂഹപ്രാര്‍ഥന എന്നിവ നടന്നു.

More Citizen News - Thiruvananthapuram