പിതൃസ്മരണയില്‍ ബലിതര്‍പ്പണം

Posted on: 15 Aug 2015തിരുവനന്തപുരം: പിതൃസ്മരണയില്‍ പതിനായിരങ്ങള്‍ ബലിതര്‍പ്പണം നടത്തി. എള്ളും ചന്ദനവും പൂവും അര്‍പ്പിച്ച് പിതൃക്കളുടെ മോക്ഷപ്രാപ്തിക്കായി പിണ്ഡസമര്‍പ്പണം നടത്തി. അമാവാസി ഒരിക്കല്‍ ആചരിച്ചാണ് മണ്‍മറഞ്ഞ പ്രിയപ്പെട്ടവര്‍ക്കായി തര്‍പ്പണം നടത്താന്‍ ബന്ധുക്കളെത്തിയത്. ബലിക്കടവുകളിലും ക്ഷേത്രങ്ങളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
ശംഖുംമുഖം കടല്‍തീരം, തിരുവല്ലം പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം തീരം, ശിവഗിരി എന്നിവിടങ്ങളിലായിരുന്നു തിരക്ക് കൂടുതല്‍. കോവളം, അരുവിക്കര, അരുവിപ്പുറം എന്നിവിടങ്ങളിലും നിരവധി പേരെത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ 2.30 മുതല്‍ തര്‍പ്പണച്ചടങ്ങുകള്‍ ആരംഭിച്ചു. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സമാപനം. രാവിലെ ആറുമുതല്‍ 11 വരെയുള്ള സമയത്തായിരുന്നു തിരക്ക് കൂടുതല്‍. ക്ഷേത്ര മേല്‍ശാന്തിമാരും പുരോഹിതരും കാര്‍മ്മികത്വം വഹിച്ചു. കോവളത്ത് തിരമാല ശക്തമായിരുന്നതിനാല്‍ പോലീസും ലൈഫ് ഗാര്‍ഡും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ശംഖുംമുഖത്തും സുരക്ഷയ്ക്കായി കൂടുതല്‍ ലൈഫ് ഗാര്‍ഡുമാരെ നിയോഗിച്ചിരുന്നു. തിരുവല്ലത്ത് പരശുരാമക്ഷേത്ര പുരോഹിതന്‍ പ്രവീണിന്റെ നേതൃത്വത്തിലുള്ള 30 പുരോഹിതന്‍മാര്‍ തര്‍പ്പണ ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. ഒമ്പത് ബലി മണ്ഡപങ്ങളിലായി ഒരേ സമയത്ത് 3500 പേര്‍ക്ക് ബലിയിടാനുള്ള സൗകര്യം ഒരുക്കിയിരുന്നു. ശംഖുംമുഖത്ത് 100 ലധികം പുരോഹിതന്‍മാരാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. നഗരത്തില്‍ ആയിരത്തോളം പോലീസുകാരെ സുരക്ഷയ്ക്കും ഗതാഗത നിയന്ത്രണത്തിനും നിയോഗിച്ചിരുന്നു.
വിവിധ ജില്ലകളില്‍ നിന്നെത്തിയവരെക്കൊണ്ട് വ്യാഴാഴ്ച രാത്രിതന്നെ പാപനാശം കടല്‍ത്തീരം നിറഞ്ഞിരുന്നു. വാവ് ആരംഭിച്ച പുലര്‍ച്ചെ മൂന്നുമുതല്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. കടല്‍ത്തീരത്തിനൊപ്പം പാപനാശത്തെ ബലിമണ്ഡപത്തിലും ആദ്യമായി കര്‍ക്കടക വാവുബലി തര്‍പ്പണം നടന്നു. തര്‍പ്പണശേഷം വര്‍ക്കല ജനാര്‍ദ്ദനസ്വാമിക്ഷേത്രത്തിലെത്തി പിതൃമോക്ഷക്രിയയായ തിലഹവനം നടത്തിയാണ് ഭക്തര്‍ മടങ്ങിയത്. കര്‍ക്കടക വാവ് പൂജകള്‍ക്കായി ജനാര്‍ദ്ദനസ്വാമിക്ഷേത്രം വെള്ളിയാഴ്ച പുലര്‍ച്ചെ 3ന് തുറന്നു. 3.30 മുതല്‍ ക്ഷേത്രമേല്‍ശാന്തിമാരുടെ നേതൃത്വത്തില്‍ തിലഹവനം ആരംഭിച്ചു. 100 ഓളം കര്‍മ്മികളാണ് ബലിതര്‍പ്പണത്തിന് നേതൃത്വം നല്‍കിയത്. ശക്തമായ തിരയില്‍പ്പെട്ട് നിരവധിപേര്‍ വീണെങ്കലും ലൈഫ് ഗാര്‍ഡുകള്‍ രക്ഷിക്കുകയായിരുന്നു. ശിവഗിരിയില്‍ ശാരദാമഠത്തിന് സമീപത്തെ ഹാളില്‍ ശിവഗിരി മഠത്തിലെ സന്ന്യാസിമാരുടെ മേല്‍നോട്ടത്തിലായിരുന്നു ചടങ്ങുകള്‍.
