രാജ്യത്തെ ആദ്യത്തെ സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് കോട്ടയത്ത്‌

Posted on: 15 Aug 2015വിദേശ സര്‍വകലാശാലകളുമായി അഫിലിയേഷന്‍

തിരുവനന്തപുരം:
കായികതാരങ്ങള്‍ക്ക് ശാസ്ത്രീയപരിശീലനം നല്‍കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് വരുന്നു. 175 കോടി രൂപ െചലവില്‍ കോട്ടയത്ത് ചിങ്ങവനത്താണ് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കുക. സ്‌പോര്‍ട്‌സ് സയന്‍സിലെ വിദഗ്ധരെ വാര്‍ത്തെടുക്കുക, സ്‌പോര്‍ട്‌സ് സയന്‍സില്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ ആരംഭിച്ച് വിദേശരാജ്യങ്ങളിലെ തൊഴില്‍ മേഖലകള്‍ പ്രയോജനപ്പെടുത്തുക എന്നിവയാണ് സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മുഖ്യ ലക്ഷ്യങ്ങള്‍.
സ്‌പോര്‍ട്‌സ് മെഡിസിന്‍, സ്‌പോര്‍ടസ് സൈക്കോളജി, ബയോമെക്കാനിക്‌സ്, പെര്‍ഫോമന്‍സ് അനാലിസിസ്, സ്‌പോര്‍ട്‌സ് നുട്രീഷന്‍, എക്‌സര്‍സൈസ് ഫിസിയോളജി എന്നീ വിഷയങ്ങളില്‍ ബിരുദാനന്തരബിരുദകോഴ്‌സുകള്‍ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. ഒരു കോഴ്‌സില്‍ 20 കുട്ടികള്‍ക്കു വീതം പ്രവേശനം നല്‍കും. ഓസ്‌ട്രേലിയയിലെ വിക്ടോറിയ സര്‍വകലാശാല, ജെര്‍മന്‍ സ്‌പോര്‍ട്‌സ് സര്‍വകലാശാല, യു.എസ്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പോര്‍ട്‌സ് എന്നീ സര്‍വകലാശാലകളില്‍ സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റിയൂട്ടിലെ കോഴ്‌സുകള്‍ അഫിലിയേറ്റ് ചെയ്യും.
നിലവില്‍ നമ്മുടെ രാജ്യത്ത് കായികതാരങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് മെഡിസിന്റെ സഹായത്തോടുകൂടിയുള്ള പരിശീലനമല്ല ലഭ്യമാക്കുന്നത്. ഇതുമൂലം കായികതാരങ്ങള്‍ക്ക് മത്സരങ്ങളുടെ മാനസികസമ്മര്‍ദം പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതായി ഒട്ടേറെ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. ഇതിന് പരിഹാരമായാണ് സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കാനുള്ള തീരുമാനം.
ചിങ്ങവനത്ത് സര്‍ക്കാരിന്റെ കൈവശമുള്ള 12 ഏക്കര്‍ സ്ഥലത്തിനൊപ്പം എട്ട് ഏക്കര്‍ സ്ഥലം കൂടി സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റിയൂട്ടിനായി ഏറ്റെടുക്കും. ആദ്യഘട്ടമെന്ന നിലയില്‍ അടുത്ത അക്കാദമിക് വര്‍ഷം രണ്ടു കോഴ്‌സുകളോടെ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും.

More Citizen News - Thiruvananthapuram