എന്‍ജിനിയറിങ് കോളേജുകളില്‍ അക്കാദമിക് ഓഡിറ്റും റാങ്കിങ്ങും ഏര്‍പ്പെടുത്തുന്നു

Posted on: 17 Aug 2015


അനീഷ് ജേക്കബ്ബ്‌ഓഡിറ്റ് റിപ്പോര്‍ട്ട്
വെബ്‌സൈറ്റില്‍ നല്‍കും


തിരുവനന്തപുരം:
സംസ്ഥാനത്തെ എന്‍ജിനിയറിങ് കോളേജുകളില്‍ അക്കാദമിക് ഓഡിറ്റ് ഏര്‍പ്പെടുത്തുന്നു. മികവിനെ അടിസ്ഥാനമാക്കി കോളേജുകള്‍ക്ക് റാങ്കിങ്ങും ഉണ്ടാകും. സാങ്കേതിക സര്‍വകലാശാലയുടെതാണ് തീരുമാനം. ഈ വര്‍ഷം മുതല്‍ തന്നെ അക്കാദമിക ഓഡിറ്റ് ആരംഭിക്കുകയാണെന്ന് പി.വി.സി. ഡോ. അബ്ദുറഹ്മാന്‍ പറഞ്ഞു.
സംസ്ഥാനത്തെ 150 ഓളം എന്‍ജിനിയറിങ് കോളേജുകളാണ് കേരള സാങ്കേതിക സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ വിരലിലെണ്ണാവുന്ന ഒഴിച്ച് ബാക്കിയെല്ലാം സ്വാശ്രയ കോളേജുകളാണ്. എന്‍ജിനിയറിങ് കോളേജുകളുടെ എണ്ണം കൂടുന്നതനുസരിച്ച് ഗുണനിലവാരം കുറയുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു.
മുന്‍വര്‍ഷം ഹൈക്കോടതിയും ഇക്കാര്യത്തില്‍ ഇടപെട്ടു. 30 ശതമാനം പോലും വിജയമില്ലാത്ത കോളേജുകള്‍ എന്തിന് പ്രവര്‍ത്തിക്കുന്നുവെന്ന് കോടതി ചോദിച്ചു.
ഇതേതുടര്‍ന്ന് അടിസ്ഥാനസൗകര്യം വികസിപ്പിക്കുന്നതിനും യോഗ്യരായ അധ്യാപകരെ നിയമിക്കുന്നതിനും കോളേജുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഈ നടപടികളുടെ തുടര്‍ച്ചയായാണ് അക്കാദമിക ഓഡിറ്റിന് സാങ്കേതിക സര്‍വകലാശാല തീരുമാനിച്ചത്.
എന്‍ജിനിയറിങ് കോളേജുകളില്‍ നിന്ന് വിരമിച്ച അധ്യാപകരെയാണ് ഓഡിറ്റിനായി നിയോഗിക്കുന്നത്. ഒരു കോളേജിന്റെ ചുമതല ഒരു പ്രൊഫസര്‍ക്കായിരിക്കും. മാസത്തില്‍ ഒരു തവണ ഇദേഹം കോളേജ് സന്ദര്‍ശിച്ച് അക്കാദമിക പരിശോധന നടത്തും. കൂടാതെ കോളേജുകളില്‍ ഇന്റേണല്‍ ഓഡിറ്റ് സമിതികളുണ്ടാകും. മൂന്നംഗങ്ങളുള്ള ഈ സമിതിയില്‍ അധ്യാപകരാണ് അംഗങ്ങള്‍.
ക്ലാസുകളുടെ നടത്തിപ്പ്, അധ്യാപന രീതി, പ്രാക്ടിക്കല്‍, പരീക്ഷാ നടത്തിപ്പ് എന്നിവയടക്കം എല്ലാവിധ അക്കാദമിക കാര്യങ്ങളും പരിശോധിക്കും. ഇത് സംബന്ധിച്ച് രജിസ്റ്ററും കോളേജില്‍ സൂക്ഷിക്കണം. പുറത്തുനിന്നുള്ള ഓഡിറ്ററായ പ്രൊഫസര്‍ക്ക് ഇത് ലഭ്യമാക്കണം. അദ്ദേഹം ഓഡിറ്റിന്റെ റിപ്പോര്‍ട്ട് ഓണ്‍ലൈനായി സര്‍വകലാശാലക്കും അതത് കോളേജിനും നല്‍കും. ഇന്റേണല്‍ ഓഡിറ്റ് സമിതിയും അതത് മാസം റിപ്പോര്‍ട്ട് നല്‍കണം.
ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പോരായ്മകള്‍ നികത്താനുള്ള നിര്‍ദേശം സര്‍വകലാശാല കോളേജുകള്‍ക്ക് നല്‍കും. കൂടാതെ ഓഡിറ്റ് റിപ്പോര്‍ട്ട് വെബ്‌സൈറ്റിലും ലഭ്യമാക്കും. പ്രവേശന സമയത്ത് കുട്ടികള്‍ക്ക് ഓരോ കോളേജിനെക്കുറിച്ചും ഇതിലൂടെ വ്യക്തമായ ധാരണ ലഭിക്കും.
ഓഡിറ്റിന്റെ അടിസ്ഥാനത്തില്‍ കോളേജുകളെ റാങ്ക് ചെയ്യാനുള്ള പദ്ധതിക്കും സര്‍വകലാശാല രൂപം നല്‍കി വരുന്നു. എന്‍ജിനിയറിങ് കോളേജുകളെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നത് മത്സരബുദ്ധിയോടെ മെച്ചപ്പെട്ട പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് അവയെ സഹായിക്കുമെന്നാണ് കരുതുന്നത്.
പരീക്ഷാനടത്തിപ്പിലും വലിയ മാറ്റങ്ങളാണ് എന്‍ജിനിയറിങ് കോളേജുകളില്‍ വരുന്നത്. പ്രാക്ടിക്കലിന് ഇന്റേണല്‍ മാര്‍ക്കേ ഉണ്ടാകൂ. ഓരോ പ്രാക്ടിക്കലിന് ശേഷവും വൈവയും ഉണ്ടാകും. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാകും ഇന്റേണല്‍ മാര്‍ക്ക് നല്‍കുക.

More Citizen News - Thiruvananthapuram