അത്യധികം ബലവാനായി തിരിച്ചുവരികയാണ് ചിറയിന്‍കീഴിന്റെ സ്വന്തം ചന്ദ്രശേഖരന്‍.

Posted on: 17 Aug 2015ചിറയിന്‍കീഴ്: ശാര്‍ക്കര ദേവീക്ഷേത്രത്തിലെ തലയെടുപ്പുള്ള ആനയാണ് ചന്ദ്രശേഖരന്‍. കാഴ്ചയിലും കഴിവിലും പേരുകേട്ട കേമന്‍. പക്ഷേ ഇടയ്ക്ക് ചില ചില്ലറ അസുഖങ്ങള്‍ ചന്ദ്രശേഖരനെ ക്ഷീണിപ്പിച്ചു. എന്നാല്‍ ആ ദോഷകാലങ്ങള്‍ പിന്നിട്ട് സുന്ദരനായി, അത്യധികം ബലവാനായി തിരിച്ചുവരികയാണ് ചിറയിന്‍കീഴിന്റെ സ്വന്തം ചന്ദ്രശേഖരന്‍.
കഴിഞ്ഞ ഒരു മാസമായി ചികിത്സയിലായിരുന്നു ചന്ദ്രശേഖരന്‍. കര്‍ക്കടക ചികിത്സയില്‍. ദിവസവും രണ്ട് നേരം ചോറ്, കൂരവ്, കരിപ്പട്ടി, പയര്‍ എന്നിവ നല്‍കും. പുറമെ ച്യവനപ്രകാശം, വിവിധ ലേഹ്യങ്ങള്‍, മറ്റ് ആയുര്‍വേദ, അലോപ്പതി മരുന്നുകള്‍, പിന്നെ പനമ്പട്ട എന്നിങ്ങനെ വിഭവ സമൃദ്ധമാണ് ആഹാര ചികിത്സാ ക്രമങ്ങള്‍.
ചുട്ടികുത്ത് പുരയിലാണ് പാചകം. ഏതാനും നാളുകളായി ചന്ദ്രശേഖരന്‍ ക്ഷയരോഗബാധിതനാണ്. ഇത് പൂര്‍ണമായും മാറിയിട്ടില്ലെങ്കിലും കര്‍ക്കടക ചികിത്സ ചന്ദ്രശേഖരന്റെ ആരോഗ്യത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയതായി പാപ്പാന്‍മാര്‍ പറയുന്നു. ക്ഷീണമൊക്കെയൊഴിഞ്ഞു. ഉണര്‍വ് കൈവന്നു. േഡാ.രാജീവിന്റെ നേതൃത്വത്തിലാണ് ചികിത്സകള്‍. പ്രേംകുമാര്‍, സുനി എന്നിവരാണ് ചന്ദ്രശേഖരന്റെ പാപ്പാന്‍മാര്‍. ശാര്‍ക്കരയിലെ മറ്റൊരു ആന ആഞ്ജനേയന്‍ ദീര്‍ഘനാളായി മദപ്പാടിന് ചികിത്സയിലാണ്. കാല്‍ നൂറ്റാണ്ടിലധികമായി ചന്ദ്രശേഖരന്‍ ശാര്‍ക്കരയില്‍ എത്തിയിട്ട്. അന്നുമുതല്‍ ഇവന്‍ ചിറയിന്‍കീഴിന്റെ പ്രിയപ്പെട്ട കൊമ്പനാണ്. അതുകൊണ്ട് തന്നെ ചന്ദ്രശേഖരന്റെ പുതിയവരവ് ആനപ്രേമികള്‍ക്ക് ഈ ഓണക്കാലത്തെ മറ്റൊരു ആഹ്ലൂദമാകുന്നു.

More Citizen News - Thiruvananthapuram