മയക്കുമരുന്ന് വില്പന; ഒരാള്‍ പിടിയില്‍

Posted on: 15 Aug 2015തിരുവനന്തപുരം: നഗരത്തിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് വന്‍തോതില്‍ മയക്കുമരുന്ന് വില്പന നടത്തിവന്നയാളെ സിറ്റി ഷാഡോ പോലീസ് ടീമും നര്‍ക്കോട്ടിക് സെല്ലും പൂജപ്പുര പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ പിടികൂടി. തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശി സുരേഷ് (34) ആണ് അറസ്റ്റിലായത്. മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട ഗുളികകളാണ് ഇയാള്‍ വില്പന നടത്തിവന്നിരുന്നത്.

വീര്യം കൂടിയ മയക്കു ഗുളികകള്‍ വ്യാജ കുറിപ്പടികള്‍ ഉപയോഗിച്ച് വാങ്ങിയാണ് ഇയാള്‍ വിദ്യാര്‍ഥികള്‍ക്ക് വിറ്റിരുന്നത്. ഇയാളില്‍ നിന്ന് വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 85 സ്ട്രിപ്പ് ഗുളികകള്‍ കണ്ടെടുത്തു. മയക്കുമരുന്നുകള്‍ക്ക് അടിമപ്പെട്ട് സ്ഥിരമായി ക്ലാസില്‍ വരാതെ കറങ്ങി നടക്കുന്ന വിദ്യാര്‍ഥികളെ പിടികൂടി ചോദ്യം ചെയ്തതില്‍ നിന്നാണ് സുരേഷിനെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് പോലീസ് ഇയാളുടെ വീട്ടിലെത്തി പിടികൂടുന്ന അവസരത്തില്‍ ഇയാളോടൊപ്പമിരുന്ന് മയക്കുമരുന്ന് ഉപയോഗിച്ച് ഉന്മാദ അവസ്ഥയിലായിരുന്ന രണ്ട് വിദ്യാര്‍ഥികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ഇവരെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

ഇവരെ ചോദ്യം ചെയ്തതിലും മൊബൈല്‍ ഫോണ്‍ പരിശോധിച്ചതിലും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി മയക്കുമരുന്ന് റാക്കറ്റില്‍ അകപ്പെട്ട വിദ്യാര്‍ഥികളെ മോചിതരാക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കുമെന്നും വരുംദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പിടിയിലാകുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്.വെങ്കിടേഷ്. അറിയിച്ചു. നര്‍ക്കോട്ടിക് സെല്‍ എ.സി. ആര്‍.ദത്തന്‍, കണ്‍ട്രോള്‍ റൂം എ.സി. പ്രമോദ്കുമാര്‍, പൂജപ്പുര എസ്.ഐ. മണികണ്ഠന്‍ ഉണ്ണി എന്നിവര്‍ അന്വേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

More Citizen News - Thiruvananthapuram