പദ്മനാഭ പാദപൂജ പൂര്‍ത്തിയാക്കി പെരിയനമ്പി മടങ്ങുന്നു

Posted on: 15 Aug 2015


വിവേക് ആര്‍. ചന്ദ്രന്‍തിരുവനന്തപുരം: മനസില്‍ വൈകുണ്ഠസ്തുതി മാത്രം നിറച്ച് പെരിയനമ്പി നാരായണന്‍ പദ്മനാഭന്‍ ശ്രീപദ്മനാഭന്റെ മണ്ണില്‍ നിന്ന് മടങ്ങുന്നു. പദ്മതീര്‍ഥത്തിന് മുന്നില്‍ രണ്ട് ലക്ഷദീപങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ച പെരിയനമ്പി മരുതംപാടി നാരായണന്‍ പദ്മനാഭന്‍ സ്വദേശത്തേക്ക് തിരികെ പോകുന്നു. ക്ഷേത്രത്തിലെ പെരിയനമ്പിയായി എട്ട് വര്‍ഷം പൂര്‍ത്തിയാക്കിയാണ് ഇദ്ദേഹം സ്ഥാനം ഒഴിയുന്നത്. നിരവധി അപൂര്‍വതകള്‍ക്കും മാറ്റങ്ങള്‍ക്കും സാക്ഷിയായ മുഖ്യപൂജാരിയാണ് മരുതംപാടി നാരായണന്‍ പദ്മനാഭന്‍.

ക്ഷേത്രവും അമൂല്യ സ്വത്തുക്കളും ലോകശ്രദ്ധയിലേക്കുയര്‍ന്നപ്പോഴും നിരവധി വിവാദങ്ങളും കോടതി വ്യവഹാരങ്ങളും തുടരുമ്പോഴും ഇദ്ദേഹം നിശബ്ദനായി തന്റെ കര്‍ത്തവ്യത്തില്‍ മാത്രം ശ്രദ്ധിക്കുകയായിരുന്നു. ഭക്തരുടെ തിരക്കേറിയപ്പോഴും കൂടുതല്‍ സമയം ക്ഷേത്രനട തുറന്നപ്പോഴുമൊന്നും പരാതിയോ പരിഭവമോ ഇല്ലാതെ തന്റെ ദേവപൂജയില്‍ മുഴുകുകയാണ് ചെയ്തത്. നമ്പി ശ്രീകോവിലിനുള്ളില്‍ ഉള്ളപ്പോള്‍ മാത്രമേ ഒറ്റക്കല്‍ മണ്ഡപത്തില്‍ കയറി ഭക്തര്‍ക്ക് ദര്‍ശനം നടത്താനാവൂ.

സ്ഥാനമാറ്റമായ കുടമാറ്റച്ചടങ്ങ് ആഗസ്ത് 20ന് വ്യാഴാഴ്ച രാവിലെ 10.30ന് നടക്കും. എട്ട് വര്‍ഷം മുമ്പ് പുഷ്പാഞ്ജലി സ്വാമിയാരെ നമസ്‌കരിച്ച് ഏറ്റുവാങ്ങിയ കുടയും അധികാരചിഹ്നങ്ങളും തിരിച്ചേല്‍പ്പിക്കും. തുടര്‍ന്ന് ശ്രീപദ്മനാഭന് സമര്‍പ്പിക്കുന്ന സ്വര്‍ണക്കിരീടം അടുത്ത പെരിയനമ്പിക്കും കൈമാറും. യാത്രയയപ്പും മറ്റ് ആദരിക്കല്‍ ചടങ്ങുകളും സ്‌നേഹപൂര്‍വം ഒഴിവാക്കി വ്യാഴാഴ്ച വൈകീട്ട് തന്നെ ഇദ്ദേഹം മടങ്ങും.

രണ്ട് ലക്ഷദീപങ്ങള്‍ക്ക് കാര്‍മികനായിരുന്നു. ക്ഷേത്രത്തിന്റെ ഭരണസമതിയിലെത്തുന്ന ആദ്യ പെരിയനമ്പിയാണ്. സുപ്രീംകോടതി നിയോഗിച്ച ഭരണസമിതിയില്‍ നമ്പിയും അംഗമാണ്. പുറപ്പെടാ ശാന്തിയായതിനാല്‍ ഭരണസമിതി യോഗം ചേരുന്നതിന് ക്ഷേത്രത്തിനുള്ളില്‍ തന്നെ പ്രത്യേക സൗകര്യം ഒരുക്കുകയും ചെയ്തു. ക്ഷേത്ര നിലവറകളിലെ അമൂല്യ ശേഖരങ്ങളെക്കുറിച്ച് പുറംലോകം അറിയുകയും അവയുടെ കണക്കെടുക്കുകയും ചെയ്തതും ഈ കാലഘട്ടത്തിലാണ്.

