തിരുവല്ലത്തും ശംഖുംമുഖത്തും ബലിതര്‍പ്പണത്തിന് വന്‍ തിരക്ക്

Posted on: 15 Aug 2015തിരുവനന്തപുരം : പിതൃക്കള്‍ക്ക് ബലിയര്‍പ്പിക്കാന്‍ ക്ഷേത്രങ്ങളിലും ബലിക്കടവുകളിലും എത്തിയത് പതിനായിരങ്ങള്‍. വെള്ളിയാഴ്ച പുലര്‍ച്ചെ 2.30 നാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് തുടക്കമായത്. ബലിതര്‍പ്പണകേന്ദ്രങ്ങളിലെല്ലാം വന്‍തിരക്കായിരുന്നു. ചടങ്ങുകള്‍ ഉച്ചവരെ നീണ്ടു.
തലസ്ഥാനത്തെ പ്രധാന ബലിതര്‍പ്പണകേന്ദ്രങ്ങളായ തിരുവല്ലം പരശുരാമക്ഷേത്രത്തിലും ശംഖുംമുഖത്തും കോവളത്തും ഭക്തരെക്കൊണ്ട് തിങ്ങിനിറഞ്ഞു. തിരുവല്ലത്ത് പുലര്‍ച്ചെ 2.30 ന് ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു. ക്ഷേത്രത്തിനകത്തും പരിസരത്തുമായി താത്കാലികമായി നിര്‍മ്മിച്ച ഒന്‍പത് ബലിമണ്ഡപങ്ങളും ബലിതര്‍പ്പണത്തിനായെത്തിയവരെ കൊണ്ട് നിറഞ്ഞു.
ക്ഷേത്രപുരോഹിതന്‍ പ്രവീണിന്റെ നേതൃത്വത്തിലുള്ള 30 സഹപുരോഹിതന്‍മാര്‍ തര്‍പ്പണ ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. തിരുവല്ലം ബി.എന്‍.വി. സ്‌കൂള്‍ മുതല്‍ ക്ഷേത്രവളപ്പ് വരെ ബലിതര്‍പ്പണത്തിനെത്തിയവരുടെ നീണ്ടനിരയായിരുന്നു. 3500 പേര്‍ക്ക് ഒരേസമയം ബലിയിടാനുള്ള സൗകര്യമാണ് ഇവിടെ സജ്ജീകരിച്ചിരുന്നത്. ബലിതര്‍പ്പണത്തിനായെത്തിയവരെ പ്രത്യേക ബാരിക്കേഡുകള്‍ കെട്ടിത്തിരിച്ചാണ് പോലീസിന്റെ നേതൃത്വത്തില്‍ നിയന്ത്രിച്ചത്. സുരക്ഷയ്ക്കായി 750 പോലീസുകാര്‍ വിഴിഞ്ഞത്ത് നിന്നെത്തിയ അഗ്നിശമനസേനയുടെ രണ്ട് യൂണിറ്റ് എന്നിവയുണ്ടായി. വൈദ്യസഹായത്തിനായി തിരുവല്ലം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. ധന്യയുടെ നേതൃത്വത്തിലുള്ള സംഘം, ഡെപ്യൂട്ടി കളക്ടര്‍ ചന്ദ്രികയുടെ നേതൃത്വത്തിലുള്ള റവന്യു സംഘം, ദേവസ്വം ബോര്‍ഡ് സ്‌പെഷ്യല്‍ ഓഫീസര്‍ ബി. മോഹന്‍ദാസ്, അസി. കമ്മീഷണര്‍മാരായ ഗോപകുമാര്‍, സുരേഷ്‌കുമാര്‍, അഡ്മിനിസ്‌ട്രേറ്റര്‍ ബി. ഗോപാലകൃഷ്ണപിള്ള എന്നിവരും ഉണ്ടായിരുന്നു.
ശംഖുംമുഖത്തും വേളി പൊഴിക്കര ഗണപതി ക്ഷേത്രം, കരിമണല്‍ കുന്നത്തോട് മാടന്‍നട തമ്പുരാന്‍ ക്ഷേത്രം, തൃപ്പാപ്പൂര്‍ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലും വിവിധയിടങ്ങളില്‍ നിന്നെത്തിയ ആയിരങ്ങള്‍ക്ക് ബലിതര്‍പ്പണത്തിനായി സൗകര്യം ഒരുക്കിയിരുന്നു. ശക്തമായ കടല്‍ക്ഷോഭം ഉള്ളതിനാല്‍ തീരത്തുനിന്ന് മാറിയാണ് തര്‍പ്പണ സൗകര്യമൊരുക്കിയിരുന്നത്. ശംഖുംമുഖത്ത് വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് ബലിതര്‍പ്പണമൊരുക്കിയത്. 100 ലധികം പുരോഹിതന്‍മാരാണ് ഇവിടെ ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ ശംഖുംമുഖത്തെ ബലിതര്‍പ്പണ ചടങ്ങുകള്‍ അവസാനിച്ചു. കടലിലിറങ്ങുന്നവരുടെ സുരക്ഷയ്ക്കായി 20 ലൈഫ് ഗാര്‍ഡുകളെയാണ് ഇവിടെ രക്ഷാപ്രവര്‍ത്തനത്തിനായി ഏര്‍പ്പെടുത്തിയിരുന്നത്. തീരദേശ പോലീസിന്റെ ബോട്ടും സജ്ജമാക്കിയിരുന്നു.
വിഴിഞ്ഞം, കോവളം എന്നീ തീരമേഖലകളിലെ ക്ഷേത്രങ്ങളിലെ ബലിതര്‍പ്പണ ചടങ്ങുകള്‍ കടല്‍തീരത്താണ് സംഘടിപ്പിച്ചത്. പുലര്‍ച്ചെ അഞ്ച് മുതലാണ് ഇവിടങ്ങളിലെ ക്ഷേത്രങ്ങളിലെ ബലി തര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചത്. കോവളത്തെ ഹവ്വാ ബീച്ച്, സീ റോക്ക് ബീച്ച്, അശോക ബീച്ച്, സമുദ്രാബീച്ച് എന്നിവിടങ്ങളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ആവാടുതുറ ഭദ്രകാളി ക്ഷേത്രം, മുട്ടയ്ക്കാട് ഗണപതി ക്ഷേത്രം, വാഴമുട്ടം കുന്നുംപാറ സുബ്രഹ്മണ്യക്ഷേത്രം, കോവളം കീഴതില്‍ ക്ഷേത്രം, തേരിവിള ക്ഷേത്രം, പാല്‍ക്കുളം തമ്പുരാന്‍ ക്ഷേത്രം, മുല്ലൂര്‍, ആഴിമല, പാച്ചല്ലൂര്‍ ചുടുകാട് ഭദ്രകാളി ക്ഷേത്രം, എന്നിവിടങ്ങളിലാണ് തര്‍പ്പണ ചടങ്ങുകള്‍ നടന്നത്.
നഗരത്തിലെ ക്ഷേത്രങ്ങളിലും
ബലിതര്‍പ്പണം

