സി.പി.എം. സംസ്ഥാനസമിതി വി.എസ്സിനെ ഉള്‍പ്പെടുത്തുന്നത് വീണ്ടും ചര്‍ച്ചയാകുന്നു

Posted on: 17 Aug 2015തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്റെ സംസ്ഥാനസമിതി അംഗത്വം സി.പി.എമ്മില്‍ വീണ്ടും ചര്‍ച്ചാവിഷയമാകുന്നു. പാര്‍ട്ടി സംസ്ഥാനസമിതിയില്‍ ഒഴിച്ചിട്ടിരിക്കുന്ന ഒരു സീറ്റില്‍ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനെ ഉള്‍പ്പെടുത്തണമെന്ന് സി.പി.എം. സംസ്ഥാന നേതൃത്വത്തിന് പൊളിറ്റ്ബ്യൂറോ നിര്‍ദേശം നല്‍കിയ സാഹചര്യത്തിലാണിത്.
ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ നിന്ന് വി.എസ്. ഇറങ്ങിപ്പോയതിനെത്തുടര്‍ന്ന് അദ്ദേഹത്തെ സംസ്ഥാനസമിതിയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ സംസ്ഥാന സമ്മേളനം സംസ്ഥാനസമിതിയെ തിരഞ്ഞെടുത്തപ്പോള്‍ ഒരു സീറ്റ് ഒഴിച്ചിട്ടിരുന്നു. ഈ സീറ്റിലേക്ക് വി.എസ്സിനെയല്ലാതെ മറ്റൊരാളെ പരിഗണിക്കാനാവില്ലെന്നതാണ് ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട്.
അതേസമയം പാര്‍ട്ടി സംസ്ഥാനനേതൃത്വത്തില്‍ വി.എസ്. സ്വീകരിച്ച പാര്‍ട്ടിവിരുദ്ധ നിലപാടുകളും തുടര്‍ന്നുണ്ടായ സംഘടനാപ്രശ്‌നങ്ങളും പാര്‍ട്ടി നേതൃത്വത്തിനെതിരെ വി.എസ്. ഉന്നയിച്ച പരാതികളും പൊളിറ്റ്ബ്യൂറോ കമ്മിഷന്റെ പരിഗണനയിലാണ്. ഈ പശ്ചാത്തലത്തില്‍ കമ്മിഷന്റെ തീരുമാനം വന്നതിനു ശേഷം വി.എസ്സിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന നിലപാടായിരുന്നു സംസ്ഥാനനേതൃത്വം കൈക്കൊണ്ടിരുന്നത്. എന്നാല്‍ അരുവിക്കര ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ആസന്നമായതിന്റെയും പശ്ചാത്തലത്തില്‍ പാര്‍ട്ടിയില്‍ ഐക്യം എന്തുവിലകൊടുത്തും പുനഃസ്ഥാപിച്ചേ മതിയാകൂയെന്ന നിശ്ചയത്തിലാണ് കേന്ദ്രനേതൃത്വം.
നിലവില്‍ സി.പി.എം. കേന്ദ്രക്കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവാണ് വി.എസ്. എന്നാല്‍ അദ്ദേഹം കേരളത്തിലെ ഒരു പാര്‍ട്ടിഘടകത്തിലും അംഗമല്ല. നിയമസഭയിലും പുറത്തും ഭരണപക്ഷത്തിനെ ഏറ്റവും ശക്തമായി പ്രതിരോധിക്കുന്ന പ്രതിപക്ഷനേതാവ് പാര്‍ട്ടി സംസ്ഥാനനേതൃത്വത്തിന്റെ ഭാഗമല്ലാതിരിക്കുന്നതും തിരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് വി.എസ്സിനെ പാര്‍ട്ടി വിരുദ്ധനായി ചിത്രീകരിച്ച് പാര്‍ട്ടി സെക്രട്ടേറിയറ്റ് പ്രമേയം പാസ്സാക്കിയതും അരുവിക്കരയില്‍ ബി.ജെ.പി. പ്രചാരണായുധമാക്കിയിരുന്നു.
കെ.ആര്‍.ഗൗരിയമ്മയുടെ പാര്‍ട്ടിയിലേക്കുള്ള പുനഃപ്രവേശനം പൊളിറ്റ്ബ്യൂറോയുടെ പരിഗണനയ്ക്ക് വന്ന സാഹചര്യത്തിലാണ് വി.എസ്സിന്റെ സംസ്ഥാനസമിതിയംഗത്വവും പൊളിറ്റ്ബ്യൂറോയില്‍ ചര്‍ച്ചാവിഷയമായത്. ഗൗരിയമ്മയെ സംസ്ഥാനസമിതിയില്‍ ഉള്‍പ്പെടുത്താനായിരുന്നു സംസ്ഥാനനേതൃത്വം ആലോചിച്ചിരുന്നത്. എന്നാല്‍ ഗൗരിയമ്മയുടെ സി.പി.എമ്മിലേക്കുള്ള പുനഃപ്രവേശനവും ജെ.എസ്.എസ്.-സി.പി.എം. ലയനവും ജെ.എസ്.എസ്സിന്റെ ഓഫീസുകളെ സംബന്ധിച്ച് ഗൗരിയമ്മയുടെ നേതൃത്വത്തിലുള്ള വിഭാഗവും അവരെ എതിര്‍ക്കുന്ന വിഭാഗവും തമ്മിലുള്ള തര്‍ക്കംമൂലം മാറ്റിവെയ്ക്കുകയായിരുന്നു.

More Citizen News - Thiruvananthapuram