തദ്ദേശ തിരഞ്ഞെടുപ്പിന് പ്രാദേശിക സഖ്യങ്ങളുണ്ടാക്കും- കോടിയേരി

Posted on: 17 Aug 2015* പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താന്‍ ജനത്തിന് ആവശ്യങ്ങള്‍ അറിയിക്കാം


തിരുവനന്തപുരം:
തദ്ദേശ തിരഞ്ഞെടുപ്പില്‍ സി.പി.എം. പ്രാദേശിക സഖ്യങ്ങളുണ്ടാക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാന തലത്തിലും ഇതാദ്യമായി ജനങ്ങളില്‍നിന്ന് അഭിപ്രായം തേടി പ്രാദേശിക തലത്തിലും പ്രകടന പത്രിക തയ്യാറാക്കും. ഇതിനായി പാര്‍ട്ടി വെയ്ക്കുന്ന പെട്ടികളില്‍ ജനങ്ങള്‍ക്ക് അഭിപ്രായം എഴുതിയിടാം.
കഴിഞ്ഞദിവസങ്ങളില്‍ നടന്ന പാര്‍ട്ടി സംസ്ഥാനസമിതി യോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അംഗങ്ങള്‍ മാത്രമായിരിക്കില്ല സ്ഥാനാര്‍ത്ഥികള്‍. സ്വതന്ത്രരായ വ്യക്തികളും ഗ്രൂപ്പുകളുമായി സഹകരിക്കും. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും മുന്‍ഗണന നല്‍കും.
മുന്നണി വിപുലീകരിക്കുന്നത് എല്‍.ഡി.എഫിന്റെ തീരുമാനമാണ്. എന്നാല്‍ രണ്ട് പതിറ്റാണ്ടായി കൂടെയുള്ള ഐ.എന്‍.എല്ലുമായുള്ള ബന്ധം ശക്തമാക്കും. ജെ.എസ്.എസും സി.എം.പി.യുമായി സഹകരിക്കാവുന്നിടത്തെല്ലാം സഹകരിക്കും. പി.സി.ജോര്‍ജിന്റെ കേരള കോണ്‍ഗ്രസ് സെക്യുലറുമായും സഹകരിക്കും. ആര്‍.ബാലകൃഷ്ണപിള്ളയുമായി സഹകരണം തുടരുമോയെന്ന് ചോദ്യത്തിന് അവരുള്ള പ്രദേശങ്ങളില്‍ സഹകരണമുണ്ടാവുമെന്ന് കോടിയേരി പറഞ്ഞു. യു.ഡി.എഫുമായി ഇനിയും ആരെങ്കിലും തെറ്റിപ്പിരിഞ്ഞാല്‍ അവരോടും സഹകരിക്കും.
കേന്ദ്രഭരണം പ്രയോജനപ്പെടുത്തി സാമുദായിക ബോധമുള്ള വിഭാഗങ്ങളിലെ ചില നേതാക്കളെ പാട്ടിലാക്കി മതബോധം വളര്‍ത്താനുള്ള ആര്‍.എസ്.എസിന്റെ അജണ്ട കേരളത്തിലും നടപ്പിലാക്കാന്‍ ശ്രമിക്കുന്നു. ബി.ജെ.പി.യുടെ വിഷലിപ്ത പ്രചാരണത്തിനെതിരെ ന്യൂനപക്ഷ വര്‍ഗീയതയും ശക്തിപ്പെടുന്നു. ഇതിന് രണ്ടിനുമെതിരെ ശക്തമായ പ്രചാരണം നടത്തും.
പാര്‍ട്ടിയുമായി സഹകരിക്കാനുള്ള കെ.ആര്‍.ഗൗരിയമ്മയുടെ തീരുമാനത്തിന് മാറ്റമില്ല. എന്നാല്‍ പാര്‍ട്ടി ഓഫീസുകളുമായി ബന്ധപ്പെട്ട സ്വത്ത് തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സാവകാശം വേണമെന്ന് ഗൗരിയമ്മ അറിയിച്ചിട്ടുണ്ട്.
പഞ്ചായത്ത് ഭരണത്തെക്കുറിച്ചുള്ള ബദല്‍ കാഴ്ചപ്പാട് വ്യക്തമാക്കുന്നതാവും സംസ്ഥാനതലത്തിലെ പ്രകടനപത്രിക. ഇതിന് പുറമെ എല്‍.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ ഓരോ തദ്ദേശ സ്ഥാപനത്തിലും എന്തൊക്കെ ചെയ്യുമെന്ന് പ്രകടനപത്രിക കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്ത് തലങ്ങളില്‍ പ്രസിദ്ധപ്പെടുത്തും. ഓരോ പ്രദേശത്തിന്റെ ആവശ്യങ്ങള്‍ ജനങ്ങള്‍ക്ക് പാര്‍ട്ടിയെ അറിയിക്കാന്‍ പ്രധാന സ്ഥലങ്ങളില്‍ പെട്ടികള്‍ വയ്ക്കും. പഞ്ചായത്തുകളില്‍ നടത്തുന്ന സെമിനാറില്‍ ഈ അഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്താവും പ്രകടനപത്രിക തയ്യാറാക്കുക.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനെതിരെ ആഗസ്ത് 20 ന് ആഹ്വാനം ചെയ്ത തദ്ദേശ സ്ഥാപന മാര്‍ച്ച് ബഹുജന പങ്കാളിത്തത്തോടെ വിജയമാക്കും. വര്‍ഗീയതയ്‌ക്കെതിരെ സപ്തംബര്‍ 15 നുള്ളില്‍ ജില്ലാ കേന്ദ്രങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കും. പഞ്ചായത്ത്, മുനിസിപ്പല്‍ തലത്തിലും വര്‍ഗീയ വിരുദ്ധ പ്രചാരണം സംഘടിപ്പിക്കും.
വിപണിയില്‍ ഇടപെട്ട് വില നിയന്ത്രിക്കുന്നതില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും കോടിയേരി പറഞ്ഞു.

More Citizen News - Thiruvananthapuram