ത്രിവേണി സംഗമമായ കന്യാകുമാരിയിലും ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ശിവക്ഷേത്രത്തിലും ആയിരക്കണക്കിന് പേരെത്തി. കന്യാകുമാരിയില്‍ ബലിയിടാനായി വ്യാഴാഴ്ച രാത്രിതന്നെ ആള്‍ക്കാര്‍ എത്തിയിരുന്നു. നൂറിലേറെ പുരോഹിതരാണ് ഇവിടെ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. അരുവിക്കര മഠത്തിലെ ഗുരുമന്ദിരത്തില്‍ ഗുരുപൂജ നത്തിയതിന് ശേഷമാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചത്. ചടങ്ങുകള്‍ക്ക് ശേഷം നെയ്യാറില്‍ തര്‍പ്പണം ചെയ്യുന്നതിനും തിലഹോമം നടത്തുന്നതിനും സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.
അരുവിക്കര ബലിക്കടവില്‍ കൊട്ടാരക്കര സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ തര്‍പ്പണച്ചടങ്ങുകള്‍ നടന്നു. പുതിയ ബലിമണ്ഡപവും ബലിക്കടവും ബലിതര്‍പ്പണത്തിനായി തുറന്നുകൊടുത്തിരുന്നു. ഉച്ചയോടെ ബലിതര്‍പ്പണ ചടങ്ങുകള്‍ പൂര്‍ത്തിയായി.
കുഴിത്തുറയില്‍ താമ്രപര്‍ണി നദിക്കരയില്‍ ബലിതര്‍പ്പണം ഉണ്ടായിരുന്നു. ഒരേസമയം അഞ്ഞൂറോളം പേര്‍ക്ക് ബലിതര്‍പ്പണം ചെയ്യുന്നതിനുള്ള സൗകര്യം ഇവിടെ ഉണ്ടായിരുന്നു. പൂവാര്‍ പൊഴിക്കരയില്‍ നാല്‍പ്പതോളം പുരോഹിതരുടെ നേതൃത്വത്തില്‍ തര്‍പ്പണ കര്‍മ്മങ്ങള്‍ നടന്നു. നെയ്യാറില്‍ കുളികഴിഞ്ഞ് ബലിയിട്ടശേഷം കടലിലാണ് ഇവടെ തര്‍പ്പണം നടത്തുന്നത്.
ചിറയിന്‍കീഴ് പുളിമൂട്ടില്‍ക്കടവ്, കഠിനംകുളം മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് കടവ്, പാലയ്ക്കാപറമ്പ് ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം, വേളി പൊഴിക്കര ഗണപതി ക്ഷേത്രം, വാമനപുരം നദിയിലെ ആറ്റിങ്ങല്‍ പൂവമ്പാറ ഭദ്രാദേവി ക്ഷേത്രക്കടവ്, കൈമനം ചിറക്കറ മഹാവിഷ്ണ ക്ഷേത്രം, കുണ്ടമണ്‍കടവ് ഭഗവതി ക്ഷേത്രം, തൃപ്പരപ്പ് മഹാദേവര്‍ ക്ഷേത്രം, ആറ്റിങ്ങല്‍ ആവണിപുരം മഹാവിഷ്ണുക്ഷേത്രം, മൂത്തേടത്ത് ദേവീക്ഷേത്രം, അയിലം ശിവക്ഷേത്രം, തോന്നയ്ക്കല്‍ കുടവൂര്‍ മഹാദേവക്ഷേത്രം, ആറ്റിങ്ങല്‍ കുഴിമണ്‍കാവ് ധര്‍മ്മശാസ്താക്ഷേത്രം, നഗരൂര്‍ തേക്കിന്‍കാട് ശിവക്ഷേത്രം, കിളിമാനൂര്‍ മഹാദേവേശ്വരം ക്ഷേത്രം, എള്ളുവിള ദേവീക്ഷേത്രം, പോത്തന്‍കോട് പണിമൂല ദേവീക്ഷേത്രം, വാവറ പുളിക്കച്ചിറക്ഷേത്രം, പുളിമാത്തൂര്‍ മഹാദേവക്ഷേത്രം, വാമനപുരം കുറ്റൂര്‍ ധര്‍മ്മശാസ്താക്ഷേത്രം, മുല്ലക്കര മീന്‍മുട്ടി ദേവീക്ഷേത്രം, കല്ലറ അരുവിപ്പുറം ദേവീക്ഷേത്രം തുടങ്ങി ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ ബലിതര്‍പ്പണച്ചടങ്ങുകള്‍ നടന്നു.

More Citizen News - Thiruvananthapuram