കുടുംബശ്രീ ജില്ലാവാര്‍ഷികം നാളെ മുതല്‍

Posted on: 15 Aug 2015തിരുവനന്തപുരം: കുടുംബശ്രീയുടെ ജില്ലാവാര്‍ഷികം ഞായര്‍, തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടക്കുമെന്ന് പ്രോഗ്രാം ഓഫീസര്‍ ടി.ഷാഹുല്‍ ഹമീദ് പത്രസമ്മേളനത്തില്‍ അറിയിച്ചു. ഭക്ഷ്യസുരക്ഷയും ഭക്ഷ്യസ്വാശ്രയത്വവും എന്ന സന്ദേശവുമായാണ് 17-ാമത് ജില്ലാ വാര്‍ഷികാഘോഷം സംഘടിപ്പിക്കുന്നത്. ഞായറാഴ്ച വൈകീട്ട് നാലിന് പ്രസ് ക്ലബ്ബിന് മുന്നില്‍നിന്ന് ആരംഭിക്കുന്ന വിളംബര ഘോഷയാത്ര മേയര്‍ കെ.ചന്ദ്രിക ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉത്പാദിപ്പിച്ച കാര്‍ഷിക ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും മാഞ്ഞാലിക്കുളം ഗ്രൗണ്ടില്‍ സ്​പീക്കര്‍ എന്‍.ശക്തന്‍ ഉദ്ഘാടനം ചെയ്യും.
ചൊവ്വാഴ്ച കുടുംബശ്രീ അംഗങ്ങള്‍ പങ്കെടുക്കുന്ന കലാകായിക മത്സരങ്ങളായ വടംവലി, കബടി, ഫുട്‌ബോള്‍ മത്സരവും ഉണ്ടായിരിക്കും. ഇതിനുപുറമേ തെങ്ങ് കയറ്റം, തേങ്ങാ പൊളിക്കല്‍, ചിരകല്‍ മത്സരങ്ങളും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് പ്രമുഖര്‍ പങ്കെടുക്കുന്ന ക്ലാസ്, ഭക്ഷ്യസുരക്ഷയും ഭക്ഷ്യസ്വാശ്രയത്വവും വിഷയത്തില്‍ സെമിനാറും സംഘടിപ്പിക്കും. കവയിത്രി സുഗതകുമാരി ഉള്‍െപ്പടെയുള്ളവര്‍ പങ്കെടുക്കുന്ന കവിയരങ്ങും അന്ന് നടക്കും. വര്‍ഷികാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ബുധനാഴ്ച രാവിലെ 11ന് വെള്ളയമ്പലം പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ മന്ത്രി എം.കെ.മുനീര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മികച്ച സി.ഡി.എസ്സുകള്‍ക്കുള്ള അവാര്‍ഡ് വിതരണം ചെയ്യും. തുടര്‍ന്ന് വൈകീട്ട് നാലിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കെ.മുരളീധരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ.അബ്ദുല്‍ ഗഫാറും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram