വീട് കുത്തിത്തുറന്ന് 20 പവനും ഒരുലക്ഷം രൂപയും കവര്‍ന്നു

Posted on: 15 Aug 2015വര്‍ക്കല: ഇടവയില്‍ വീട് കുത്തിത്തുറന്ന് 20 പവന്‍ സ്വര്‍ണാഭരണങ്ങളും ഒരുലക്ഷം രൂപയും കവര്‍ന്നു. ഇടവ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് സമീപം യെല്ലോ ഹൗസില്‍ ഹാറൂണിന്റെ വീട്ടിലാണ് വ്യാഴാഴ്ച രാത്രി 6.30നും 9.30നും മധ്യേ മോഷണം നടന്നത്. വീടിന്റെ അടുക്കള വാതില്‍ പൊളിച്ച് അകത്തുകടന്നാണ് അലമാരയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും മോഷ്ടിച്ചത്. വീട്ടില്‍ ആളില്ലാതിരുന്ന സമയത്തായിരുന്നു മോഷണം. ഈ സമയം ഹാറൂണും കുടുംബവും ഇവരുടെ ഉടമസ്ഥതയിലുള്ള മെഡിക്കല്‍ സ്റ്റോറിലായിരുന്നു. വൈകീട്ട് 6.30ഓടെ ഹാറൂണ്‍ വീട്ടിലെത്തി ലൈറ്റുകളിട്ട് മടങ്ങിയിരുന്നു. രാത്രി 9.30ന് കടയില്‍ നിന്ന് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതറിയുന്നത്. വീട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി പരിശോധന നടത്തി. ഒരു ലോങ് ചെയിന്‍ മോഡല്‍ മാല, ഒരു കല്‍മുത്ത് മാല, 2 വള, 2 മോതിരം, 3 കമ്മല്‍ ഒരു ലോക്കറ്റ് എന്നിവയാണ് നഷ്ടപ്പെട്ടത്. അലമാരയിലെ തുണികള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാക്കളെക്കുറിച്ച് സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

More Citizen News - Thiruvananthapuram