അരുവിപ്പുറത്ത് ബലിയര്‍പ്പിക്കാനെത്തിയത് ആയിരങ്ങള്‍

Posted on: 15 Aug 2015കര്‍ക്കടക വാവില്‍ വിശ്വാസനിറവില്‍ പിതൃതര്‍പ്പണം


നെയ്യാറ്റിന്‍കര:
ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ശിവക്ഷേത്രത്തില്‍ പിതൃപുണ്യം തേടി ആയിരക്കണക്കിനുപേര്‍ ബലിതര്‍പ്പണം നടത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ ഇവിടെ പിതൃമോക്ഷം തേടി എത്തിയവരുടെ തിരക്കായിരുന്നു.
ബലിതര്‍പ്പണത്തിനായി വെള്ളിയാഴ്ച രാവിലെ മുതല്‍ തന്നെ ആള്‍ക്കാര്‍ എത്തിയിരുന്നു. ക്ഷേത്രവളപ്പില്‍ തയ്യാറാക്കിയ സ്ഥലത്താണ് ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നത്. മഠത്തിലെ ഗുരുമന്ദിരത്തില്‍ സ്വാമി സാന്ദ്രാനന്ദയുടെ നേതൃത്വത്തില്‍ ഗുരുപൂജ നത്തി. ഇതിന് ശേഷം ക്ഷേത്രത്തില്‍ പൂജ നടത്തിയതിനെ തുടര്‍ന്നാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചത്.
ആയിരത്തിയഞ്ഞൂറ് പേര്‍ക്ക് ഒരേസമയം ബലിതര്‍പ്പണ ചടങ്ങുകള്‍ ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള സൗകര്യമാണ് മഠം ഒരുക്കിയിരുന്നത്. ബലിയിടാനായി എത്തിയവര്‍ക്ക് ചടങ്ങുകള്‍ നടത്തുന്നതിനായി ക്ഷേത്ര കോമ്പൗണ്ട് വേലികൊണ്ട് തിരിച്ച സ്ഥലമാണ് മഠം ഒരുക്കിയത്. ഇവിടെ ഒരേസമയം ചടങ്ങുകള്‍ നടത്താനായി ആള്‍ക്കാരെ കയറ്റിയാണ് ബലിതര്‍പ്പണം നടത്തിയത്.
ബലിചടങ്ങുകള്‍ക്ക് ശേഷം നെയ്യാറില്‍ തര്‍പ്പണം ചെയ്യുന്നതിനും തിലഹോമം നടത്തുന്നതിനും സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ഡെപ്യൂട്ടി കളക്ടര്‍ കെ.എസ്. പദ്മകുമാരി അമ്മ, തഹസില്‍ദാര്‍ സാം എല്‍ സോണ്‍, മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, അരുവിപ്പുറം പ്രചാരസഭ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ വണ്ടന്നൂര്‍ സന്തോഷ് എന്നിവര്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
ക്ഷേത്രത്തില്‍ ബലിയിടാനായി എത്തിയവരുടെ സേവനങ്ങള്‍ക്കായി പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചിരുന്നു. അഗ്നിശമനസേനയും എയ്ഡ് പോസ്റ്റ് ഒരുക്കിയിരുന്നു. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി. എസ്. സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സുരക്ഷയും ഒരുക്കിയിരുന്നു. നെയ്യാറ്റിന്‍കര സി.ഐ. സി. ജോണ്‍, മാരായമുട്ടം എസ്.ഐ. പ്രവീണ്‍ എന്നിവര്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കെ.എസ്.ആര്‍.ടി.സി നെയ്യാറ്റിന്‍കര ഡിപ്പോയില്‍ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് പ്രത്യേകം ബസ് സര്‍വീസ് നടത്തി. മറ്റ് ഡിപ്പോകളില്‍ നിന്നും അരുവിപ്പുറത്തേയ്ക്ക് സര്‍വീസ് നടത്തി.
കുഴിത്തുറയില്‍ താമ്രപര്‍ണി നദിക്കരയില്‍ ബലിതര്‍പ്പണം ഉണ്ടായിരുന്നു. ഒരേസമയം അഞ്ഞൂറോളം പേര്‍ക്ക് ബലിതര്‍പ്പണം ചെയ്യുന്നതിനുള്ള സൗകര്യം ഇവിടെ ഉണ്ടായിരുന്നു. ഇവിടെ രാവിലെ മുതല്‍ ബലിയിടാനായി എത്തിയവരുടെ തിരക്ക് അനുഭവപ്പെട്ടു.
പാലയ്ക്കാപറമ്പ് ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ രാവിലെ മുതല്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി. ക്ഷേത്രം മേല്‍ശാന്തിയുടെ നേതൃത്വത്തിലായിരുന്നു ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നത്.
രാമേശ്വരം ശിവക്ഷേത്രം, തണ്ടളം നാഗരാജ ക്ഷേത്രം, പരശുവയ്ക്കല്‍ തെക്കുകര മഹാവിഷ്ണു ക്ഷേത്രം, ഊറ്ററ ചിദംബരനാഥ ക്ഷേത്രം, അഴകിക്കോണം ഭദ്രകാളി ക്ഷേത്രം, തിരുപുറം ശിവക്ഷേത്രം, പൂവ്വാര്‍ പൊഴിക്കര, തിരുവട്ടാര്‍ മൂവാറ്റുമുഖം ശ്രീകണ്ഠന്‍ ശാസ്താക്ഷേത്രം, മാറനല്ലൂരിലെ അരുവി തീര്‍ത്ഥഘട്ടം, മാറനല്ലൂര്‍ കൂവളശ്ശേരി ധര്‍മശാസ്താ ക്ഷേത്രം, മാടതാന്നിക്കടവ്, ചെമ്പനാകോട് ഹനുമാന്‍ ക്ഷേത്രം, കൊല്ലോട് തമ്പുരാന്‍ ക്ഷേത്രം എന്നിവിടങ്ങളിലും ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നു.

More Citizen News - Thiruvananthapuram