നിര്‍ബന്ധിത വിദ്യാഭ്യാസം 12-ാം ക്ലാസ് വരെ ആക്കാമെന്ന് കേന്ദ്രം

Posted on: 15 Aug 2015


അനീഷ് ജേക്കബ്ബ്‌ഒമ്പതാം ക്ലാസ് മുതല്‍ ഇഷ്ടപ്പെട്ട
വിഷയം പഠിക്കാം
യോഗയും കായിക വിദ്യാഭ്യാസത്തില്‍
പരീക്ഷാ രീതിയില്‍ അടിമുടി മാറ്റം വേണം


തിരുവനന്തപുരം:
പരിഷ്‌കരിക്കുന്ന ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി നിര്‍ബന്ധിത വിദ്യാഭ്യാസം 12-ാം ക്ലാസ് വരെയാക്കുന്നതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. നിലവില്‍ എട്ടാം ക്ലാസ് വരെയാണ് നിര്‍ബന്ധിത വിദ്യാഭ്യാസം. ഇത് ഹയര്‍ സെക്കന്‍ഡറിവരെയാക്കുന്നതിനെക്കുറിച്ച് സംസ്ഥാനങ്ങളുടെ അഭിപ്രായം കേന്ദ്രം ചോദിച്ചിട്ടുണ്ട്.
ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ചുള്ള അഭിപ്രായം സംസ്ഥാനങ്ങള്‍ സപ്തംബറിനകം നല്‍കണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.
ഒമ്പതാം ക്ലാസ് മുതല്‍ ഇഷ്ടപ്പെട്ട വിഷയം പഠിക്കുന്നതിന് അവസരം ഒരുക്കുന്നതിനെക്കുറിച്ചും കരട് നയത്തില്‍ സൂചനയുണ്ട്. നിലവില്‍ 11-ാം ക്ലാസ് മുതലാണ് ഇഷ്ടപ്പെട്ട വിഷയം തിരഞ്ഞെടുത്ത് പഠിക്കുക.
ഒമ്പതാം ക്ലാസ് മുതല്‍ ഇഷ്ടപ്പെട്ട വിഷയമോ, തൊഴിലധിഷ്ഠിത പഠനമോ നടത്തുന്നതിന് അവസരമൊരുക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും ചോദ്യാവലിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വിദൂര വിദ്യാഭ്യാസം, ഐ.സി.ടി. മാതൃക എന്നിവയടക്കമുള്ള സംവിധാനങ്ങളിലൂടെ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം വ്യാപകമാക്കാം.
സംസ്ഥാനത്തുടനീളം സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ഏകീകൃത സിലബസ് വേണോയെന്നതാണ് സംസ്ഥാനങ്ങളോടുള്ള മറ്റൊരു ചോദ്യം.
സ്‌കൂള്‍ പരീക്ഷാരീതിയില്‍ കാര്യമായ മാറ്റം നയം നിര്‍ദേശിക്കുന്നു. പത്താം ക്ലൂസ്സുവരെ പൊതുവായ പരീക്ഷ വേണ്ടെന്ന നിര്‍േദശവും മുന്നോട്ടുെവയ്ക്കുന്നുണ്ട്. നിരന്തര മൂല്യനിര്‍ണയം പരാജയപ്പെട്ട രീതിയാണെന്ന സൂചന നയത്തിലുണ്ട്. ഇത് നടപ്പാക്കുന്നതില്‍ അധ്യാപകര്‍ക്കും വീഴ്ചയുണ്ട്. ഇതിന് ബദല്‍ നിര്‍ദേശങ്ങള്‍ നയം ക്ഷണിക്കുന്നു.
മാതൃഭാഷയില്‍ പ്രൈമറി വിദ്യാഭ്യാസം നടപ്പാക്കുന്നത് വേണ്ടത്ര വിജയിക്കുന്നില്ല. ത്രിഭാഷാ പദ്ധതിയും അങ്ങനെതന്നെ. ഇവ വിജയിപ്പിക്കുന്നതിനൊപ്പം ആദിവാസി ഭാഷകളുള്‍പ്പെടെ രാജ്യത്തുള്ള 1652 ഭാഷകളില്‍ പലതും നഷ്ടപ്പെടുന്നത് തടയണം. അതിനായി കരിക്കുലം എങ്ങനെ പ്രയോജനപ്പെടുത്താമെന്ന അന്വേഷണവും കേന്ദ്ര നയത്തിലുണ്ട്. വിദേശഭാഷാ പഠനത്തിനുള്ള വാതിലും തുറക്കണം.
കായിക പഠനം, സ്‌പോര്‍ട്‌സ്, യോഗ എന്നിവ ചേരുന്നതാണ് കായിക വിദ്യാഭ്യാസം. ഇവ മൂന്നുംകൂടി ചേര്‍ത്ത് കായിക വിദ്യാഭ്യാസത്തിന് പുതിയ പേര് നല്‍കണം. ഇത് നിര്‍ബന്ധ പഠനവിഷയമാക്കാനും നയത്തില്‍ നിര്‍ദേശമുണ്ട്.
പ്രാദേശികതലത്തിലുള്ള കലാകാരന്മാരെയും കരകൗശല വിദഗ്ദ്ധരെയും കലാപഠനത്തില്‍ പ്രയോജനപ്പെടുത്തണം. അധ്യാപക വിദ്യാഭ്യാസത്തിന്റെ പൊളിച്ചെഴുത്തും നയം നിര്‍ദേശിക്കുന്നു.
ദേശീയ വിദ്യാഭ്യാസനയത്തിന് പിന്നില്‍ ദുരദ്ദേശമുണ്ടെന്ന വിമര്‍ശനം കേരളത്തിലെ അധ്യാപക സംഘടനകള്‍ ഉയര്‍ത്തുന്നുണ്ട്. താഴെത്തട്ടിലെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി സംസ്ഥാന തലത്തില്‍ നടന്ന ശില്പശാലകളിലാണ് അധ്യാപകര്‍ ഈ വിമര്‍ശനം ഉന്നയിച്ചത്.

More Citizen News - Thiruvananthapuram