പെണ്‍വാണിഭസംഘത്തിലെ 10 പേര്‍ പിടിയില്‍; ഇടപാട് ഓണ്‍ലൈന്‍ വഴി

Posted on: 15 Aug 2015ശ്രീകാര്യം: ഫ്ലറ്റുകള്‍ കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ വഴി പെണ്‍വാണിഭം നടത്തിയിരുന്ന സംഘത്തെ കഴക്കൂട്ടം പോലീസ് പിടികൂടി. പാങ്ങപ്പാറയ്ക്ക് സമീപത്തെ ഒരു ഫ്ലറ്റില്‍ നിന്നാണ് അഞ്ച് യുവതികള്‍ ഉള്‍പ്പെടെ പത്തുപേരെ പിടികൂടിയത്. ഇടുക്കി വാഗമണ്‍ കാവക്കുളം സ്വദേശി ജിജു നായര്‍ (31), മണക്കാട് തളിയല്‍ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പ്രമോദ് (33), നെടുമങ്ങാട് സ്വദേശികളായ രാജന്‍ (48), ദീലിപ് (43), ശ്രീനാഥ് (21) എന്നിവരെയാണ് കഴക്കൂട്ടം പോലീസ് പിടികുടിയത്. നെടുമങ്ങാട് സ്വദേശിയായ യുവതിയും ജിജുനായരും യുവതിയുടെ നാട്ടുകാരനായ അഭി എന്നു വിളിക്കുന്ന അഭിലാഷും ചേര്‍ന്നാണ് ഈ ബിസിനസ്സ് നടത്തിയിരുന്നത്. ഇതില്‍ ജിജു നായര്‍ കഴിഞ്ഞമാസം ഇതേ തട്ടിപ്പിന് പോലീസിന്റെ പിടിയിലായതാണ്. അഭിലാഷ് ഒളിവിലാണ്.
പിടിയിലായ പെണ്‍കുട്ടികളില്‍ രണ്ടുപേര്‍ കര്‍ണാടക സ്വദേശിനികളും ഒരാള്‍ ബംഗാള്‍ സ്വദേശിനിയുമാണ്. ലോക്കാന്‍ഡൊ എന്ന വെബ് സൈറ്റില്‍ മലയാളി പെണ്‍കുട്ടികളുടെ ചിത്രവും മറ്റും പോസ്റ്റ് ചെയ്ത് മൊബൈല്‍ നമ്പറും നല്‍കിയാണ് ആവശ്യക്കാരെ ഇവര്‍ വലയിലാക്കുന്നത്. നമ്പറില്‍ ബന്ധപ്പെടുന്നവരെ ശ്രീകാര്യത്തോ കാര്യവട്ടത്തോ വരാന്‍ ആവശ്യപ്പെടുകയും അവിടെ എത്തുന്നവരില്‍ നിന്നും പണം കൈപ്പറ്റിയതിന് ശേഷമാണ് പാങ്ങപ്പാറയിലെ ഫ്ലറ്റില്‍ എത്താന്‍ പറയുന്നത്. മണിക്കൂറിന് 5000 മുതല്‍ 10000 വരെ ഇവര്‍ കൈപ്പറ്റിയിരുന്നതായി പോലീസ് പറയുന്നു. ഒരുരാത്രി തങ്ങുന്നതിന് 25,000 രൂപയാണ് ഈടാക്കിയിരുന്നത്. ഫ്ലറ്റില്‍ എത്തുന്നതിനു പുറമേ വിശ്വാസമുള്ള ഇടപാടുകാര്‍ക്ക് പെണ്‍കുട്ടികളെ സ്ഥലത്ത് എത്തിച്ചും നല്‍കുമായിരുന്നു. ആഴ്ചതോറും പെണ്‍കുട്ടികളെ മടക്കി അയച്ച് പുതിയവരെ എത്തിക്കുന്ന പതിവാണ്. ഇതിനായി ഏജന്‍സികളും പ്രവര്‍ത്തിക്കുന്നുണ്ട്. അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകളിലാണ് പെണ്‍കുട്ടികളെ കൊണ്ടു വന്നിരുന്നത്. ഇടക്കിടയ്ക്ക് ഇവര്‍ താവളം മാറ്റിയിരുന്നതായും പോലീസ് പറഞ്ഞു. ഉള്ളൂര്‍ മെഡിക്കല്‍ കോളേജ്, പരുത്തിപ്പാറ, അമ്പലംമുക്ക് എന്നീ സ്ഥലങ്ങളില്‍ ഇവര്‍ ബിസിനസ് നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ച റൂറല്‍ ജില്ലാ പോലീസ് മേധാവി ഷെഫിന്‍ അഹമ്മദിനു കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. പ്രതാപന്‍ നായരുടെ നിര്‍ദ്ദേശത്തില്‍ ഷാഡോ പോലീസും കഴക്കൂട്ടം സി.െഎ. കെ.എസ്. അരുണ്‍, എസ്‌.െഎ. ഇ.എസ്. ശ്രീജിത്തിന്റെയും നേതൃത്വത്തില്‍ നടത്തിയ നീക്കമാണ് പ്രതികളെ വലയിലാക്കിയത്.
വനിതാ പോലീസ് ഉള്‍പ്പെടെ വലിയൊരു സംഘം ഫ്ലറ്റില്‍ എത്തി റെയ്ഡിലൂടെയാണ് പ്രതികളെ പിടികൂടിയത്. പിന്നീട് ഇവരെ പാങ്ങപ്പാറയിലെ ഫ്ലറ്റില്‍ കൊണ്ടുവന്ന് തെളിവെടുത്തു.

More Citizen News - Thiruvananthapuram