ഓണവില്ലുകള്‍ ഒരുങ്ങുന്നു

Posted on: 17 Aug 2015തിരുവനന്തപുരം: ആചാരത്തിന്റെ നിറം മങ്ങാതെ മഹാവിഷ്ണുവിന്റെ അവതാരകഥകള്‍ ചിത്രണം ചെയ്ത ഓണവില്ലുകള്‍ ഒരുങ്ങുന്നു.
പാരമ്പര്യം പിന്‍തുടര്‍ന്ന് കരമന വാണിയംമൂലം വിളയില്‍ വീട്ടിലെ പുതുതലമുറയാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ തിരുവോണനാളില്‍ സമര്‍പ്പിക്കാനുള്ള ഓണവില്ലുകള്‍ തയ്യാറാക്കുന്നത്. ചിങ്ങപ്പുലരിയില്‍ കുടുംബത്തിലെ മുതിര്‍ന്ന കാരണവര്‍ മന്ത്രം ചൊല്ലി ചാലിച്ച് തയ്യാറാക്കിയ നിറക്കൂട്ട് വാങ്ങി പുതുതലമുറയില്‍പ്പെട്ട ബിന്‍കുമാറിന്റെ നേതൃത്വത്തിലാണ് ചിത്രരചന ആരംഭിക്കുന്നത്. നാല്‍പത്തിയൊന്ന് ദിവസത്തെ വ്രതശുദ്ധിയോടെയാണ് വില്ലുകള്‍ തയ്യാറാക്കുക.
വില്ലുകള്‍ തയ്യാറാക്കാന്‍ ഒമ്പത് വയസ്സുകാരന്‍ അനന്തപദ്മനാഭനും ഒപ്പമുണ്ട്. ബിന്‍കുമാറിന്റെ മകനാണ് ഈ കുഞ്ഞ് ഓണവില്‍ ചിത്രകാരന്‍.
ഈ വര്‍ഷം ക്ഷേത്രത്തിലേക്കുള്ള 12 വില്ലുകള്‍ മാത്രമാണ് ബിന്‍കുമാരും അണികളും നിര്‍മിക്കുക. വര്‍ഷങ്ങളായി ഭക്തര്‍ക്കുള്ള വില്ലുകള്‍ ഇവര്‍ തന്നെയാണ് നിര്‍മിച്ചിരുന്നത്. രണ്ട് വര്‍ഷമായി ക്ഷേത്രത്തിനുള്ളില്‍ തന്നെ ഭക്തര്‍ക്കുള്ള ഓണവില്ലുകള്‍ നിര്‍മിക്കുന്നു.
നാലരയടി നീളമുള്ള വലിയവില്ലില്‍ അനന്തശയനം, നാലടി നീളമുള്ള ഇടത്തരം വില്ലുകളില്‍ ദശാവതാരം, ശ്രീരാമപട്ടാഭിഷേകം, ശാസ്താവ്, മൂന്നരയടി നീളമുള്ള ചെറിയവില്ലില്‍ ശ്രീകൃഷ്ണ ലീലയും വിനായകനും എന്നിങ്ങനെയാണ് ചിത്രണം നടത്തുക. ഒരു വില്ല് നിര്‍മിക്കാന്‍ രണ്ട് ദിവസമെങ്കിലും വേണം. ദേവഗണത്തില്‍പ്പെട്ട മഹാഗണി, മഞ്ഞകടമ്പ് എന്നീ മരങ്ങളുടെ തടി ഉപയോഗിച്ചാണ് വില്ല് നിര്‍മിക്കുക. ഇവ പ്രത്യേക പൂജകള്‍ ചെയ്ത് മുറിച്ച് വഞ്ചിയുടെ മാതൃകയില്‍ പലകയാക്കുന്നു. ഇതില്‍ പഞ്ചവര്‍ണങ്ങള്‍ പരസ്​പരം ചാലിച്ച് ദ്രാവിഡ ശൈലിയില്‍ ചിത്രണം നടത്തും.
ഓണവില്ല് നിര്‍മിക്കുന്നതിനുള്ള കുഞ്ചലങ്ങളും ഞാണ്‍ ചരടും പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാരാണ് നിര്‍മിക്കുക. ക്ഷേത്രത്തിലെ കൊടിയേറ്റിനുള്ള ചരടും ഓണവില്ലിന്റെ ചരടും പതിറ്റാണ്ടുകളായി നിര്‍മിക്കുന്നത് ജയിലിലെ തടവുകാരാണ്. വില്ലിന് ഇരുവശത്തുമായാണ് കുഞ്ചലങ്ങള്‍ കെട്ടുന്നത്.
തിരുവോണനാള്‍ അഞ്ച് മണിയോടെ ബിന്‍കുമാറിന്റെ നേതൃത്വത്തില്‍ വില്ലുകള്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ എത്തിക്കും. ഇവയെ കിഴക്കേനടയില്‍ നിന്നും ക്ഷേത്രാധികരികളുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി പാണി വിളക്കിന്റെയും വാദ്യമേളത്തിന്റെയും അകമ്പടിയോടെ ശ്രീകോവിലില്‍ വലം വെയ്ക്കും. അഭിശ്രവണ മണ്ഡപത്തില്‍ വെയ്ക്കുന്ന വില്ലുകള്‍ക്ക് പ്രത്യേക പൂജകള്‍ നടത്തും. തുടര്‍ന്ന് ശ്രീപദ്മനാഭമൂര്‍ത്തിക്കും നരസിംഹമൂര്‍ത്തിക്കും ശ്രീരാമസ്വാമിക്കും ശ്രീകൃഷ്ണസ്വാമിക്കും ചാര്‍ത്തുന്ന വില്ലുകള്‍ നമ്പിമാര്‍ ശ്രീകോവിലുകളിലേക്ക് കൊണ്ടുപോകും. വില്ല് ചാര്‍ത്തി ഓണ വെള്ള നിവേദ്യ സമര്‍പ്പണവും നടക്കും. മറ്റ് വില്ലുകള്‍ അഭിശ്രവണമണ്ഡപത്തില്‍ പൂജിക്കും. ചതയ ദിനത്തില്‍ ശീവേലികഴിഞ്ഞാണ് വില്ലുകള്‍ പുറത്തെടുക്കുന്നത്. ചതയം കഴിഞ്ഞ് ഭക്തജനങ്ങള്‍ക്കുള്ള വില്ലുകള്‍ വിതരണം ചെയ്യും.
ക്ഷേത്ര വില്ലുകള്‍ ചതയം കഴിഞ്ഞ് തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ പൂജാമുറിയില്‍ സൂക്ഷിക്കണമെന്നാണ് പാരമ്പര്യം.

More Citizen News - Thiruvananthapuram