പിതൃതര്‍പ്പണ പുണ്യംനേടി ആയിരങ്ങള്‍

Posted on: 15 Aug 2015നെടുമങ്ങാട് : പിതൃക്കളുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിച്ചു കൊണ്ട് നെടുമങ്ങാട് താലൂക്കിന്റെ ചെറുതും വലുതുമായ ക്ഷേത്രങ്ങളില്‍ ആയിരങ്ങള്‍ പിതൃബലിതര്‍പ്പണം നടത്തി. താലൂക്കിലെ ഏറ്റവും പ്രധാനപ്പെട്ട ബലിതര്‍പ്പണ കേന്ദ്രമായ അരുവിക്കര ബലിക്കടവില്‍ പുലര്‍ച്ചെ നാലുമുതല്‍ കൊട്ടാരക്കര സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നു. പുതിയ ബലിമണ്ഡപവും ബലിക്കടവും ബലിതര്‍പ്പണത്തിനായി തുറന്നു കൊടുത്തിരുന്നു. എന്നാല്‍ ബലിമണ്ഡപത്തിലേക്ക് ആള്‍ക്കാരെ വരിവരിയായി നിര്‍ത്തിയത് അല്പം തിരക്ക് കൂട്ടിയെങ്കിലും ഉച്ചയോടെ ബലിതര്‍പ്പണ ചടങ്ങുകള്‍ പൂര്‍ത്തിയായി. കെ.എസ്.ശബരീനാഥന്‍ എം.എല്‍.എ. അരുവിക്കരയിലെത്തി ബലിതര്‍പ്പണ ചടങ്ങുകള്‍ വിലയിരുത്തി. അച്ഛന്‍ ജി.കാര്‍ത്തികേയന്‍ മരിച്ചിട്ട് ഒരു വര്‍ഷം തികയാത്തതിനാല്‍ ശബരീനാഥന്‍ ബലിതര്‍പ്പണം നടത്തിയില്ല.
ആര്യനാട് ആനന്ദേശ്വരം ശിവക്ഷേത്രക്കടവില്‍ ദിലീപ് വാസവന്‍ ശാന്തിയുടെ കാര്‍മ്മികത്വത്തില്‍ ബലികര്‍മ്മങ്ങള്‍ നടന്നു. ഉത്തരംകോട് ഭഗവതി കുന്നില്‍ ഭഗവതി ക്ഷേത്രത്തില്‍ കാവുനട ബലിക്കടവില്‍ ശ്രീനാഥ് ശാന്തിയുടെ നേതൃത്വത്തില്‍ ബലിതര്‍പ്പണം നടന്നു. പരുത്തിപ്പള്ളി ശിവക്ഷേത്രം, പനയമുട്ടം ഭദ്രകാളി ക്ഷേത്രം, പതിയനാട് ഭദ്രകാളി ക്ഷേത്രം, കോതകുളങ്ങര ചെമ്പന്‍കോട് ദേവീ ക്ഷേത്രം, ആറ്റിന്‍പുറം ദുര്‍ഗ്ഗാഭഗവതി ക്ഷേത്രം, നെടുമങ്ങാട് നഗരസഭ, കല്ലംമ്പാറ ബലിക്കടവ്, കുട്ടത്തിക്കരിക്കകം ദുര്‍ഗാഭഗവതി ക്ഷേത്രം, കൊക്കോട്ട തമ്പുരാന്‍ ക്ഷേത്രം, പഴയവീട്ടുമൂഴി ക്ഷേത്രം, ചക്രപാണിപുരം ലക്ഷ്മിമംഗലം ദേവി ക്ഷേത്രം എന്നിവിടങ്ങളില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് നിരവധിപേര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram