കൈവരികള്‍ തകര്‍ന്ന് മാവിളക്കടവ് പാലം

Posted on: 17 Aug 2015പൂവാര്‍: നെയ്യാറിന് കുറുകെയുള്ള മാവിളക്കടവ് പാലം അപകടാവസ്ഥയില്‍. പാലത്തിന്റെ കൈവരികളെല്ലാം തകര്‍ന്നു. കോണ്‍ക്രീറ്റ് കമ്പികള്‍ പുറത്തുകാണുന്ന സ്ഥിതിയിലായി.
പാലത്തിന്റെ കൈവരികള്‍ക്കിടയിലെ സ്ലാബുകള്‍ ദ്രവിച്ചിളകി ആറിലേക്ക് വീണു. കോണ്‍ക്രീറ്റ് തകര്‍ന്ന ഭാഗങ്ങള്‍ വലിയ ദ്വാരങ്ങളായി മാറി. എന്നിട്ടും അപകടാവസ്ഥയിലായ പാലം നവീകരിക്കാന്‍ യാതൊരു നടപടിയുമില്ല. ഇതിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ ചെറിയ അശ്രദ്ധ വലിയ അപകടങ്ങള്‍ക്ക് വഴിവയ്ക്കാം എന്ന ഭീതിയിലാണ് നാട്ടുകാര്‍.
1973 ലാണ് പാലം പണി പൂര്‍ത്തിയാക്കിയത്. മറ്റു പാലങ്ങളെ അപേക്ഷിച്ച് വളരെ ഇടുങ്ങിയതാണ് മാവിളക്കടവ് പാലം. തമിഴ്‌നാട്ടില്‍ നിന്ന് ഈ പാലത്തിലൂടെ എളുപ്പമാര്‍ഗം കേരളത്തിലെത്താം. അതിനാല്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള നൂറുകണക്കിന് ചരക്ക്വാഹനങ്ങള്‍ ദിവസവും ഈ പാലം കടന്നുപോകുന്നുണ്ട്. മാത്രമല്ല വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള നിരവധി കാല്‍നട യാത്രക്കാരും നെയ്യാറ് കടക്കാന്‍ ഈ പാലത്തെ ആശ്രയിക്കുന്നു.
അമിത ഭാരം കയറ്റിയ വാഹനങ്ങള്‍ ഇതുവഴി കടക്കാന്‍ തുടങ്ങിയതാണ് പാലം അപകടസ്ഥിതിയില്‍ ആവാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന അമിതഭാരം കയറ്റിയ വാഹനങ്ങളെല്ലാം പരിശോധനകളില്‍ന്ന് ഒഴിയാന്‍ മാവിളക്കടവ് പാലത്തിലൂടെയാണ് കേരളത്തിലേക്ക് കടക്കുന്നത്. ഇതു വഴി കോവളം ബൈപ്പാസിലെത്തി ദേശീയ പാതയിലെ തിരക്കില്‍പ്പെടാതെ അതിര്‍ത്തി കടക്കാം എന്ന സൗകര്യവുമുണ്ട്. ഇത്തരത്തിലുള്ള അമിത ഭാരം കയറ്റിയ വാഹനങ്ങള്‍ കടക്കുമ്പോള്‍ പാലത്തിന് കുലുക്കം ഉണ്ടാവുന്നതായും പ്രദേശവാസികള്‍ പറയുന്നു. കൂടാതെ ഓരോ വാഹനം പോകുമ്പോഴും കോണ്‍ക്രീറ്റ് പാളികള്‍ പൊളിഞ്ഞിളകുന്ന അവസ്ഥയിലാണ് ഇപ്പോള്‍ പാലം.
നെയ്യാറിലെ അനധികൃത മണല്‍ ഖനനവും പാലത്തിന് ബലക്ഷയം ഉണ്ടാക്കിയിട്ടുണ്ട്. പാലത്തിന്റെ അടിയിലും വശങ്ങളിലും മണലെടുത്ത് വലിയ ഗര്‍ത്തങ്ങളായും മാറി. അങ്ങനെ പാലത്തിന്റെ തൂണുകളും തകര്‍ച്ചയിലായി തീര്‍ന്നിട്ടുണ്ട്.
പാലത്തില്‍ നടപ്പാത ഇല്ലാത്തതും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. വീതികുറഞ്ഞ പാലത്തില്‍ വലിയ വാഹനങ്ങള്‍ എത്തുമ്പോള്‍ യാത്രക്കാര്‍ക്ക് ഒതുങ്ങിനില്‍ക്കാനും കഴിയാത്ത സ്ഥിതിയുണ്ട്. രണ്ട് വാഹനങ്ങള്‍ എതിരെ വന്നാലും കടന്നുപോകാന്‍ ഇവിടെ ഏറെ ബുദ്ധിമുട്ടാണ്. പാലത്തിന് സമീപം എക്‌സൈസ്, വില്‍പന നികുതി ചെക്ക് പോസ്റ്റുകള്‍ ഉണ്ടെങ്കിലും ഇവരും പാലത്തിന് ബലക്ഷയം ഉണ്ടാക്കുന്ന തരത്തില്‍ കടക്കുന്ന അമിത ഭാരം കയറ്റിയ വാഹനങ്ങളെ നിയത്രിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നു.

More Citizen News - Thiruvananthapuram