ബി.ജെ.പി.യില്‍ പാര്‍ട്ടിവിദ്യാഭ്യാസം: അരലക്ഷംപേര്‍ക്ക് പരിശീലനം നല്‍കും

Posted on: 17 Aug 2015


പി.അനില്‍കുമാര്‍തിരുവനന്തപുരം: അരലക്ഷം മുഴുവന്‍ സമയ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കായി ബി.ജെ.പി. സംസ്ഥാനത്ത് പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. പുതുതായി പാര്‍ട്ടിയിലെത്തിയ 23 ലക്ഷം പേരെ പാര്‍ട്ടിയുടെ ചരിത്രവും പരിപാടിയും പഠിപ്പിക്കുന്നതിനായാണ് അരലക്ഷം പേര്‍ക്ക് പരിശീലനം നല്‍കുന്നത്. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ശ്രീശനാണ് പരിശീലനപരിപാടിയുടെ ചുമതല.
ഓരോ ബൂത്ത് കമ്മിറ്റിയിലും രണ്ടുപേര്‍ക്ക് വീതമാണ് പരിശീലനം നല്‍കുന്നത്. സംസ്ഥാനത്താകെ ബി.ജെ.പി.ക്ക് 22,000 ബൂത്ത് കമ്മിറ്റികളാണുള്ളത്. ദേശീയതലത്തില്‍ 15 ലക്ഷം പേര്‍ക്കാണ് ബി.ജെ.പി. പരിശീലനം നല്‍കുന്നത്. സംസ്ഥാനതല ക്യാമ്പ് ആഗസ്ത് 19, 20 ദിവസങ്ങളില്‍ പാലക്കാട്ട് നടക്കും. സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരുള്‍പ്പെടെ ഇരുന്നൂറോളം പേര്‍ സംസ്ഥാനതല പരിശീലന ക്യാമ്പില്‍ പങ്കെടുക്കും. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിമാരായ പി.മുരളീധര റാവു, എച്ച്.രാജ, അഖിലേന്ത്യാ സഹ സംഘടനാ സെക്രട്ടറി ബി.എല്‍.സന്തോഷ് എന്നിവരാണ് മുഖ്യ പരിശീലകര്‍.
സംസ്ഥാനതലത്തില്‍ പരിശീലനം നേടുന്നവര്‍ ജില്ലാ-നിയമസഭാ മണ്ഡലം അടിസ്ഥാനത്തില്‍ പിന്നീട് നടക്കുന്ന പരിശീലന ക്യാമ്പുകള്‍ നയിക്കും. 'ഏകാത്മ മാനവവാദം' എന്ന പാര്‍ട്ടിയുടെ മുഖ്യ മുദ്രാവാക്യം മുന്‍നിര്‍ത്തിയാണ് പരിശീലനം. പാര്‍ട്ടി നയപരിപാടികള്‍ പഠിപ്പിക്കുന്നതോടൊപ്പം തിരഞ്ഞെടുപ്പുകള്‍ക്ക് അണികളെ സജ്ജമാക്കുക എന്ന ലക്ഷ്യവും ഈ പരിശീലന പരിപാടിയുടെ പിന്നിലുണ്ട്. സംസ്ഥാന ക്യാമ്പ് കഴിഞ്ഞാലുടന്‍ ജില്ലാതല പരിശീലന പരിപാടി ആരംഭിക്കും. കേന്ദ്ര ഗവണ്‍മെന്റിന്റെ നയപരിപാടികള്‍ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരിലെത്തിക്കാനും പരിശീലന പരിപാടിയെ പാര്‍ട്ടി നേതൃത്വം ഉപയോഗിക്കും.
ആര്‍.എസ്.എസ്. നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പാര്‍ട്ടി ക്ലാസ് സംഘടിപ്പിക്കുന്നത്. സംഘടനാ ആശയങ്ങളുടെ പ്രമുഖ പ്രചാരകരും ആര്‍.എസ്.എസിന് പ്രിയപ്പെട്ടവരുമായ മുരളീധര റാവുവിനേയും കര്‍ണാടക സ്വദേശിയായ ബി.എല്‍.സന്തോഷിനേയും പരിശീലകരായി നിശ്ചയിച്ചതിന് പിന്നിലും ആര്‍.എസ്.എസിന്റെ അജണ്ടയാണുള്ളത്. കര്‍ഷക മോര്‍ച്ച സസ്ഥാന സെക്രട്ടറി കാശിനാഥ്, ബി.ജെ.പി. സഹസംഘടനാ സെക്രട്ടറി കെ.സുഭാുഷ് എന്നിവരും പരിശീലന പരിപാടിയുടെ സംഘാടന ചുമതലയിലുണ്ട്.
മിസ്ഡ് കോളുകള്‍ വഴിയും എസ്.എം.എസ്. വഴിയും സംസ്ഥാനത്ത് 23 ലക്ഷം പേരാണ് ബി.ജെ.പി.യില്‍ അംഗത്വമെടുത്തത്. മഹാസമ്പര്‍ക്ക് അഭിയാന്‍ പരിപാടിയിലൂടെ ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. വിവരശേഖരണം അന്തിമഘട്ടത്തിലെത്തിയതായി പാര്‍ട്ടി കേന്ദ്രങ്ങള്‍ അറിയിച്ചു. പുതുതായി പാര്‍ട്ടിയിലെത്തിയവരില്‍നിന്ന് സമര്‍ത്ഥരായവരെ കണ്ടെത്തി ആസന്നമായ തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാക്കാനും ബി.ജെ.പി. തീരുമാനിച്ചിട്ടുണ്ട്.

More Citizen News - Thiruvananthapuram