മൗഷ്മി ബസ് ഞായറാഴ്ച ഓടുന്നത് സുനിതയെ സഹായിക്കാന്‍

Posted on: 15 Aug 2015വര്‍ക്കല: കാന്‍സര്‍ രോഗിയായ യുവതിയുടെ ചികിത്സക്കായി സ്വകാര്യബസ്സുകളുടെ ഒരു ദിവസത്തെ കളക്ഷന്‍ നീക്കിവെയ്ക്കുന്നു. മൗഷ്മി മോട്ടോര്‍സ് ഉടമ തച്ചോട് ശ്രീലകത്ത് മണിലാലാണ് തന്റെ രണ്ട് ബസ്സുകളില്‍ നിന്നുള്ള ഒരുദിവസത്തെ വരുമാനം ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി നല്‍കുന്നത്. തച്ചോട് ചരുവിളവീട്ടില്‍ സുനിത (45) യുടെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിനുള്ള തച്ചോട് പൗരസമിതിയുടെ പ്രവര്‍ത്തനമാണ് മണിലാലിന്റെ തീരുമാനത്തിന് കാരണമായത്. ദീര്‍ഘകാല ചികിത്സ ആവശ്യമുള്ള സുനിതയ്ക്ക് അതിനുള്ള സാമ്പത്തികശേഷിയില്ല. വൃദ്ധയായ മാതാവ് മാത്രമാണ് ഒപ്പമുള്ളത്. പൗരസമിതി പ്രവര്‍ത്തകരും സാന്ത്വനപരിചരണ വളന്റിയര്‍മാരുമാണ് സഹായത്തിനുള്ളത്. ചികിത്സാ ധനസഹായാര്‍ത്ഥം ഇവര്‍ പഞ്ചായത്തിലെയും പരിസരത്തെയും ജനങ്ങളെ ഇതില്‍ പങ്കാളിയാക്കാനുള്ള ശ്രമം നടത്തിവരികയാണ്.
ഞായറാഴ്ച ദിവസം രണ്ട് ബസ്സുകളില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ തുകയും സുനിതയ്ക്ക് നല്‍കും. ചികിത്സാസഹായത്തിനായി ബസ്സില്‍ സ്ഥാപിക്കുന്ന പെട്ടികളിലും സംഭാവന നിക്ഷേപിക്കാം. ബസ്സില്‍ കയറാന്‍ കഴിയാത്തവര്‍ക്ക് സുനിതയുടെ പേരില്‍ സഹായം നല്‍കാം. ഇതിനായി വര്‍ക്കല ബാങ്ക് ഓഫ് ബറോഡയില്‍ 08500100007275 എന്ന നമ്പരില്‍ അക്കൗണ്ടും തുറന്നു. ഫോണ്‍: 9747971946.

More Citizen News - Thiruvananthapuram