രാജഭരണത്തിലെ അവസാന അംഗമായിരുന്ന ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ മരണത്തിനുശേഷം അവസാനത്തെ വട്ടപ്രസാദം നല്‍കി. അടുത്ത സ്ഥാനിയായ മൂലം തിരുനാളിന്റെ സ്ഥാനാരോഹണത്തിനും കാര്‍മികത്വം വഹിച്ചു. കിഴക്കേമഠം പുഷ്പാഞ്ജലി സ്വാമിയാരുടെ അവരോധത്തിലും പങ്കാളിയായി. ഇങ്ങനെ ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ പ്രധാന ചടങ്ങുകള്‍ക്കും മുഖ്യസ്ഥാനത്ത് മരുതംപാടി നാരായണന്‍ പദ്മനാഭന്‍ ഉണ്ടായിരുന്നു. പ്രായമായ അമ്മയെ നോക്കാനാണ് അദ്ദേഹം തന്റെ ഇഷ്ടദേവന്റെ സന്നിധിയില്‍ നിന്ന് പടിയിറങ്ങുന്നത്. മറ്റൊരു ദേവസ്ഥാനത്തും ഇനി നിത്യപൂജയില്ല. വൈകുണ്ഠപൂജ നടത്തിയ ആള്‍ ഇനി ഒരു ക്ഷേത്രത്തിലും നിത്യപൂജ നടത്തരുതെന്നാണ് വിശ്വാസം. പെരിയനമ്പി സ്ഥാനമേറ്റുകഴിഞ്ഞാല്‍ ഒരിക്കലും ദേവനെപ്പോലും സാഷ്ടാംഗപ്രണാമം നടത്തരുതെന്നാണ് ആചാരം. ശ്രാദ്ധകര്‍മത്തിന് മാത്രമാണ് ഇതിന് ഇളവുള്ളത്. കഴിഞ്ഞ എട്ടുവര്‍ഷമായി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലും നമ്പിമഠത്തിലുമായിരുന്നു ജീവിതം. ഉത്സവ ആറാട്ടിന് ശംഖുംമുഖംവരെയും പള്ളിവേട്ടയ്ക്ക് കളംവരെയും പദ്മനാഭവിഗ്രഹത്തോടൊപ്പം മാത്രമായിരുന്നു പുറംയാത്രകള്‍.

കാസര്‍കോഡ് കാഞ്ഞങ്ങാട് ബ്രഹ്മശ്രീ പൂല്ലൂര്‍ യോഗസഭയിലെ ഇക്കര ദേശക്കാരായ പത്തില്ലത്തില്‍െപ്പട്ട മരുതംപാടി മനയില്‍ പരേതനായ മരുതംപാടി കേശവന്‍ നാരായണന്റെയും ഗൗരി അന്തര്‍ജനത്തിന്റെയും മകനായാണ് ജനനം. 2008 നവംബറിലാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പഞ്ചഗവ്യത്ത് നമ്പിയായി സ്ഥാനമേറ്റത്. ആറ് മാസം കഴിഞ്ഞതോടെ പെരിയനമ്പിയായി. ഇതിനുമുമ്പ് കുമാരനല്ലൂര്‍, ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം, കിടങ്ങൂര്‍ സുബ്രഹ്മണ്യക്ഷേത്രം, തലശ്ശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ മേല്‍ശാന്തിയായിരുന്നു. ഉഷ അന്തര്‍ജനമാണ് ഭാര്യ. പാപ്പനംകോട് ശ്രീ ചിത്തിര തിരുനാള്‍ എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥിയായ കിഷോര്‍ നാരായണനും റാം നഗറില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയുമായ പദ്മകുമാറുമാണ് മക്കള്‍.

കേരളത്തിലെ പല പ്രധാന ക്ഷേത്രങ്ങളിലെയും മേല്‍ശാന്തി നിയമനം അടക്കമുള്ള കാര്യങ്ങളില്‍ മുഖ്യപങ്കുള്ള പദവിയാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പെരിയനമ്പി. ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം, കുമാരനല്ലൂര്‍, കിടങ്ങൂര്‍, ഏറ്റുമാനൂര്‍, മിത്രാനന്ദപുരം, തലശ്ശേരി തിരുവങ്ങാട് തുടങ്ങിയ ക്ഷേത്രങ്ങളിലെയെല്ലാം മേല്‍ശാന്തിമാരെ നിയോഗിക്കുന്നതില്‍ പെരിയനമ്പിക്ക് മുഖ്യപങ്കുണ്ട്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഇക്കരദേശിക്കാരായ കീഴ്ശാന്തിമാരെ നിയമിക്കുന്നതും നമ്പി പൂല്ലൂര്‍ യോഗസഭയുമായി ആലോചിച്ചാണ്. മൂന്ന് വര്‍ഷമാണ് പെരിയനമ്പി പദവിയുടെ ഒരു മുറ.

മരുതംപാടി നാരായണന്‍ പദ്മനാഭന്‍ മൂന്ന് തവണയായി ഈ പദവിക്ക് നിയോഗിക്കപ്പെടുകയായിരുന്നു. ഇക്കരദേശിയായ വാരിക്കാട്ട് കക്കാട്ട് കിഴക്കേ ഇല്ലത്ത് വാസുദേവന്‍ നാരായണ ഭട്ടേരിയാണ് അടുത്ത പഞ്ചഗവ്യത്ത് നമ്പിയായി ചുമതലയേല്‍ക്കുന്നത്. പെരിയനമ്പിയായി അക്കരദേശിയായ നരസിംഹം കുമാര്‍ സ്ഥാനമേല്‍ക്കും.

More Citizen News - Thiruvananthapuram