അരുവിക്കര തോല്‍വി അന്വേഷിക്കും; വിഴിഞ്ഞം തുറമുഖത്തിന് എതിരല്ല-കോടിയേരി

Posted on: 17 Aug 2015തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ തോല്‍വിയിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് പരിശോധിക്കാന്‍ സംസ്ഥാനസമിതി തീരുമാനിച്ചതായി സി.പി.എം. സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇതിനുള്ള സംവിധാനം ജില്ലാക്കമ്മിറ്റി ഉണ്ടാക്കും.
എല്‍.ഡി.എഫ്. പ്രതീക്ഷിച്ച വോട്ട് തിരഞ്ഞെടുപ്പില്‍ കിട്ടിയില്ല. ബി.ജെ.പി.യുടെ മുന്നേറ്റം ചെറുക്കുന്നതിനുള്ള പ്രചാരത്തിലും വീഴ്ചവന്നു. നഷ്ടപ്പെട്ട വോട്ടുകള്‍ തിരിച്ചുപിടിക്കാനുള്ള മാര്‍ഗങ്ങളും പാര്‍ട്ടി തേടും.
ബി.ജെ.പി. സര്‍വസന്നാഹങ്ങളോടെയാണ് ഇവിടെ മത്സരിച്ചത്. കേരളത്തില്‍ ഇടതുപക്ഷത്തെ അപ്രസക്തമാക്കാന്‍ ഉമ്മന്‍ചാണ്ടി ബി.ജെ.പി.യെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇത് വിജയിക്കാത്തതിനാലാണ് ബി.ജെ.പി. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
വിഴിഞ്ഞത്ത് തുറമുഖം വരുന്നതിന് സി.പി.എം. എതിരല്ല. മറിച്ച് പ്രചരിപ്പിച്ച് ജനങ്ങളെ പാര്‍ട്ടിക്ക് എതിരാക്കാന്‍ നോക്കണ്ട. വിഴിഞ്ഞത്തിന് കരാര്‍ ഒപ്പിടുന്ന സാഹചര്യത്തില്‍ സി.പി.എം. പ്രതിഷേധിക്കുമോ എന്ന ചോദ്യത്തിന് കോടിയേരി ഇങ്ങനെ പറഞ്ഞു. ''സര്‍ക്കാരും കമ്പനിയുമായാണ് കരാര്‍ ഒപ്പിടുന്നത്. പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്ത് എന്ത് കാര്യം? അവിടെ പൂച്ചകളായി നോക്കിനില്‍ക്കാന്‍ ഞങ്ങളില്ല. അദാനി വരുമ്പോള്‍ ഞങ്ങള്‍ കൊടിപിടിച്ചാല്‍ അതിന് ദേശീയതലത്തില്‍ വാര്‍ത്താ പ്രാധാന്യം നല്‍കി സി.പി.എം. വികസന വിരുദ്ധരാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം മനസ്സിലിരിക്കട്ടെ. പണംവാങ്ങി കരാര്‍ നല്‍കുന്നതിനെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്. ഈ കള്ളക്കളിയുടെ വിശദാംശങ്ങളെല്ലാം വൈകാതെ പുറത്തുവരും''.
ലത്തീന്‍സഭ സമരത്തില്‍നിന്ന് പിന്‍മാറിയാലും തുറമുഖംകൊണ്ട് നഷ്ടമുണ്ടാകുന്ന മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പാര്‍ട്ടി ഏറ്റെടുക്കുമെന്നും കോടിയേരി പറഞ്ഞു.
ബാര്‍ ഉടമകളുമായി സുപ്രീംകോടതിയില്‍ ഉമ്മന്‍ചാണ്ടി ഒത്തുകളിക്കുകയാണ്. ഉടമകള്‍ക്കുവേണ്ടി അറ്റോര്‍ണി ജനറല്‍ ഹാജരായതിനെതിരെ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തെഴുതിയത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും പ്രതിപക്ഷ പ്രതിഷേധം തണുപ്പിക്കാനുമാണ്. അറ്റോര്‍ണി ജനറല്‍ ഹാജരായതിനെ കേരളത്തിന്റെ അഭിഭാഷകര്‍ എതിര്‍ത്തില്ല. ഇതിനുള്ള നിര്‍ദ്ദേശം അഡ്വക്കേറ്റ് ജനറല്‍ നല്‍കിയതുമില്ല. കേസ് നടത്തിപ്പില്‍ അഡ്വക്കേറ്റ് ജനറല്‍ വീഴ്ച വരുത്തിയെന്ന ഹൈക്കോടതിയുടെ വിമര്‍ശനം ഇതോടെ ശരിയായിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
കോണ്‍ഗ്രസിന്റെ അക്രമരാഷ്ട്രീയത്തിന്റെ ബീഭത്സ മുഖമാണ് ചാവക്കാട് ഹനീഫാ വധത്തില്‍ പുറത്തുവന്നത്. 55 വെട്ടാണ് കോണ്‍ഗ്രസുകാര്‍ ഹനീഫയെ വെട്ടിയത്. വടകരയില്‍ ഒരു കൊലപാതകം നടന്നപ്പോള്‍ ഡല്‍ഹിയില്‍ നിന്ന് ഓടിവന്ന ഉമ്മന്‍ചാണ്ടി ഹനീഫയുടെ വീട്ടിലും പോകാത്തതെന്തെന്ന് കോടിയേരി ചോദിച്ചു.

More Citizen News - Thiruvananthapuram