നഗരത്തിലെ വിവിധയിടങ്ങളിലെ ക്ഷേത്രങ്ങളിലും പിതൃ ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നു. നേമം മേഖലയിലെ ക്ഷേത്രങ്ങളില്‍ രാവിലെ അഞ്ച് മുതലാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചത്. ചിറയ്ക്കല്‍ മഹാവിഷ്ണുക്ഷേത്രം. തൃക്കണ്ണാപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ഊക്കോട് വേവിള മഹാവിഷ്ണുക്ഷേത്രം, തൃക്കുളങ്ങര മഹാവിഷ്ണുക്ഷേത്രം, തൃക്കണ്ണാപുരം ശ്രീചക്രശിവ ക്ഷേത്രം, വെള്ളായണി ചെറുപാല മണ്ഡം ശിവക്ഷേത്രം, വെള്ളായണി ശിവക്ഷേത്രം എന്നിവിടങ്ങളിലും ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നു.
മലയിന്‍കീഴ് പുന്നാവൂര്‍ അരുവിക്കര ധര്‍മ്മശാസ്ത്രം, പേയാട് അരുവിപ്പുറം, കല്ലുപറമ്പ് അര്‍ദ്ധനാരീശ്വര ക്ഷേത്രം, കുണ്ടമണ്‍കടവ് ക്ഷേത്രം, മലയം ശിവക്ഷേത്രം, കുഴയ്ക്കാട് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍ പുലര്‍ച്ച 4.30 മുതല്‍ ആരംഭിച്ച ബലിതര്‍പ്പണ ചടങ്ങുകള്‍ ഉച്ചയ്ക്കാണ് അവസാനിച്ചത്. മരുതംകുഴി കൊച്ചാര്‍ ഗണപതിക്ഷേത്രം, മൂന്നാംമൂട് ആയിരവല്ലി തമ്പുരാന്‍ പാറക്ഷേത്രം എന്നിവിടങ്ങളിലും പുലര്‍ച്ചെ 4.30 ന് ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു. പാച്ചല്ലൂര്‍ ചുടുകാട് ദേവീക്ഷേത്രം, വേളി പൊഴിക്കര ഗണപതിക്ഷേത്രം, ഇരുംകുളങ്ങര ദുര്‍ഗ്ഗാ ഭഗവതി ദേവിക്ഷേത്രം, കോവളം ആവാടുതുറ അടക്കമുള്ള ക്ഷേത്രങ്ങളിലെ ബലിതര്‍പ്പണ ചടങ്ങുകളും ഉച്ചയോടെ അവസാനിച്ചു.
സുരക്ഷയ്ക്കും ഗതാഗത നിയന്ത്രണത്തിനുമായി ശംഖുംമുഖത്തും തിരുവല്ലത്തും വനിതാപോലീസുകാരടക്കം 1000 പേരെയാണ് നിയോഗിച്ചിരുന്നത്. സിറ്റി പോലീസ് കമ്മീഷണര്‍, ഡി.സി.പി.. സഞ്ജയ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയത്. കെ.എസ്.ആര്‍.ടി.സി., കെ.എസ്.ഇ.ബി., റവന്യു, ഹെല്‍ത്ത് വിഭാഗം, നഗരസഭ, ജല അതോറിറ്റി, അഗ്നിശമനസേന എന്നിവരും പങ്കെടുത്തു.
തിരുവല്ലത്തും ശംഖുംമുഖത്തും പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ ട്രാഫിക് നിയന്ത്രണം ബലിതര്‍പ്പണത്തിനെത്തിയവര്‍ക്ക് യാത്ര സുഗമമാക്കി. തിരുവല്ലം ബൈപ്പാസില്‍ ഒരുവശത്തും ശംഖുംമുഖത്ത് നാലിടങ്ങളിലുമായി ക്രമീകരിച്ച പാര്‍ക്കിങ് സൗകര്യം ഗതാഗതക്കുരുക്ക് ഒഴിവാക്കി.

More Citizen News - Thiruvananthapuram